ശബരിമല തീര്‍ത്ഥാടനം 294 പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്തും

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനത്തിന് ഈ വര്‍ഷം 294 പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്ന് കേന്ദ്ര റെയില്‍വേ സഹമന്ത്രി മനോജ് സിന്‍ഹ. എല്ലാ ട്രെയിനുകള്‍ക്കും ചെങ്ങന്നൂരില്‍ സ്റ്റോപ് അനുവദിച്ചിട്ടുണ്ടെന്നും ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തില്‍ പങ്കെടുത്ത ശേഷം മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട നേമം ടെര്‍മിനല്‍ ഉടന്‍ ഉണ്ടാവില്ല. കൊച്ചുവേളിയില്‍ നിലവിലുള്ള സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നില്ല. ഇവ പൂര്‍ണമായി പ്രയോജനപ്പെടുത്തിയ ശേഷം ആവശ്യമെങ്കില്‍ നേമത്തിന്റെ കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം-കായംകുളം റെയില്‍വേ പാത വര്‍ധിപ്പിക്കും. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കുന്നതനുസരിച്ച് ഫണ്ട് അനുവദിക്കും. നിലവില്‍ രണ്ടുവരി പാതയാണ് തിരുവനന്തപുരം-കായംകുളം. എറണാകുളം ഗുഡ്‌സ് സ്റ്റേഷന്‍, കൊച്ചിന്‍ ഹാര്‍ബര്‍ ടെര്‍മിനല്‍ എന്നിവയുടെ സര്‍വീസ് ഉടന്‍ പുനരാരംഭിക്കും. ഇതില്‍ കൊച്ചിന്‍ ഹാര്‍ബര്‍ ടെര്‍മിനല്‍ നാലു മാസത്തിനകം തുറക്കും. സംസ്ഥാനത്തിന് കൂടുതല്‍ തീവണ്ടികള്‍ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ഫണ്ട് ഇക്കുറി സംസ്ഥാനത്തിന് അനുവദിച്ചിട്ടുണ്ട്. 2015-16 വര്‍ഷം 18 റെയില്‍വേ ഓവര്‍ബ്രിഡ്ജുകളും അണ്ടര്‍പാസേജുകളും അനുവദിച്ചു. കഴിഞ്ഞവര്‍ഷം ഒരെണ്ണം മാത്രമാണ് സംസ്ഥാനത്തിനു ലഭിച്ചത്. ശബരിമല തീര്‍ത്ഥാടനത്തിന് റെയില്‍വേ ഒരുക്കിയിട്ടുള്ള സൗകര്യങ്ങളില്‍ തൃപ്തിയുണ്ട്. മികച്ച കുടിവെള്ള വിതരണം, ഭക്ഷണം എന്നിവയ്ക്കു പുറമെ മെഡിക്കല്‍ സൗകര്യവും ശൗചാലയ സൗകര്യവും തീര്‍ത്ഥാടകര്‍ക്ക് ഉറപ്പാക്കുമെന്നും മനോജ് സിന്‍ഹ അറിയിച്ചു.
Next Story

RELATED STORIES

Share it