ശമ്പള പരിഷ്‌കരണം ഉടനെ നടപ്പാക്കണമെന്ന ആവശ്യം: 12നു ജീവനക്കാരുടെ പണിമുടക്ക്; ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം ഉടനെ നടപ്പാക്കുക, തസ്തിക വെട്ടിക്കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഈ മാസം 12നു പണിമുടക്കും. ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സിന്റെയും അധ്യാപക-സര്‍വീസ് സംഘടനാ സമരസമിതിയുടെയും നേതൃത്വത്തിലാണ് പണിമുടക്ക്.
അതേസമയം, 12ലെ പണിമുടക്കില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡയസ്‌നോണ്‍ ബാധകമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. സമരദിവസത്തെ വേതനം ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ നിന്നു തടഞ്ഞുവയ്ക്കും. ഗസറ്റഡ് ഓഫിസര്‍മാര്‍ ഫെബ്രുവരി മാസത്തെ പേ ബില്ലില്‍ അവര്‍ ഈ ദിവസം ജോലിക്ക് ഹാജരായിട്ടുണ്ടെന്ന് സാക്ഷ്യപ്പെടുത്തി നല്‍കണം. പ്രിന്‍സിപ്പല്‍ സെക്രട്ടറി, സെക്രട്ടറി, സ്‌പെഷ്യല്‍ സെക്രട്ടറി, വകുപ്പു തലവന്‍, ജില്ലാ കലക്ടര്‍, ജുഡീഷ്യല്‍ ഉദ്യോഗസ്ഥന്‍, പോലിസ് സേനയിലെ എക്‌സിക്യൂട്ടിവ് ഓഫിസര്‍, അഖിലേന്ത്യാ സര്‍വീസ് ഓഫിസര്‍ തുടങ്ങിയ തസ്തികകളിലുള്ളവര്‍ പേ ബില്ലില്‍ ഇപ്രകാരം സാക്ഷ്യപ്പെടുത്തേണ്ടതില്ല.
സമരദിവസം അനുമതിയില്ലാതെ ജോലിക്കു ഹാജരാവാതിരിക്കുന്ന താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടും. സമരമുണ്ടാവുകയാണെങ്കില്‍ അന്നേദിവസം രാവിലെ 10.30നു മുമ്പ് വകുപ്പു തലവന്‍മാര്‍ ആകെ ജീവനക്കാരുടെ പൊതുവിവരം, ജോലിക്ക് ഹാജരായവര്‍, അനധികൃതമായി ജോലിക്കു ഹാജരാകാത്തവര്‍ എന്നിവരുടെ എണ്ണം, ലഭിച്ച അവധിയപേക്ഷകളുടെ എണ്ണം എന്നിവ കാണിച്ച് പൊതുഭരണവകുപ്പിനെ (സീക്രട്ട് സെക്ഷന്‍) ഫോണിലൂടെ വിവരമറിയിക്കണം. പണിമുടക്കു ദിവസം ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പ്രത്യേക സാഹചര്യങ്ങളിലൊഴികെ ഒരു തരത്തിലുള്ള അവധിയും അനുവദിക്കില്ല.
Next Story

RELATED STORIES

Share it