malappuram local

ശമ്പളവും പുതിയ നിയമനവുമില്ല; ആയിരത്തിലധികം എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ ദുരിതത്തില്‍

പൊന്നാനി: അധ്യയനവര്‍ഷം തുടങ്ങുമ്പോള്‍ ശമ്പളവും ജോലിയും ഇല്ലാതെ ആയിരക്കണക്കിന് എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ ദുരിതത്തില്‍. അധ്യാപക ബാങ്കില്‍ ഉള്‍പ്പെടുത്തിയിരുന്ന ആറായിരത്തിലധികം അധ്യാപകരാണ് തസ്തിക നിര്‍ണയം വന്നതോടെ ശമ്പളം ലഭിക്കാതെ വലയുന്നത്.
അതേസമയം, അധ്യാപക ബാങ്ക് വന്നതിന് ശേഷം 2000 അനധികൃത അധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കിയതാണ് പ്രശ്‌നങ്ങളുടെ അടിസ്ഥാനമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 2010 -2011 അധ്യയന വര്‍ഷം വരെ നിയമനം ലഭിച്ചതും കുട്ടികളുടെ കുറവുകൊണ്ട് പോസ്റ്റ് നഷ്ടപ്പെട്ടവരുമായ എയ്ഡഡ് സ്‌കൂള്‍ അധ്യാപകരെയാണ് അധ്യാപക ബാങ്കില്‍ ഉള്‍പ്പെടുത്തിയത്. പീന്നീട് വരുന്ന ഒഴിവുകളില്‍ ബാങ്കില്‍നിന്നുള്ള അധ്യാപകരെ നിയമിക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം. എന്നാല്‍, ഇത് എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ അട്ടിമറിച്ചു.
കഴിഞ്ഞ മൂന്നുവര്‍ഷവും അധ്യാപക ബാങ്കിനെ അവഗണിച്ചുകൊണ്ട് നൂറുകണക്കിന് അധ്യാപകരെ പണം വാങ്ങി നിയമിച്ചു. സാമുദായിക സംഘടനകളുള്‍പ്പെടെയുള്ളവരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി 2000 പുതിയ നിയമനങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരവും നല്‍കി. ഇതോടെ ഒഴിവുവന്ന പോസ്റ്റുകളില്‍ നിയമനവും ശമ്പളവുമില്ലാതെ ബാങ്കിലെ അധ്യാപകര്‍ പെരുവഴിയിലായി. 2015, 16 ലെ തസ്തിക നിര്‍ണ്ണയം വന്നതോടെയാണ് പോസ്റ്റിങ് ഇല്ലാത്തവര്‍ക്ക് ഈ മാസം മുതല്‍ ശമ്പളം നല്‍കേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. അധ്യാപക ബാങ്കിലുള്ളവരെ കരകയറ്റാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യം ശക്തമാകുകയാണ്.
എസ്എസ്എ പോലുള്ള പദ്ധതികള്‍, ഐടി വിഭാഗം എന്നിവിടങ്ങളില്‍ ഇവര്‍ക്ക് നിയമനം നല്‍കണമെന്നാണ് ആവശ്യം. അതേസമയം, തോന്നുംപടി നിയമനം നടത്തുന്ന മാനേജ്‌മെന്റുകള്‍ക്ക് മൂക്കുകയറിടാതെ പ്രശ്‌നത്തിന് പരിഹാരമുണ്ടാവില്ലെന്നും അധ്യാപകര്‍ പറയുന്നു.
Next Story

RELATED STORIES

Share it