Pathanamthitta local

ശബരിമല തീര്‍ത്ഥാടന കാലത്ത് അമിതവില ഈടാക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടന പാതയിലും പമ്പയിലും സന്നിധാനത്തും ഉപഭോക്താക്കളില്‍ നിന്നും അമിത വില ഈടാക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ ക്രമീകരണങ്ങള്‍ ഒരുക്കുന്നു. ഇതിന്റെ ഭാഗമായി പമ്പയിലും സന്നിധാനത്തും പ്രവര്‍ത്തിക്കുന്ന കടകള്‍ക്ക് നമ്പര്‍ പതിക്കും.
അമതി വില ഇടാക്കിയാല്‍ അപ്പോള്‍ തന്നെ പരാതിപ്പെടുന്നതിന് കടകളില്‍ ടോള്‍ ഫ്രീ നമ്പര്‍ ഒട്ടിക്കും. തിരുവനന്തപുരത്ത്‌ െഎടി മിഷന്‍ ആസ്ഥാനത്താണ് കണ്‍ട്രോള്‍ റൂം. ഭക്തരുടെ പരാതി കേള്‍ക്കാന്‍ അവിടെ ആറ് ഭാഷകള്‍ കൈകാര്യം ചെയ്യുന്നവരെ നിയമിക്കും. ഈ മാസം 18 മുതല്‍ ടോള്‍ഫ്രീ സംവിധാനം നടപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് ഹരികിഷോര്‍ അറിയിച്ചു.
പ്രസ് ക്ലബിന്റെ ശബരിമല സുഖദര്‍ശനം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കടകളിലെ വില നിയന്ത്രണവും വൃത്തിയും പരിശോധിക്കാന്‍ ഭക്ഷ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഉള്‍പ്പെടുത്തി സ്‌ക്വാഡുകള്‍ രൂപീകരിക്കും. കഴിഞ്ഞ തവണ വരെ പരാതികള്‍ വന്നപ്പോള്‍ ഏതു കടയെന്നു തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. നിയമലംഘനം നടത്തുന്ന കടകളെ തിരിച്ചറിയുന്നതിനാണ് നമ്പരിടുന്നതും ടോള്‍ഫ്രീ നമ്പര്‍ പതിക്കുന്നതും.
പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള പാതയില്‍ ഓക്‌സിജന്‍ പാര്‍ലറുകള്‍ വിപുലപ്പെടുത്തി എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളാക്കുമെന്ന്(ഇഎം സി) കലക്ടര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം പതിന്നാല് ഓക്‌സിജന്‍ പാര്‍ലറുകളാണ് പ്രവര്‍ത്തിച്ചത്. ഇത്തവണ 24 ഇഎംസികള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഓരോ സെന്ററിലും സ്ട്രക്ചറുകളും നാല് വാളണ്ടിയര്‍മാരും ഉണ്ടാകും. ഇഎംസികളില്‍ ഹൗസ് സര്‍ജന്‍മാരെ നിയമിക്കുന്നതു സംബന്ധിച്ച് ആരോഗ്യ വകുപ്പുമായി ചര്‍ച്ച നടത്തിവരുന്നു. രണ്ടു ഷിഫ്റ്റുകളിലായാണ് ഇവര്‍ സേവനത്തിലുണ്ടാവുക. കഴിഞ്ഞ വര്‍ഷം മല കയറ്റത്തിനിടെ കഴിഞ്ഞ വര്‍ഷം 42തീര്‍ത്ഥാടകര്‍ ഹൃദയാഘാതം മരണപ്പെട്ടിരുന്നു.
ഇത്തവണ അതിന്റെ തോത് കുറച്ചു കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഇഎംസികള്‍ പ്രവര്‍ത്തിക്കുന്നത്. ഒരോ നൂറു മീറ്ററിനുള്ളിലും മുന്നിലും പിന്നിലുമുള്ള ഇഎംസികളിലേക്കുള്ള ദൂരവും ഫോണ്‍ നമ്പരും അറിയിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കും.
പമ്പയിലെ ശുചകരണത്തിനു സന്നദ്ധ സംഘടനകളുടെ സേവനം ഉപയോഗപ്പെടുത്തും. വിവിധ കോളേജുകളിലെ എന്‍എസഎസ് യൂനിറ്റുകളും സീസണ്‍ തുടങ്ങുന്ന ദിവസങ്ങളില്‍ ശുചീകരണത്തിനെത്തും. missiongreensabarimal-a.com എന്ന വെബ്‌സൈറ്റില്‍ ഭക്തജനങ്ങള്‍ക്കും സംഘടനകള്‍ക്കും ശുചീകരണത്തിനു രജിസ്റ്റര്‍ ചെയ്യാം. പ്ലാസ്റ്റിക്ക് കവറുകള്‍ക്കു പകരം തുണിസഞ്ചി നല്‍കുന്നതിന് സ്‌പോണ്‍സര്‍മാരാവാനും അവസരമുണ്ട്.
Next Story

RELATED STORIES

Share it