ശമ്പളം വെട്ടിക്കുറച്ചതിനെതിരേ കെജിഎംഒഎ: ഡോക്ടര്‍മാര്‍ സമരത്തിലേക്ക്

തിരുവനന്തപുരം: പത്താം ശമ്പളപരിഷ്‌കരണ ഉത്തരവില്‍ സര്‍ക്കാര്‍ ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരുടെ നിലവിലെ അടിസ്ഥാന ശമ്പളം വെട്ടിക്കുറച്ചതടക്കമുള്ള നടപടിയില്‍ പ്രതിഷേധിച്ച് കെജിഎംഒഎ പ്രക്ഷോഭത്തിലേക്ക്. ഏപ്രില്‍ അഞ്ചിന് പ്രാക്ടീസ് ഉപേക്ഷിച്ച് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സായാഹ്ന ധര്‍ണ നടത്തി സമരപ്രഖ്യാപനം നടത്തുമെന്നും കെജിഎംഒഎ അറിയിച്ചു.
അസി. സര്‍ജന്‍, ജൂനിയര്‍ കണ്‍സള്‍ട്ടന്റ്, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫിസര്‍ തസ്തികയില്‍ 4750 രൂപയും അസിസ്റ്റന്റ് ഡയറക്ടര്‍, കണ്‍സള്‍ട്ടന്റ്, സിവില്‍ സര്‍ജന്‍ വിഭാഗത്തില്‍ 10,500 രൂപയും ഡെപ്യൂട്ടി ഡയറക്ടര്‍, സീനിയര്‍ കണ്‍സള്‍ട്ടന്റ് വിഭാഗത്തില്‍ 12,400 രൂപയും ഡിഎച്ച്എസിന് 8,400 രൂപയുമാണ് അടിസ്ഥാന ശമ്പളത്തില്‍ വെട്ടിക്കുറച്ചത്. സിവില്‍ സര്‍ജന്‍, അസി. സര്‍ജന്‍ അനുപാതം 1:3 ആക്കണമെന്ന് ഉത്തരവില്‍ പറയുന്നുണ്ടെങ്കിലും സിവില്‍ സര്‍ജന്‍ തസ്തികകള്‍ വര്‍ധിപ്പിക്കാനുള്ള യാതൊരു നടപടികളുമില്ല. സ്‌പെഷ്യലിസ്റ്റിനു ശമ്പള വര്‍ധനവ് നല്‍കണമെന്നും സൂപ്പര്‍ സ്‌പെഷ്യാലിറ്റി കേഡര്‍ രൂപീകരിക്കണമെന്നമുള്ള ശമ്പളപരിഷ്‌കരണ നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ കാറ്റില്‍ പറത്തിയത്.
15ാം തിയ്യതി കഴിഞ്ഞിട്ടും സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ക്ക് ശമ്പളം കിട്ടിയിട്ടില്ലെന്നും എസ്ഡിഒ സിസ്റ്റം പുനസ്ഥാപിക്കണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ഡോ. വി മധു അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഡോ. എ കെ റഊഫ്, ട്രഷറര്‍ ഡോ. ജ്യോതിലാല്‍, മാനേജിങ് എഡിറ്റര്‍ ഡോ. വി അനില്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. രമേഷ്, അഡ്വ. വാമന്‍കുമാര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it