ശബരിമല പ്ലാസ്റ്റിക് നിരോധിത മേഖലയായി പ്രഖ്യാപിക്കല്‍: നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയും പരിസര പ്രദേശങ്ങളും പ്ലാസ്റ്റിക് നിരോധിത മേഖലയായി പ്രഖ്യാപിക്കാന്‍ കുടിവെളളം അടക്കമുള്ള സംവിധാനമൊരുക്കുന്നത് സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ നിലപാടറിയിക്കണമെന്ന് ഹൈക്കോടതി. പ്ലാസ്റ്റിക് കുപ്പികളില്‍ വരുന്ന കുടിവെള്ളത്തിന് പകരം സംവിധാനമൊരുക്കാനാവുമോയെന്നത് സംബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ശബരിമല ഉന്നതാധികാര സമിതിയും ജില്ലാകലക്ടറും സര്‍ക്കാരും നിലപാട് അറിയിക്കാനാണ് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാക്യഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
ഭക്തരുടെ നീണ്ട ക്യൂ കാണപ്പെടുന്ന ട്രക്കിങ് റൂട്ടില്‍ കുടിവെള്ളം എത്തിക്കാനുള്ള സംവിധാനം ഒരുക്കാനാവുമോയെന്നത് സംബന്ധിച്ചും വിശദീകരണം നല്‍കണം. സ്‌പെഷ്യല്‍ കമ്മീഷണര്‍ക്ക് പ്രത്യേക നിര്‍ദേശങ്ങളുണ്ടെങ്കില്‍ കോടതിയെ അറിയിക്കാമെന്നും കോടതി വ്യക്തമാക്കി. ഈ മാസം ഏഴിന് മുമ്പ് നിലപാടറിയിക്കാനാണ് കോടതി ഉത്തരവ്. ശബരിമല, പമ്പ, പെരിയാര്‍ ടൈഗര്‍ റിസര്‍വ് തുടങ്ങിയ മേഖലകളില്‍ വന്‍തോതില്‍ കുടിവെള്ള കുപ്പികളും മാലിന്യവും നിക്ഷേപിക്കുന്നതായി ടൈഗര്‍ റിസര്‍വിന്റെ ചുമതലയുള്ള പെരിയാര്‍ വെസ്റ്റ് ഡിവിഷന്‍ ഓഫിസര്‍ കോടതിയെ അറിയിച്ചു.
ഭക്തര്‍ വിവേചനമില്ലാതെ പ്ലാസ്റ്റിക് മാലിന്യം തള്ളുന്നത് ഗൗരവമായി കാണണമെന്നും മ്യഗങ്ങള്‍ക്കും പ്രക്യതിക്കും ദോഷകരമായ നടപടി ഉല്‍കണ്ഠാജനകമാണെന്നും ഡിവിഷന്‍ ഓഫിസര്‍ കോടതിയെ ബോധിപ്പിച്ചു. കൂടാതെ പ്രദേശത്തെ മാലിന്യം സംബന്ധിച്ച് ഫോട്ടോയും ഹാജരാക്കി. ഭക്തരുടെ മനോഭാവമാണ് മലിനീകരണത്തിന് കാരണമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് പ്ലാസ്റ്റിക് മുക്തമാക്കുന്നത് സംബന്ധിച്ച നടപടികള്‍ കോടതി ആരാഞ്ഞത്.
എരുമേലി, നിലക്കല്‍ പമ്പ, ട്രക്കിങ് റൂട്ട്, ശബരിമല സന്നിധാനം എന്നിവിടങ്ങളില്‍ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കേണ്ട സമയം അതിക്രമിച്ചു. എന്നാല്‍ കുടിവെള്ളം നല്‍കാന്‍ സംവിധാനം ഒരുക്കണം. വനംവകുപ്പിന്റെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും റിപോര്‍ട്ടില്‍ പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളം അമിതമായി ഉപയോഗിക്കുന്നുവെന്ന് വ്യക്തമാണ്. സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപോര്‍ട്ടും ഇത് സൂചിപ്പിക്കുന്നുണ്ടെന്നും കോടതി ചൂണ്ടികാട്ടി. ശബരിമല മലിനീകരണ വിമുക്തമാക്കുന്നതിന് മുന്‍ഗണന നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
Next Story

RELATED STORIES

Share it