ശബരിമല വരുമാനത്തില്‍ 15 കോടിയുടെ കുറവ്

കൊല്ലം: ഇതുവരെയുള്ള കണക്കുപ്രകാരം ശബരിമലയിലെ വരുമാനത്തില്‍ 15 കോടിയുടെ കുറവുണ്ടായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. 103 കോടിയാണ് ഇതുവരെയുള്ള വരുമാനം. കഴിഞ്ഞ സീസണില്‍ ഇതേസമയത്ത് 118 കോടിയായിരുന്നു വരുമാനം.
തമിഴ്‌നാട്ടിലെ മഴക്കെടുതികള്‍ ഭക്തരുടെ വരവിനെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലയ്ക്കലില്‍ പാര്‍ക്കിങിനും മറ്റുമായി നല്‍കുന്ന അഞ്ചേക്കര്‍ സ്ഥലത്തിനു പകരമായി കര്‍ണാടകയിലും തെലങ്കാനയിലും സ്ഥലം നല്‍കാമെന്ന് അതത് സര്‍ക്കാരുകള്‍ അറിയിച്ചിട്ടുണ്ട്. കര്‍ണാടക സര്‍ക്കാര്‍ മൂകാംബികയിലും തെലങ്കാന സര്‍ക്കാര്‍ ഭദ്രാജല ക്ഷേത്രത്തിനു സമീപവുമാണ് സ്ഥലം നല്‍കാമെന്നറിയിച്ചിരിക്കുന്നത്. ബോര്‍ഡ് അംഗങ്ങള്‍ സ്ഥലം പരിശോധിച്ചശേഷം ഏറ്റെടുക്കും. ശബരിമലയിലെ വികസനത്തിന് കേന്ദ്രസഹായം നിര്‍ണായകമാണെന്നും ഇതിന് പ്രധാനമന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയില്‍ ജലവിതരണത്തില്‍ ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. വനംവകുപ്പ് ഇതു പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്. കുന്നാര്‍ ചെക്ഡാമിന്റെ ഉയരം രണ്ടരമീറ്റര്‍ കൂട്ടിയാല്‍ ശബരിമലയിലെ കുടിവെള്ളപ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it