ശമ്പള പരിഷ്‌കരണം ജനുവരി അവസാനം: മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. ശമ്പളപരിഷ്‌കരണം വൈകിയെന്ന് ആരോപിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ 2011ല്‍ ശമ്പളപരിഷ്‌കരണം നടപ്പാക്കിയത് ഫെബ്രുവരി 26നാണ്. യുഡിഎഫ് സര്‍ക്കാര്‍ അതിനു മുമ്പുതന്നെ പുതുക്കിയ ശമ്പളം നല്‍കും.
ശമ്പളപരിഷ്‌കരണം നടപ്പാക്കുന്നതിന് ജീവനക്കാര്‍ക്ക് സമരം ചെയ്യേണ്ടിവരില്ല. സമയബന്ധിതമായി തന്നെ ശമ്പളപരിഷ്‌കരണം നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 2005ല്‍ ശമ്പളപരിഷ്‌കരണ നടപടികള്‍ പൂര്‍ത്തിയാവുന്നതിനിടെയാണ് തിരഞ്ഞെടുപ്പു പ്രഖ്യാപനം വന്നത്. എന്നിട്ടും ഹൈക്കോടതിയുടെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും അനുമതിയോടെ മാര്‍ച്ചില്‍ തന്നെ ശമ്പളപരിഷ്‌കരണം നടപ്പാക്കി.
2001ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ട്രഷറി കാലിയായിരുന്നു. ശമ്പളം കൊടുക്കാന്‍ പോലും ബുദ്ധിമുട്ടുണ്ടായിരുന്ന സാഹചര്യത്തിലാണ് എ കെ ആന്റണി സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങളില്‍ ചില നിയന്ത്രണങ്ങള്‍ വരുത്തിയത്. നില മെച്ചപ്പെട്ടപ്പോള്‍ ആ സര്‍ക്കാര്‍ തന്നെ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ തിരിച്ചുനല്‍കി.
പങ്കാളിത്ത പെന്‍ഷനെന്ന ആശയം ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളും അംഗീകരിച്ച സാഹചര്യത്തിലാണ് സംസ്ഥാനവും അത് നടപ്പാക്കാന്‍ തീരുമാനിച്ചത്. നിലവിലെ സാഹചര്യത്തില്‍ മുന്നോട്ടുപോയാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ ശമ്പളച്ചെലവിനേക്കാള്‍ പെന്‍ഷന്‍ ചെലവ് അധികരിക്കും. ഇത്തരത്തില്‍ 15 വര്‍ഷം കഴിയുമ്പോള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം തന്നെ ബുദ്ധിമുട്ടിലാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.
ശമ്പളപരിഷ്‌കരണ റിപോര്‍ട്ട് അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് നോട്ടീസ് നല്‍കിയ എ കെ ബാലന്‍ ആരോപിച്ചു. ശമ്പളമല്ല, ഭരണം പരിഷ്‌കരിക്കുന്ന ശുപാര്‍ശകളാണ് കമ്മീഷന്‍ നല്‍കുന്നതെന്നും ബാലന്‍ കുറ്റപ്പെടുത്തി.

Next Story

RELATED STORIES

Share it