wayanad local

ശമ്പളം വെട്ടിക്കുറച്ചെന്ന് പരാതി; കെജിഎംഒഎ പ്രക്ഷോഭത്തിലേക്ക്

കല്‍പ്പറ്റ: പത്താം ശമ്പള പരിഷ്‌കരണ ഉത്തരവില്‍ നിലവിലുള്ള ശമ്പളം വെട്ടിക്കുറച്ചതിനെതിരേ പ്രക്ഷോഭമാരംഭിക്കുമെന്നു കെജിഎംഒഎ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
1980 മുതല്‍ കെജിഎംഒഎ നടത്തിയ നിരവധി അവകാശ സമരങ്ങളിലൂടെ നേടിയെടുത്തതാണ് നിലവിലെ അടിസ്ഥാന ശമ്പളവും അലവന്‍സുകളും. 2006ല്‍ സമരം ചെയ്ത് ലഭിച്ച 3,600 രൂപയുടെ വര്‍ധനവ് 9ാം ശമ്പളപരിഷ്‌കരണ ഉത്തരവില്‍ 2011ല്‍ അടിസ്ഥാന ശമ്പളത്തോട് ലയിപ്പിച്ചിരുന്നു.
ഈ തുക പത്താം ശമ്പള പരിഷ്‌കരണ ഉത്തരവില്‍ വെട്ടിക്കുറച്ചപ്പോള്‍ ഡോക്ടര്‍മാര്‍ക്ക് വിവിധ തസിതികകളില്‍ നിലവിലെ ശമ്പളത്തില്‍ നിന്ന് 4,750 മുതല്‍ 12,400 രൂപ വരെയാണ് നഷ്ടമായത്.
പ്രാഥമിക പൊതുജനാരോഗ്യ സംവിധാനം ശക്തിപ്പെടുത്തുന്നതിന് പരിചയസമ്പന്നരായ മെഡിക്കല്‍ ഓഫിസര്‍മാരുടെ തസ്തികകള്‍ വര്‍ധിപ്പിക്കേണ്ടതുണ്ട്.
സിവില്‍ സര്‍ജന്‍, അസിസ്റ്റന്റ് സര്‍ജന്‍ അനുപാതം 1:3 ആവണമെന്നു ശമ്പളപരിഷ്‌കരണ ഉത്തരവില്‍ പറയുന്നുണ്ടെങ്കിലും നിലവിലെ 1:11 എന്ന സംസ്ഥാനാനുപാതം എങ്ങനെ 1:3 അനുപാതമാക്കാമെന്ന യാതൊരു നിര്‍ദേശവും ഉത്തരവിലില്ല. രോഗികള്‍ക്ക് സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കുന്ന തരത്തില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ അടിസ്ഥാന ശമ്പളത്തില്‍ വര്‍ധന നല്‍കുന്നതിനും സൂപ്പര്‍ സ്‌പെഷ്യാലിറ്റി കേഡര്‍ രൂപീകരിക്കുന്നതിനുമുള്ള കമ്മീഷന്‍ നിര്‍ദേശങ്ങളെ സര്‍ക്കാര്‍ അവഗണിച്ചു.
പത്താം ശമ്പള പരിഷ്‌കരണ ഉത്തരവിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിന് നിരവധി നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഫെബ്രുവരി 29ന് കെജിഎംഒഎയിലെ അംഗങ്ങള്‍ സംസ്ഥാനത്ത് ഒരു മണിക്കൂര്‍ അധികജോലി ചെയ്ത് കരിദിനമാചരിച്ചിരുന്നു.
എന്നാല്‍, യാതൊരു അനുകൂല നടപടികളും ഉണ്ടായിട്ടില്ല. പ്രക്ഷോഭങ്ങളുടെ ഭാഗമായി ഇന്നു സ്വകാര്യ പ്രാക്ടീസ് ഉപേക്ഷിച്ച് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ധര്‍ണ നടത്തും. ജില്ലയില്‍ കല്‍പ്പറ്റയില്‍ ധര്‍ണ നടത്തുമെന്നും പ്രസിഡന്റ് ഡോ. ഇ ബിജോയ്, സെക്രട്ടറി ഡോ. ദാഹര്‍ മഹമൂദ്, ഡോ. ജിതേഷ് അറിയിച്ചു.
Next Story

RELATED STORIES

Share it