Pathanamthitta local

ശബരിമല വനമേഖലയിലെ ആദിവാസി കുടിലുകളില്‍ പനി പടരുന്നു

പത്തനംതിട്ട: ശബരിമല വനമേഖലയിലെ ആദിവാസി ഊരുകളില്‍ പനി പടരുന്നു. കൊടും വേനലില്‍ പ്ലാസ്റ്റിക്ക് ടാര്‍പോളില്‍ ഉപയോഗിച്ച് കുടില്‍ കെട്ടി കഴിയുന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികളിലാണ് പനി പടര്‍ന്നു പിടിക്കുന്നത്. അട്ടത്തോട് സ്‌കൂളില്‍ പഠിക്കുന്ന 14ഓളം കുട്ടികള്‍ പനി ബാധിച്ചതിനെ തുടര്‍ന്ന് ഇന്നലെ സ്‌കൂളിലെത്തിയില്ല.
ശബരിമലയുടെ നിലയ്ക്കല്‍ ബേസ് ക്യാംപിന് സമീപം താമസിക്കുന്ന ചന്ദ്രന്‍-രജനി ദമ്പതികളുടെ മക്കളായ സതീഷ്, രജിത, ഒന്നര വയസ്സുകാരനായ അപ്പൂസ് എന്നു വിളിക്കുന്ന സനീഷ്, മോഹനന്‍-സുമിത്ര ദമ്പതികളുടെ മക്കളായ സുവിത, സുഭാഷ്, സുധീഷ്, ചാലക്കയത്ത് ടോള്‍ ഗേറ്റിന് സമീപം താമസിക്കുന്ന ഓമനയുടെ മക്കളായ മഹേഷ്, അജിത്ത് സോമിനി, സമീപത്തെ കുടിലില്‍ താമസിക്കുന്ന ധനു, തനിത, സനോജ്, വിജി മോന്‍, ചിഞ്ചു, രാധിക, പൊന്നാമ്പാറയില്‍ താമസിക്കുന്ന കുഞ്ഞുമോന്‍-പൊന്നമ്മ ദമ്പതികളുടെ മക്കളായ അജ്‌മോന്‍. ശ്രീകുട്ടന്‍, രതീഷ് എന്നിവരും പനിയുടെ പിടിയിലമര്‍ന്ന് കഴിഞ്ഞു. പനി പടര്‍ന്നു പിടിക്കുന്ന കുട്ടികളില്‍ നവജാത ശിശുക്കളും ഉള്‍പ്പെടുന്നു.
കുട്ടികളില്‍ അധികവും ഒന്നു മുതല്‍ അഞ്ച് വരെ ക്ലാസുകളില്‍ പഠിക്കുന്നവരാണ്. പനിക്കൊപ്പം പോഷകാഹാര കുറവും കുട്ടികളെ അലട്ടുന്നുണ്ട്. കൂടാതെ ആവശ്യത്തിന് കുടിവെള്ളം ലഭിക്കാത്തത് ഇവരുടെ ദുരിതം വര്‍ധിപ്പിക്കുന്നു.
ട്രൈബല്‍ വകുപ്പില്‍നിന്ന് കിട്ടുന്ന നാമമാത്ര ഭക്ഷ്യസാധനങ്ങളുടെ വരവ് നിലച്ചതിനാല്‍ ആദിവാസി ഊരുകളില്‍ മിക്ക കുടുംബങ്ങളും പട്ടിണിയിലുമാണ്. സന്നദ്ധ സംഘടനകള്‍ ആദിവാസി സന്ദര്‍ശനത്തിന്റെ ഭാഗമായെത്തുമ്പോള്‍ നല്‍കിവരുന്ന ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളുമാണ് സര്‍ക്കാരിന്റെ ഓണാഘോഷം കഴിഞ്ഞാല്‍ ഇവരുടെ കുടിലുകളിലെത്തുന്ന സാന്ത്വനം.
കഴിഞ്ഞ മാസം അട്ടത്തോട് സ്‌കൂളില്‍ ഉച്ചഭക്ഷണം മുടങ്ങിയതിനെ തുടര്‍ന്നുള്ള പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഇടപ്പെട്ട് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശിച്ചിരുന്നതാണ്. വനവിഭവങ്ങളുടെ ശേഖരണം നിലച്ചതോടെ വരുമാനമില്ലാത്ത അവസ്ഥയാണ്. വനത്തിലെ കിഴങ്ങുകള്‍ കഴിച്ചാണ് പലരും താല്‍ക്കാലികമായി പട്ടിണി അകറ്റുന്നത്.
അതിനിടെ പനിബാധകൂടി വന്നതിനാല്‍ പലരും ജീവന്‍ നിലനിര്‍ത്താന്‍ പെടാപ്പാടുപെടുന്ന അവസ്ഥയാണ്. സ്ഥിതി ഇത്ര ഗുരുതരമായിട്ടും അധികൃതര്‍ ആരും സഹായവുമായി ഊരുകളില്‍ എത്തിയിട്ടില്ല. പനിപിടിപെട്ടവരില്‍ പലരും ഇനിയും ചികില്‍സ തേടിയിട്ടില്ല. പനിബാധിച്ചവരില്‍ മിക്കവര്‍ക്കും ഛര്‍ദിയും വയറിളക്കവുമുണ്ട്. ആദിവാസികളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായും അടിയന്തര ചികില്‍സയ്ക്കുമായി സഞ്ചരിക്കുന്ന ആശുപത്രിയും അതിനാവശ്യമായ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നാണ് ജില്ലാ ഭരണ സംവിധാനവും ജില്ലാ മെഡിക്കല്‍ ഓഫിസറും പറയുന്നത് എന്നാല്‍ ഇതിന്റെ സേവനം യഥാസമയം ലഭിക്കാറില്ല.
ഇതുകൊണ്ട് ആദിവാസികള്‍ക്കിടയില്‍ ചികില്‍സ ഇന്ന് ചെലവേറിയതായി മാറി. 'ഊരില്‍ ഒരു ദിവസം' എത്തുന്ന ക്യാംപുകള്‍ മാത്രമാണ് ആദിവാസികള്‍ക്ക് ആകെ ലഭിക്കുന്ന സഹായം. മൂഴിയാര്‍ സായിപ്പുംകുഴി ആദിവാസി കോളനിയിലും പനി പടരുന്നതായി പറയുന്നു. മൂഴിയാര്‍ നാല്‍പതേക്കര്‍, പേപ്പാറ, വേലുത്തോട് വനാന്തര്‍ ഭാഗങ്ങളിലാണ് രോഗം പടരുന്നത്. ആശുപത്രിയില്‍ എത്തിയാലും ഇവര്‍ക്കാവശ്യമായ സഹായം ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്.
രോഗിക്കും കൂട്ടിരിക്കുന്നവര്‍ക്കും യഥാക്രമം 150, 200 രൂപയെന്ന നിരക്കില്‍ അനുവദിക്കുന്നുണ്ടെന്ന് ട്രൈബല്‍വകുപ്പ് പറയുന്നു. ആശുപത്രിയില്‍ സന്നദ്ധ സംഘടന നല്‍കുന്ന ഭക്ഷണമാണ് ഇവരെ പട്ടിണിയില്ലാതെ കഴിയാന്‍ സഹായിക്കുന്നത്. ആദിവാസികളുടെ ക്ഷേമത്തിനായി സംസ്ഥാന ആരോഗ്യവകുപ്പും ദേശീയ ആരോഗ്യ ദൗത്യവും ലക്ഷങ്ങള്‍ ചെലവഴിക്കുമ്പോഴും ഇതൊക്കെ ആരുടെ കൈകളിലാണ് എത്തുന്നതെന്നുള്ള ചോദ്യമാണ് ആദിവാസികുടിലുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് മുന്നിലെത്തുന്നത്.
Next Story

RELATED STORIES

Share it