Kottayam Local

ശബരിമല തീര്‍ത്ഥാടകര്‍ കുളിക്കുന്ന തോട്ടില്‍ കക്കൂസ് മാലിന്യം

എരുമേലി: ജലക്ഷാമം മലിനീകരണവും രൂക്ഷമായ എരുമേലിയിലെ വലിയ തോട്ടിനെ രക്ഷിക്കാന്‍ കലക്ടരറുടെ ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെ സ്വകാര്യ ലോഡ്ജിന്റെ സെപ്റ്റി ടാങ്കില്‍ നിന്ന് കക്കൂസ് മാലിന്യങ്ങള്‍ തോട്ടിലേക്ക് ഒഴുക്കിയെന്നു പരാതി. സംഭവത്തില്‍ ലോഡ്ജ് ഉടമയ്‌ക്കെതിരേ കേസെടുക്കണമെന്ന് ജില്ലാ ശുചിത്വ മിഷന്‍ കലക്ടറോട് ശുപാര്‍ശ ചെയ്തു. ലോഡ്ജ് ഉടമയ്‌ക്കെതിരേ ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍ സ്റ്റോപ്പ് മെമ്മോ നോട്ടീസ് നല്‍കി. അതേ സമയം കക്കൂസ് മാലിന്യങ്ങള്‍ ഒഴുക്കിവിട്ടിട്ടില്ലെന്ന് ലോഡ്ജ് ഉടമ പറയുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം. എരുമേലി പോലിസ് സ്റ്റേഷന്‍ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന റോയല്‍ റെസിഡന്‍സി ലോഡ്ജിന്റെ ഉടമ കനകപ്പലം ചെങ്ങോട്ടയില്‍ ജോര്‍ജ് ജേക്കബിനെതിരേ ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ ആര്‍ സോജിയാണ് പരാതി നല്‍കിയത്.
അനുമതിയില്ലാതെ തോടിന്റെ സംരക്ഷണഭിത്തി പൊളിച്ചെന്നും കക്കൂസ് മാലിന്യങ്ങള്‍ സെപ്റ്റിട് ടാങ്കില്‍ നിന്നും ഒഴുക്കിവിട്ടെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ മാസങ്ങള്‍ക്കു മുമ്പ് വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന സംരക്ഷണ ഭിത്തി പുനര്‍ നിര്‍മിക്കുന്നതിനിടെ വര്‍ഷങ്ങളായി ഉപയോഗിക്കാതിരുന്ന ജൈവ മാലിന്യ ടാങ്ക് ചോര്‍ന്നതാണെന്നും ഇതു കക്കൂസ് മാലിന്യമല്ലെന്നും കലക്ടര്‍ക്കും ശുചിത്വ മിഷനും നല്‍കിയ അപേക്ഷയില്‍ ലോഡ്ജ് ഉടമ അറിയിച്ചിട്ടുണ്ട്. ലോഡ്ജിനു സമീപമാണു വലിയമ്പലവും വലിയ തോട്ടിലെ കുളിക്കടവും. പേട്ടതുള്ളലിനു ശേഷം തീര്‍ത്ഥാടകര്‍ ആചാരപ്രകാരം സ്‌നാനം നടത്തുന്നത് ഈ കുളിക്കടവിലാണ്.
Next Story

RELATED STORIES

Share it