ശബരിമല സ്ത്രീ പ്രവേശനം: ഹരജിക്കാര്‍ പിന്‍മാറിയാലും കേസ് തുടരും

ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കിയ അഭിഭാഷകസംഘടനാ നേതാവിനു നേരെ വധഭീഷണി ഉയര്‍ന്നതോടെ ശക്തമായ നിലപാടുമായി സുപ്രിംകോടതി. പരാതിക്കാരന്‍ ഹരജി പിന്‍വലിച്ചാലും കേസുമായി മുന്നോട്ടുപോവും. വധഭീഷണിയുയര്‍ന്നത് ഗൗരവമായെടുക്കുമെന്നും സുപ്രിംകോടതി വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ ഹരജി നല്‍കിയ ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ അധ്യക്ഷനായ ഉത്തര്‍പ്രദേശ് സ്വദേശി നൗഷാദ് അഹ്മദ് ഖാനു നേരെ വധഭീഷണി ഉയര്‍ന്നത് ബാര്‍ അസോസിയേഷന്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് സുപ്രിംകോടതിയുടെ പ്രതികരണം. കേസില്‍നിന്ന് ഹരജിക്കാരന്‍ പിന്മാറുന്ന സാഹചര്യമുണ്ടായാലും കേസ് തുടരും. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയെ അമിക്കസ്‌ക്യൂറിയായി നിയമിക്കുമെന്നും ജസ്റ്റിസുമാരായ ദീപക് മിശ്രയും എന്‍ വി രമണയും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.ഒരു പൊതുതാല്‍പര്യഹരജി  കോടതി പരിഗണിച്ചാല്‍ പിന്നീടത് പിന്‍വലിക്കാന്‍ സാധിക്കില്ല. സ്ത്രീകളുടെ പ്രവേശനം സംബന്ധിച്ച വിശ്വാസപരമായ കാര്യങ്ങളല്ല കോടതി പരിശോധിക്കുന്നത്, ഭരണഘടനാപരമായ വിഷയങ്ങളാണെന്നും ബെഞ്ച് വ്യക്തമാക്കി. തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും.വധഭീഷണി അടക്കമുള്ള 500ല്‍ അധികം സന്ദേശങ്ങളാണ് ഫോണ്‍, ഇ-മെയില്‍ വഴി നൗഷാദിന് ലഭിച്ചതെന്ന് ബാര്‍ അസോസിയേഷന്‍ കോടതിയെ അറിയിച്ചു. ഹൈന്ദവ മതവിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കാനാണ് നൗഷാദ് ഹരജി സമര്‍പ്പിച്ചതെന്നാണ് ഭീഷണിസന്ദേശങ്ങളില്‍ പറയുന്നത്.
Next Story

RELATED STORIES

Share it