ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധവുമായി ഡിജിപിമാര്‍

തിരുവനന്തപുരം: ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധവുമായി ഡിജിപിമാര്‍ രംഗത്ത്. കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കാത്ത തസ്തികകളില്‍ നിയമനം നല്‍കിയ ഡിജിപിമാരായ ലോക്‌നാഥ് ബെഹ്‌റയുടെയും ഋഷിരാജ് സിങിന്റെയും ശമ്പളമാണ് അക്കൗണ്ടന്റ് ജനറല്‍ തടഞ്ഞത്.
താല്‍ക്കാലിക പേ സ്ലിപ്പ് കൈപ്പറ്റാനും ഡിജിപിമാര്‍ തയ്യാറായിട്ടില്ല. കേന്ദ്രം അംഗീകരിക്കാത്ത ഡിജിപി തസ്തികകളിലേക്ക് നിയമനം നല്‍കിയാല്‍ ഇതേ റാങ്കിലുള്ള ശമ്പളം ലഭിക്കില്ലെന്ന പരാതി ഋഷിരാജ് സിങും ലോക്‌നാഥ് ബെഹ്‌റയും നേരത്തേ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഡിജിപിക്ക് നല്‍കേണ്ട കേഡര്‍ തസ്തികയായ വിജിലന്‍സ് ഡയറക്ടറുടെ കസേര എഡിജിപിക്ക് നല്‍കിയ ശേഷമാണ് ഡിപിജിമാരെ മാറ്റി നിയമിച്ചത്. ഇതിനെതിരേ ഡിജിപിമാര്‍ അവധിയെടുത്ത് പ്രതിഷേധിച്ചിരുന്നു. വിജിലന്‍സ് ഡയറക്ടറായി ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിച്ച് പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ഡിജിപിമാര്‍ക്ക് ശമ്പളം ലഭിക്കാത്ത സാഹചര്യമുണ്ടാവുമെന്ന് ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും സര്‍ക്കാരിനു റിപോര്‍ട്ട് നല്‍കിയിരുന്നു.
എന്നാല്‍, തിരുമാനം മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ശമ്പളം മുടങ്ങുന്ന സാഹചര്യമുണ്ടായാല്‍ ഇതിന് പരിഹാരം കണ്ടെത്തുമെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. താല്‍ക്കാലിക സ്ലിപ്പ് കൈപ്പറ്റിയാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുമ്പോള്‍ ഡിജിപിമാര്‍ക്ക് ശമ്പളം ലഭിക്കും. പക്ഷേ, ഈ സ്ലിപ്പ് കൈപ്പറ്റുന്നത് ഭാവിയില്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും സര്‍ക്കാര്‍ എല്ലാം പരിഹരിക്കുന്നതുവരെ കാത്തിരിക്കാമെന്നുമാണ് ഡിജിപിമാരുടെ നിലപാട്. ഡിജിപിമാര്‍ക്ക് ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് പേ സ്ലിപ്പ് ഇനിമുതല്‍ സര്‍ക്കാര്‍ നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനമെടുത്തിരുന്നു.
അക്കൗണ്ടന്റ് ജനറലിനെ ഒഴിവാക്കി ധനവകുപ്പ് നേരിട്ട് ശമ്പളസ്ലിപ്പ് നല്‍കുന്ന നടപടികള്‍ ഇനിയും വൈകാനാണ് സാധ്യത. അതിനാല്‍, ഡിജിപിമാര്‍ക്ക് മുടങ്ങിയ ശമ്പളം ഉടന്‍ ലഭിക്കാനിടിയില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
Next Story

RELATED STORIES

Share it