ശബരിമല മണ്ഡലപൂജ; തങ്കയങ്കി ചാര്‍ത്തി ദീപാരാധന

ശബരിമല: മണ്ഡലപൂജയ്ക്ക് അയ്യപ്പന് ചാര്‍ത്താനുള്ള തങ്കയങ്കി ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ശരംകുത്തിയില്‍ സ്വീകരിച്ചു. പമ്പ ഗണപതി ക്ഷേത്രത്തില്‍നിന്നു ഘോഷയാത്രയായി എത്തിയ തങ്കയങ്കി ശരംകുത്തിയില്‍ ദേവസ്വം ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ബി എല്‍ രേണുഗോപാലിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് നാഗസ്വരം, തകില്‍, പഞ്ചവാദ്യം, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ സന്നിധാനത്തേക്ക് ആനയിച്ചു.
തങ്കയങ്കി പതിനെട്ടാംപടി കൊടിമരത്തിനരികില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, അംഗങ്ങളായ അജയ്തറയില്‍, പി കെ കുമാരന്‍, ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ കെ ബാബു, ദേവസ്വം കമ്മീഷണര്‍ സി പി രാമരാജ പ്രേമപ്രസാദ്, ചീഫ് എന്‍ജിനീയര്‍ (ജനറല്‍) ജി മുരളി കൃഷ്ണന്‍, ദേവസ്വം ബോര്‍ഡ് സെക്രട്ടറി വി എസ് ജയകുമാര്‍, എഡിജിപി പത്മകുമാര്‍, വിജിലന്‍സ് ആന്റ് സെക്യൂരിറ്റി എസ്പി ഗോപാലകൃഷ്ണ പിള്ള, പോലിസ് സ്‌പെഷ്യല്‍ ഓഫിസര്‍ തമ്പി എസ് ദുര്‍ഗാദത്ത്, ഭണ്ഡാരം ചീഫ് ഓഫിസര്‍ രവിശങ്കര്‍, ശബരിമല ഫെസ്റ്റിവല്‍ കണ്‍ട്രോളര്‍ കൃഷ്ണകുമാര്‍, പമ്പ എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ വിനയകുമാര്‍, എന്‍ഡിആര്‍എഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് ജി വിജയന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ച് സോപാനത്തിലെത്തിച്ചു. തങ്കയങ്കിയെ തന്ത്രി മഹേഷ് മോഹനരും മേല്‍ശാന്തി എസ് ഇ ശങ്കരന്‍ നമ്പൂതിരിയും ചേര്‍ന്ന് ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തി.
Next Story

RELATED STORIES

Share it