ശബരിമല: സ്ത്രീപ്രവേശനം പാടില്ലെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: പത്തിനും 50നും മധ്യേ പ്രായമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ പാടില്ലെന്നും ഇതാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാടെന്നും പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍.
നൈഷ്ഠിക ബ്രഹ്മചാരിയായ ശബരിമല ശ്രീഅയ്യപ്പന്റെ പാരമ്പര്യ ആചാരങ്ങളും അനുഷ്ഠാനങ്ങളും തടസ്സംകൂടാതെ പരിപാലിക്കണമെന്നും പരിരക്ഷിക്കണമെന്നും ബോര്‍ഡിനു നിര്‍ബന്ധമുണ്ട്. ഹൈന്ദവ ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങളെയും കീഴ്‌വഴക്കങ്ങളെയും ചോദ്യംചെയ്യുന്ന തരത്തില്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് ഉണ്ടാവുന്ന നീക്കങ്ങളെ നിരുല്‍സാഹപ്പെടുത്തണമെന്നാണ് ഭക്തസമൂഹത്തിന്റെ ആഗ്രഹം. ഈ വിഷയത്തില്‍ ഹൈന്ദവ സമൂഹത്തിന്റെ അഭിപ്രായങ്ങള്‍ പരിഗണിക്കുന്നതിനായി വിപുലമായ യോഗങ്ങള്‍ വിളിക്കാന്‍ ബോര്‍ഡ് തീരുമാനിച്ചതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്തെ പ്രധാന ദേവസ്വം ബോര്‍ഡ് പ്രതിനിധികളുടെ യോഗം 22നു രാവിലെ 11ന് തൈക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ ചേരും. അഭിപ്രായ രൂപീകരണത്തിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിലെ തന്ത്രിമാരുടെ യോഗം നന്തന്‍കോട് ദേവസ്വം സുമംഗലി ഓഡിറ്റോറിയത്തില്‍ അന്ന് ഉച്ചയ്ക്കു രണ്ടിന് നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയില്‍ പത്തിനും 50നും മധ്യേ പ്രായമുള്ള സ്ത്രീകള്‍ക്ക് ദര്‍ശനസൗകര്യം വേണമെന്ന ആവശ്യം ഉയര്‍ന്ന സാഹചര്യത്തില്‍ ഈ വിഷയത്തില്‍ അഭിപ്രായം രൂപീകരിക്കാനായി വിവിധതലത്തിലുള്ള വിദഗ്ധരുടെ പഠനശിബിരം നടത്തും. ഇതിനൊപ്പം അയ്യപ്പസേവാ സംഘടനാ പ്രതിനിധികളുടെ യോഗവും വിളിച്ചുചേര്‍ക്കും. ശബരിമലയിലെ സ്ത്രീപ്രവേശനം ആവശ്യ—പ്പെടുന്നവര്‍ക്ക് മാനസാന്തരം വരുന്നതിനായി ശിവരാത്രി ദിനത്തില്‍ ദീപാരാധാനയ്ക്കു ശേഷം ദേവസ്വം ബോര്‍ഡിന്റെ ഉള്‍പ്പെടെ എല്ലാ ക്ഷേത്രങ്ങളിലും ഭക്തരുടെ പ്രാര്‍ഥനായജ്ഞം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഹൈന്ദവ ഏകീകരണമാണ് ദേവസ്വം ബോര്‍ഡ് ലക്ഷ്യമിടുന്നത്. മന്നത്ത് പത്മനാഭന്‍ പ്രസിഡന്റും ആര്‍ ശങ്കര്‍ അംഗവുമായ പ്രഥമ ബോര്‍ഡ് തന്നെ ഏകീകരണത്തിനായി ശ്രമിച്ചതാണ്. എന്നാല്‍, ഇതേവരെ ഏകീകരണം പൂര്‍ത്തിയാക്കാനായിട്ടില്ല. ജാതീയ ഏകീകരണത്തിനുള്ള പരിമിതി നേരത്തെ ബോധ്യപ്പെട്ടതാണ്. ഈ സാഹചര്യത്തില്‍ ജാതീയ ഐക്യത്തിലുപരി രാഷ്ട്രീയ ഹൈന്ദവ ഏകീകരണമാണു ലക്ഷ്യം. ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ മതപഠനശാലകള്‍ ആരംഭിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കൈവശമുള്ള ഭൂമി അന്യാധീനപ്പെടുത്തുന്നതു തടയും. പീരുമേട്ടിലെ പാഞ്ചാലിമേട് ക്ഷേത്രത്തോടനുബന്ധിച്ചുള്ള 269 ഏക്കര്‍ സ്ഥലം ബോര്‍ഡിന്റെതാണ്. ഇവിടെ ഗുരുകുല വിദ്യാലയം സ്ഥാപിക്കുമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it