Flash News

ശബ്ദമില്ലാത്ത ലോകത്ത് വാചാലമായി അവര്‍ ഒത്തുകൂടുന്നു

ശബ്ദമില്ലാത്ത ലോകത്ത് വാചാലമായി അവര്‍ ഒത്തുകൂടുന്നു
X
deaf
എം ടി പി റഫീക്ക്

ദോഹ: വിധിയെ പഴിച്ച് ഉള്‍വലിയുന്നതിന് പകരം ഖത്തറില്‍ തങ്ങളുടേതായ ഒരു പുതുലോകം സൃഷ്ടിക്കുകയാണ് കേള്‍വി ശക്തിയും സംസാര ശേഷിയുമില്ലാത്ത ഒരു കൂട്ടം മലയാളി ചെറുപ്പക്കാര്‍. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അന്നം തേടി ഇവിടെയെത്തിയ അവര്‍ ആഴ്ച തോറും ഒത്തു കൂടുന്നു. നേടിയ അറിവുകളും അനുഭവങ്ങളും നിശ്ശബ്ദമായി പങ്കുവയ്ക്കുന്നു. ആത്മീയ ഉണര്‍വ് പകരുന്ന ഉപദേശങ്ങള്‍ കൈമാറുന്നു. എപ്പോഴും ചുണ്ടിലൊരു പുഞ്ചിരി സൂക്ഷിക്കുന്ന പാനൂര്‍ സ്വദേശി നിസാറാണ് ഇവരുടെ നായകന്‍. ഈ 15ഓളം ചെറുപ്പക്കാര്‍ക്ക് ആഴ്ച തോറും ഒത്തു കൂടുന്നതിന് ഇപ്പോള്‍ ഖത്തര്‍ ഗസ്റ്റ് സെന്റര്‍ താല്‍ക്കാലിക സൗകര്യമൊരുക്കിയിട്ടുണ്ട്.
മിക്കവരും നാട്ടില്‍ വച്ചു തന്നെ പരിചയമുള്ളവരാണ്.
പഠിക്കുന്ന സമയത്തും കളിക്കിടയിലും യാത്രകളിലും പരിചയപ്പെട്ട അവര്‍ നാട്ടില്‍ ഒരു കൂട്ടായ്മയായി മാറുകയായിരുന്നു. ഇവര്‍ തന്നെ മുന്‍കൈയെടുത്ത് കുറ്റിയാടിയിലെ വാടക കെട്ടിടത്തില്‍ സ്വന്തമായി കള്‍ച്ചറല്‍ സെന്റര്‍ ഓഫ് ഡഫ് എന്ന പേരില്‍ ഒരു കേന്ദ്രവും സജ്ജീകരിച്ചിട്ടുണ്ട്.
17 വയസു മുതല്‍ 35 വയസുവരെയുള്ള 60ഓളം പുരുഷന്മാരും 25ഓളം സ്ത്രീകളും ഇവിടെ സ്ഥിരമായി ഒത്തുകൂടാറുണ്ട്. സാംസ്‌കാരിക പരിപാടികളും ഇസ്‌ലാമിക പഠന ക്ലാസുകളുമൊക്കെയായി അവര്‍ തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കുകയും അറിവ് പങ്കു വയ്ക്കുകയും ചെയ്യുന്നു.
മാസം 7000 രൂപയാണ് ഈ സെന്ററിന്റെ വാടക. പരിപാടികള്‍ നടക്കുമ്പോള്‍ ഭക്ഷണത്തിനും മറ്റ് ചെലവുകള്‍ക്കുമായി 5000 രൂപ വേറെയും കാണണം. ഖത്തറില്‍ ജോലി ചെയ്യുന്ന ചെറുപ്പക്കാര്‍ തങ്ങളുടെ തുഛമായ വരുമാനത്തില്‍ നിന്ന് ഒരു പങ്ക് നല്‍കിയാണ് ഇത് നടത്തിക്കൊണ്ടു പോവുന്നതെന്ന് നിസാര്‍ ഗള്‍ഫ് തേജസിനോട് പറഞ്ഞു. പലപ്പോഴും പണം കണ്ടെത്താന്‍ പ്രയാസപ്പെടാറുണ്ട്. സെന്ററിന് ഒരു സ്‌പോണ്‍സറെ കണ്ടെത്താനായാല്‍ അത് വലിയ അനുഗ്രഹമായിരിക്കുമെന്നും നിസാര്‍ കൂട്ടിച്ചേര്‍ത്തു.
ഫിഷ് മാര്‍ക്കറ്റില്‍ ലോഡിങ്, ബേക്കറിയില്‍ കേക്ക് ഡിസൈനിങ്, ഓഫിസ് ബോയ്, സെയില്‍സ്മാന്‍, ഡാറ്റ എന്‍ട്രി തുടങ്ങി വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ ഖത്തറിലെ കൂട്ടായ്മയിലുണ്ട്. സഹോദരങ്ങളോടൊപ്പം ഉരീദു റീചാര്‍ജ് കാര്‍ഡ്, മുട്ട, സിഗരറ്റ് മുതലായവ കടകളില്‍ വിതരണം ചെയ്യുന്ന ജോലിയാണ് നിസാറിന്. കടലാസില്‍ എഴുതിയും മൊബൈലില്‍ ടൈപ്പ് ചെയ്തും മനസ്സിലാവുന്ന ആംഗ്യത്തിലൂടെയുമാണ് ജോലിക്കിടയില്‍ മറ്റുള്ളവരോട് ആശയ വിനിമയം നടത്തുന്നതെന്ന് നിസാര്‍ പറഞ്ഞു. സ്ഥിരമായി കാണുന്നവര്‍ക്ക് ക്രമേണ സൈന്‍ ലാംഗ്വേജിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ച് കൊടുക്കും. അതോടെ കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമാവും.
ചാനലുകളിലെ സ്‌ക്രോള്‍ ന്യൂസ് നോക്കിയും പത്രങ്ങളിലെ പ്രധാന തലക്കെട്ടുകള്‍ വായിച്ചും നാട്ടില്‍ നടക്കുന്ന ചലനങ്ങളും ഇപ്പോള്‍ തിരഞ്ഞെടുപ്പ് വിശേഷങ്ങളുമൊക്കെ അറിയാറുണ്ടെന്ന് നിസാര്‍ പറഞ്ഞു. ചാനലുകളില്‍ ബധിരര്‍ക്കുള്ള പ്രത്യേക വാര്‍ത്തയും ആശ്രയമാണ്.
ഖത്തറില്‍ ഒത്തു കൂടുന്നതിന് പ്രൊജക്ടറും ലൈബ്രറിയുമൊക്കെയുള്ള ഒരു സ്ഥിരം കേന്ദ്രം വേണമെന്ന ആഗ്രഹത്തിലാണ് തങ്ങളെന്ന് നിസാര്‍ പറഞ്ഞു. അതോടൊപ്പം കുറ്റിയാടി സെന്ററിലും ലൈബ്രറിയും എഴുതാന്‍ സൗകര്യത്തോടെയുള്ള ഇരിപ്പിടങ്ങളുമൊക്കെ സജ്ജീകരിക്കണമെന്നുണ്ട്. കുറ്റിയാടിയിലെ സെന്ററില്‍ ഇപ്പോള്‍ ആവശ്യത്തിന് ഫാന്‍ പോലുമില്ല. ആശയ വിനിമയം ഒരു തടസ്സമായതിനാല്‍ പലപ്പോഴും ഇത് മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിക്കാന്‍ പ്രയാസപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കേള്‍വിയും സംസാര ശേഷിയും ഇല്ലാത്തതില്‍ വിഷമം തോന്നാറുണ്ടോ എന്ന ചോദ്യത്തിന്, കാഴ്ചയും ചലന ശേഷിയുമുണ്ടല്ലോ അതില്‍ സന്തോഷിക്കുകയും അല്ലാഹുവിന് നന്ദി കാണിക്കുകയുമല്ലേ വേണ്ടത് എന്നായിരുന്നു നിസാറിന്റെ ആംഗ്യഭാഷയിലുള്ള മറുപടി. [related]
Next Story

RELATED STORIES

Share it