ശമ്പള വര്‍ധനവ് പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ മാത്രം: ശമ്പള കമ്മീഷന്‍

ന്യൂഡല്‍ഹി: ഔദ്യോഗിക ജോലിയില്‍ അലസത കാണിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള വര്‍ധന അനുവദിക്കരുതെന്ന് ഏഴാം ശമ്പളകമ്മീഷന്‍ ശുപാര്‍ശ. ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ മാത്രമെ ശമ്പള വര്‍ധനയടക്കമുള്ള ആനുകൂല്യങ്ങള്‍ അനുവദിക്കാവൂവെന്നാണ് കമ്മീഷന്‍ കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നത്. കൃത്യനിര്‍വഹണത്തില്‍ അലസത കാണിക്കുന്നവര്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തിയാല്‍ അവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാം. അല്ലെങ്കില്‍ സ്വമേധയാ വിരമിക്കാനുള്ള അവസരം നല്‍കണമെന്നാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നത്.
ജീവനക്കാരുടെ സര്‍വീസ് കാലയളവ് പരിഗണിച്ച് ആനുകൂല്യങ്ങളും ഉദ്യോഗക്കയറ്റവും താനെ ലഭിക്കുമെന്നാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ധാരണ. ഇതിന് പകരമായി സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ പിആര്‍പി (പെര്‍ഫോമന്‍സ് റിലേറ്റ്ഡ് പേ) സംവിധാനം കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ വിഭാഗങ്ങിളിലും നടപ്പാക്കണമെന്നാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന ശുപാര്‍ശ. നല്ലത്, വളരെ നല്ലത് എന്ന രീതി അടിസ്ഥാനമാക്കി ഉദ്യോഗസ്ഥരുടെ പ്രകടനം വിലയിരുത്തണം. നിശ്ചിത കാലയളവില്‍ സര്‍വീസില്‍ ഇരുന്നാല്‍ ഉദ്യോഗക്കയറ്റം നല്‍കുന്ന രീതിയെ (എംഎസിപി) കമ്മീഷന്‍ എതിര്‍ക്കുന്നുണ്ട്. നിലവില്‍ 10, 20, 30 വര്‍ഷം ജോലി ചെയ്താല്‍ സ്ഥാനക്കയറ്റം ലഭിക്കുന്നുണ്ട്. എംഎസിപി അനുവദിക്കുന്നതിന് മുമ്പ് വകുപ്പ് തല പരീക്ഷ, നിര്‍ബന്ധിത പരിശീലനം പോലെയുളള കര്‍ശന മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണം. നിശ്ചിത മാ—നദണ്ഡങ്ങള്‍ പാലിക്കിത്താവര്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പറ്റുന്നതിനോട് യോജിക്കാനാവില്ല. ഇത്തരക്കാര്‍ക്ക് സര്‍വീസില്‍ പ്രവേശിച്ച് 20 വര്‍ഷത്തേക്ക് ഉദ്യോഗക്കയറ്റം നല്‍കരുത്. സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവര്‍ത്തന മികവ് ശരാശരിയില്‍ നിന്ന് ഉയര്‍ത്താന്‍ ഈ നടപടികള്‍ കൊണ്ട് സാധിക്കുമെന്നാണ് കമ്മീഷന്‍ വിലയിരുത്തല്‍. ഇവ നടപ്പില്‍ വരുന്നതോടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഔദ്യോഗിക കൃത്യനിര്‍വഹണം കാര്യക്ഷമമായി നടത്താന്‍ നിര്‍ബന്ധിതരാവുമെന്നാണ് കമ്മീഷന്‍ പ്രതീക്ഷിക്കുന്നത്.
അതേസമയം, ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ ഈ നടപടികള്‍ക്ക് സാധിക്കുമെങ്കിലും, ഇത് ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്കുള്ള ഒരു ശിക്ഷാ നടപടിയല്ലാത്തതിനാല്‍, ആനുകൂല്യങ്ങള്‍ തടഞ്ഞുവയ്ക്കുന്ന ജീവനക്കാര്‍ക്കെതിരെ മറ്റു ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്നാണ് സൂചന.
Next Story

RELATED STORIES

Share it