Kottayam Local

ശബരിമല തീര്‍ത്ഥാടനം മണ്ഡലകാലത്ത് അപകടങ്ങള്‍ 207; മൂന്ന് മരണം

എരുമേലി: ഇക്കഴിഞ്ഞ മണ്ഡലം കാലത്ത് ശബരിമല പാതയിലുണ്ടായ അപകടങ്ങളുടെ എണ്ണം 207. അപകടങ്ങളില്‍ മൂന്നു പേരാണ് മരിച്ചത്. വിവിധ അപകടങ്ങളിലായി 186 പേര്‍ക്ക് പരിക്കേറ്റു. വിഴീക്കത്തോട് സ്വദേശിനിയായ വീട്ടമ്മയും കണമല ഇറക്കത്തില്‍ വച്ച് ആന്ധ്ര തെലുങ്കാന സ്വദേശിയായ തീര്‍ത്ഥാടക ബസ്സിന്റെ ഡ്രൈവറും, നിലയ്ക്കല്‍-അട്ടത്തോടിന് സമീപം 300 അടിതാഴ്ചയില്‍ വാഹനം മറിഞ്ഞ് മംഗലാപുരം സ്വദേശിയായ തീര്‍ഥാടകനും ഉള്‍പ്പെടെ മൂന്നുപേരാണ് മരിച്ചത്.
മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ് സോണ്‍ വിഭാഗമാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. ഇത്തവണ മണ്ഡലംകാലത്ത് സേഫ് സോണിന്റെ 20 വാഹനങ്ങള്‍ രണ്ടുലക്ഷം കിലോമീറ്ററുകളാണ് പട്രോളിങ് നടത്തിയതെന്ന് സ്‌പെഷ്യല്‍ ഓഫിസര്‍ വി ഡി സുനില്‍ ബാബു പറഞ്ഞു. ആകെ 4937 വാഹനങ്ങളാണ് വിവിധ പാതകളിലായി ബ്രേക്ക് ഡൗണായത്. സേഫ് സോണിന്റെ സഹകരണത്തോടെയാണ് വാഹനങ്ങള്‍ക്ക് റിപ്പയറിങ് സഹായമെത്തിച്ചത്. മണ്ഡലകാലത്തിന്റെ ആദ്യപകുതിയില്‍ കാര്യമായി തീര്‍ത്ഥാടക പ്രവാഹമുണ്ടായില്ലെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. പമ്പയിലെ വെള്ളപ്പൊക്കത്തില്‍ നിര്‍ണായകമായി സേവനങ്ങള്‍ പോലിസും ഫയര്‍ഫോഴ്‌സുമായി ചേര്‍ന്നു നടത്താന്‍ സേഫ് സോണിനു കഴിഞ്ഞിരുന്നു. വരുന്ന മകരവിളക്ക് സീസണില്‍ അനിയന്ത്രിതമായ തീര്‍ത്ഥാടക തിരക്കുണ്ടാവുമെന്ന് സേഫ്‌സോണ്‍ നടത്തിയ പഠനത്തില്‍ മുന്നറിയിപ്പ് ഉണ്ട്. സന്നിധാനത്തും പമ്പയിലും എരുമേലിയിലും തിക്കുംതിരക്കും നിയന്ത്രിക്കാന്‍ ക്രമീകരണങ്ങള്‍ സുസജ്ജമാക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷന്‍ മുഖേന സര്‍ക്കാരിന് സമര്‍പ്പിച്ച റിപോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
സേഫ് സോണിന്റെ നാല് ആംബുലന്‍സ് യൂനിറ്റുകളും 20 വാഹനങ്ങളും മകരവിളക്ക് കാലത്ത് സേവനം തുടരും. മുത്തൂറ്റ് ആശുപത്രിയുടെ സഹകരണത്തോടെ ട്രോമാ കെയര്‍ യൂനിറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തവണ പട്രോളിങിനു പഴക്കം ചെന്ന വാഹനങ്ങളാണ് സേഫ് സോണിനു ലഭിച്ചത്.
മകരവിളക്ക് കാലത്ത് സേവനത്തിനായി ഇവയെല്ലാം വര്‍ക്ക് ഷോപ്പുകളില്‍ അറ്റകുറ്റപ്പണികള്‍ക്കായി കയറ്റിയിരിക്കുകയാണ്. കുട്ടിക്കാനം, എരുമേലി എന്നിവിടങ്ങളിലെ സബ് സെന്ററുകളിലും നിലയ്ക്കലിലെ കേന്ദ്ര ഓഫിസുമായി ബന്ധപ്പെട്ടാണ് സേഫ് സോണിന്റെ പ്രവര്‍ത്തനം.
Next Story

RELATED STORIES

Share it