ശമ്പള പരിഷ്‌കരണം: റവന്യൂ വരുമാനത്തിന്റെ 80 ശതമാനം വിനിയോഗിക്കും

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്‌കരണം പ്രാബല്യത്തിലാവുമ്പോള്‍ സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിന്റെ 80 ശതമാനവും ശമ്പളത്തിനും പെന്‍ഷനും പലിശയ്ക്കുമായി വിനിയോഗിക്കേണ്ടിവരുമെന്ന് കണക്കുകള്‍. അധിക ബാധ്യതയുണ്ടാവുമ്പോള്‍ വരുമാനം കൂട്ടുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
നിലവില്‍ 61 മുതല്‍ 65 ശതമാനം വരെയാണ് ഈ ചെലവുകള്‍ക്കായി വിനിയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇതില്‍ ഏകദേശം 15 മുതല്‍ 19 ശതമാനത്തിന്റെ വരെ വര്‍ധനയുണ്ടാവുമെന്നാണ് ധനകാര്യവകുപ്പിന്റെ കണക്കുകൂട്ടല്‍. 7,222 കോടിയുടെ അധിക ബാധ്യതയാണ് ഇതുണ്ടാക്കുക.
ശമ്പളപരിഷ്‌കരണ കമ്മീഷന്‍ കണക്കാക്കിയ ബാധ്യത 5,277 കോടി രൂപയുടേതായിരുന്നു. കഴിഞ്ഞ ശമ്പള പരിഷ്‌കരണ കമ്മീഷന്‍ അധിക ബാധ്യതയായി കണക്കാക്കിയിരുന്നത് 1,965 കോടിയായിരുന്നെങ്കിലും യഥാര്‍ഥ അധികബാധ്യത അതിന്റെ 2.23 മടങ്ങായ 4,377 കോടിയായി. എട്ടാം ശമ്പള പരിഷ്‌കരണത്തില്‍ രണ്ടിരട്ടിയും ഏഴാം പരിഷ്‌കരണത്തില്‍ 1.92 ഇരട്ടിയുമായിരുന്നു. മുന്‍ പരിഷ്‌കരണങ്ങളിലെ വര്‍ധനവിന്റെ ശരാശരി തോത് അനുസരിച്ച് പുതിയ പരിഷ്‌കരണത്തിന്റെ ബാധ്യത 10,767 കോടി രൂപ ആവുമെന്നായിരുന്നു പ്രാഥമിക വിലയിരുത്തല്‍.
ധനകാര്യവകുപ്പിന്റെ സൂക്ഷ്മപരിശോധനയില്‍ ശമ്പള പരിഷ്‌കരണത്തിന്റെ അധിക ബാധ്യത 8,122 കോടി ആവുമെന്ന് കണക്കാക്കിയിരിക്കുന്നു. ഒടുവില്‍ സ്വീകരിച്ച മൂന്ന് മാറ്റങ്ങളിലൂടെ ഈ അധിക ബാധ്യതയുടെ തോതില്‍ 900 കോടിയുടെ കുറവ് വരുത്തിയിട്ടുണ്ട്. അതിന്‍പ്രകാരം അധികബാധ്യത 7,222 കോടി രൂപയാവുമെന്നാണ് കണക്ക്.
Next Story

RELATED STORIES

Share it