Flash News

ശബരിമല: ഭരണഘടനാ ബെഞ്ചിന് വിടണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി

ശബരിമല: ഭരണഘടനാ ബെഞ്ചിന് വിടണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി
X
shabarimala

[related]

ന്യൂഡല്‍ഹി:ശബരിമലയില്‍ നിശ്ചിത പ്രായത്തിലുള്ള സ്ത്രീകള്‍ക്കു പ്രവേശനം നിഷേധിക്കുന്നതു സംബന്ധിച്ച ഹരജി ഭരണഘടനാ ബെഞ്ചിനു വിടണമെന്ന ദേവസ്വം ബോര്‍ഡിന്റെ ആവശ്യം സുപ്രിംകോടതി തള്ളി. ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിടാന്‍ ഈ ഘട്ടത്തില്‍ കഴിയില്ലെന്നും വിഷയത്തില്‍ വാദംകേള്‍ക്കുന്നതു പുരോഗമിക്കുകയാണെന്നും ജസ്റ്റിസുമാരായ ദീപക് മിശ്ര, വി ഗോപാല ഗൗഡ, കുര്യന്‍ ജോസഫ് എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. ഇനി ഏതെങ്കിലും ഘട്ടത്തില്‍ ഹരജി ഭരണഘടനാ ബെഞ്ചിനു വിടണമെന്ന സാഹചര്യം ഉണ്ടായാല്‍ അപ്പോ ള്‍ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. പത്തും 50ഉം വയസ്സിന് ഇടയിലുള്ള സ്ത്രീകളെ ശബരിമല ദര്‍ശനത്തില്‍ നിന്നു വിലക്കിയ ഹൈക്കോടതി ഉത്തരവു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.വിശ്വാസത്തിന്റെയും ആചാരത്തിന്റെയും അനുഷ്ഠാനങ്ങളുടെയും കാര്യമായതിനാല്‍ മൂന്നംഗ ബെഞ്ച് പരിഗണിക്കുന്നത് ഉചിതമാവില്ലെന്നും അഞ്ചംഗ വിശാല ഭരണഘടനാ ബെഞ്ചിന് കേസ് വിടുകയാണു നല്ലതെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു വേണ്ടി ഹാജരായ കൃഷ്ണ വേണുഗോപാല്‍ വാദിച്ചു. ദേവസ്വം ബോര്‍ഡിന്റെ ആവശ്യത്തോട് അമിക്കസ് ക്യൂറികളില്‍ ഒരാളായ രാമമൂര്‍ത്തി യോജിച്ചു. എന്നാല്‍, സ്ത്രീകള്‍ക്ക് ആരാധനാ സ്വാതന്ത്ര്യമുണ്ടെങ്കില്‍ ശബരിമല ദര്‍ശിക്കാനുള്ള അവകാശവും ഉണ്ടെന്ന് ഹരജിക്കാര്‍ വാദിച്ചു.അതേസമയം, ഇന്നലെ കേസ് പരിഗണിച്ചപ്പോഴും ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രവേശനം നിഷേധിക്കുന്ന നിലപാടിനോട് കടുത്ത എതിര്‍പ്പാണ് സുപ്രിംകോടതി രേഖപ്പെടുത്തിയത്. ഹിന്ദുക്കള്‍ എല്ലാവരും ഹിന്ദുക്കള്‍ തന്നെയാണെന്നും അതില്‍ സ്ത്രീപുരുഷ വ്യത്യാസമില്ലെന്നും കോടതി പറഞ്ഞു. ആരാധനാലയത്തിലെ പ്രവേശനം സംബന്ധിച്ച് ശരീരശാസ്ത്രപരമായ പ്രതിഭാസമാണോ പരിഗണിക്കേണ്ടതെന്നാണ് ഇവിടെ ഉയരുന്ന സുപ്രധാന ചോദ്യം. അങ്ങനെ സ്ത്രീകളെ വിലക്കാനുള്ള ഏതുഘടകമാണ് ഉള്ളത് ? പാരമ്പര്യത്തിന്റെ പേരുപറഞ്ഞ് ഭരണഘടനയ്ക്കു വിരുദ്ധമായ രീതിയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കാന്‍ നിങ്ങള്‍ക്കു കഴിയുമോയെന്ന് ജസ്റ്റിസ് ദീപക് മിശ്ര ദേവസ്വം ബോര്‍ഡ് പ്രതിനിധിയോടു ചോദിച്ചു. ശബരിമലയുടെ പാരമ്പര്യവും അവിടെ നിലനില്‍ക്കുന്ന പവിത്രതയും സംബന്ധിച്ച് ആവര്‍ത്തിച്ച ദേവസ്വം ബോര്‍ഡ് അഭിഭാഷകനോട്, ഇവിടെ ഭരണഘടനാവിരുദ്ധമായ കാര്യങ്ങള്‍ നടക്കുന്നുണ്ടോയെന്നു മാത്രമാണ് പരിശോധിക്കുന്നതെന്ന് ജ. ദീപക് മിശ്ര മറുപടി നല്‍കി. കേസില്‍ തിങ്കളാഴ്ച വീണ്ടും വാദം തുടരും.തിങ്കളാഴ്ച ഹരജി പരിഗണിക്കുന്നതിനിടെ ശബരിമലയില്‍ സ്ത്രീകള്‍ക്കു വിലക്കേര്‍പ്പെടുത്തുന്നത് പ്രഥമദൃഷ്ട്യാ ഭരണഘടനാ വിരുദ്ധമാണെന്നും സ്ത്രീകള്‍ ശബരിമലയിലെത്തി ദൈവത്തെ ആരാധിക്കുന്നതു തടയാന്‍ ക്ഷേത്രഭാരവാഹികള്‍ക്ക് അധികാരമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it