Editorial

ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും 16 ശതമാനം ഉയര്‍ത്തണമെന്ന ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശ 2016 ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരുകയാണ്. ചുരുങ്ങിയ അടിസ്ഥാന ശമ്പളം 18,000 രൂപയായും ഉയര്‍ന്ന ശമ്പളം രണ്ടേകാല്‍ ലക്ഷം രൂപയായുമാണ് നിജപ്പെടുത്തിയിട്ടുള്ളത്. മൊത്തത്തില്‍ അലവന്‍സുകള്‍ ഉള്‍പ്പെടെ 23.55 ശതമാനമാണ് വര്‍ധന. ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട വേതനവ്യവസ്ഥകള്‍ ഉറപ്പുവരുത്തുന്ന ശുപാര്‍ശകളാണ് ഉണ്ടായിട്ടുള്ളത്. ഉദ്യോഗസ്ഥര്‍ സാമാന്യേന ഈ ശുപാര്‍ശകളെ സര്‍വാത്മനാ സ്വാഗതം ചെയ്യാനാണ് സാധ്യത.
ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട ശമ്പളം നല്‍കുകയും സേവനവ്യവസ്ഥകള്‍ ഉദാരമാക്കുകയും ചെയ്യുക എന്നത് പരിഷ്‌കൃത സമൂഹത്തില്‍ അംഗീകരിക്കപ്പെട്ട ഒരു വസ്തുതയാണ്. പണിയെടുക്കുന്നവര്‍ക്ക് നല്ല ശമ്പളവും മികച്ച ജീവിതസൗകര്യവും ഒരുക്കിക്കൊടുക്കുന്നതില്‍ പഴയ കാലത്ത് ഭരണകര്‍ത്താക്കള്‍ക്ക് വലിയ താല്‍പര്യമുണ്ടായിരുന്നില്ല. അടിമപ്പണിയില്‍ നിന്നു മാന്യമായ സേവനവേതന വ്യവസ്ഥകളിലേക്കുള്ള മാറ്റം മനുഷ്യ പുരോഗതിയുടെ ഭാഗമായി സംഭവിച്ചതാണ്. മതങ്ങളും പരിഷ്‌കരണ പ്രസ്ഥാനങ്ങളും തൊഴിലാളിവര്‍ഗത്തിന്റെ പ്രക്ഷോഭസമരങ്ങളുമെല്ലാം അതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍ തൊഴില്‍നിയമങ്ങള്‍ പല തരത്തില്‍ നിലവില്‍ വന്നു. പൊതുഭരണം കാര്യക്ഷമമാക്കുക എന്നതിനോടൊപ്പം പണിയെടുക്കുന്നവര്‍ക്ക് നല്ല ശമ്പളവും സേവന സാഹചര്യവും ഉറപ്പുവരുത്തുക എന്നതും പ്രധാനമായി. അതിന്റെ ഭാഗമായാണ് ഇന്ത്യയിലും പൊതുഭരണ സംവിധാനത്തിന്റെ ഭാഗമായി ശമ്പള പരിഷ്‌കരണം നിശ്ചിത വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ഉണ്ടാകുന്നത്. അടുത്ത കാലത്തായി ശമ്പള കമ്മീഷനുകള്‍ വളരെ ഉദാരമായാണുതാനും ചിന്തിക്കുന്നത്. ഈ ഉദാരത ഇപ്പോഴത്തെ ശുപാര്‍ശകളിലും പ്രതിഫലിക്കുന്നു എന്നാണ് പൊതുവികാരം. ജീവനക്കാര്‍ക്ക് ഇനിയും ആവശ്യങ്ങളുണ്ടാവാം. ഉയര്‍ന്ന വിഭാഗങ്ങളില്‍ പെട്ടവര്‍ക്കും താഴ്ന്ന വിഭാഗത്തില്‍ പെട്ടവര്‍ക്കും തമ്മില്‍ ശമ്പള വര്‍ധനവില്‍ സമതുലനമില്ലെന്നും വരാം. പക്ഷേ, സാമാന്യേന സ്വീകാര്യമാണ് ശുപാര്‍ശകള്‍.
ഈ ശമ്പള വര്‍ധന പൊതുഖജനാവിനു മേല്‍ വലിയൊരു ഭാരം അടിച്ചേല്‍പിക്കുന്നുണ്ട്. ഫലത്തില്‍ ഇതു പൊതുജനങ്ങളുടെ തലയ്ക്കു മുകളില്‍ അടിച്ചേല്‍പിക്കുന്ന ഭാരമാണ്. നാട്ടുകാര്‍ നല്‍കുന്ന നികുതിപ്പണം ഉദ്യോഗസ്ഥരെ തീറ്റിപ്പോറ്റാന്‍ ഉപയോഗിക്കുന്നു എന്ന പരാതി പൊതുവേ ജനങ്ങള്‍ക്കിടയില്‍ നിലവിലുണ്ട്. പക്ഷേ, പൊതുഭരണസംവിധാനം കുറ്റമറ്റതും അഴിമതിരഹിതവുമാകണമെങ്കില്‍ സേവനവേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്തിയേ പറ്റൂ. അതേസമയം, തദനുസൃതമായി ഭരണം കാര്യക്ഷമമാക്കിത്തീര്‍ക്കാന്‍ ഉദ്യോഗസ്ഥരും ശ്രമിക്കേണ്ടതുണ്ട്. മികച്ച ശമ്പളം മെച്ചപ്പെട്ട പൊതുജീവിതം ഉറപ്പുവരുത്തുന്നതിനുള്ള ഉപാധിയായിത്തീരണം. ശമ്പള വര്‍ധനയെ കൈയടിച്ചു സ്വീകരിക്കുന്ന ഉദ്യോഗസ്ഥസമൂഹം ഇക്കാര്യവും ഓര്‍ക്കുന്നതു നന്നാവും.
Next Story

RELATED STORIES

Share it