ശബരിമല: തിക്കിലും തിരക്കിലും 30 തീര്‍ത്ഥാടകര്‍ക്കു പരിക്ക്

ശബരിമല: ശബരിമലയില്‍ തിക്കിലും തിരക്കിലും പെട്ട് മുപ്പതോളം തീര്‍ത്ഥാടകര്‍ക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ ആന്ധ്ര രാജമുദ്രി നഗര്‍ സ്വദേശി നോള്‍ട്ട ശ്രീനിവാസ (26)നെ കോട്ടയം മെഡിക്കല്‍ കോളജിലും, കാലിനും കൈക്കും പരിക്കേറ്റ കൊല്ലം കൊട്ടാരക്കര പട്ടാഴി സ്വദേശി തുളസീധരന്‍പിള്ള (40), കോട്ടയം സ്വദേശിനി അനാമിക (ആറ്) എന്നിവരെ പത്തനംതിട്ട ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ സന്നിധാനം ഗവ. ആശുപത്രിയില്‍ പ്രാഥമിക ചികില്‍സ നല്‍കി വിട്ടയച്ചു.
സംഭവത്തെ തുടര്‍ന്ന് പമ്പയില്‍ അയ്യപ്പഭക്തരെ വടം കെട്ടി തടഞ്ഞു. തിരക്ക് നിയന്ത്രിക്കാന്‍ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ എത്തി. ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. ഗവ. ആശുപത്രിക്ക് സമീപം സാധാരണ ക്യൂവിന് സമീപത്തു നിന്നും ആരംഭിക്കുന്ന വെര്‍ച്വല്‍ ക്യൂവിലേക്ക് കാനനപാതയിലൂടെ എത്തിയ അയ്യപ്പന്മാര്‍ കടക്കാന്‍ ശ്രമിച്ചു. ഇവരെ പോലിസ് തടഞ്ഞതിനെത്തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലുമാണ് അയ്യപ്പഭക്തര്‍ക്ക് പരിക്കേറ്റത്. ഉടന്‍തന്നെ പോലിസും ദ്രുതകര്‍മസേനയും അയ്യപ്പന്മാരെ നിയന്ത്രിച്ചു.
അയ്യപ്പസേവാ സംഘം പ്രവര്‍ത്തകര്‍ പരിക്കേറ്റവരെ ഉടന്‍ സന്നിധാനം ഗവ. ആശുപത്രിയില്‍ എത്തിച്ചു. തിരക്ക് കൂടിയതോടെയാണ് അയ്യപ്പഭക്തരെ വടം കെട്ടിനിര്‍ത്തിയത്. എന്നാല്‍, അപകടങ്ങള്‍ വരുത്തിവയ്ക്കുന്ന വടം അയ്യപ്പഭക്തരെ നിയന്ത്രിക്കാന്‍ ഉപയോഗിക്കരുതെന്ന് കോടതി ഉത്തരവ് ഉണ്ടെങ്കിലും ഇത് മറികടന്നാണ് അയ്യപ്പഭക്തരെ തടയുന്നത്. ഇതര സംസ്ഥാനത്തു നിന്നുള്ള അയ്യപ്പഭക്തരാണ് അധികവും എത്തുന്നത്.
ദര്‍ശനത്തിനായി ഭക്തര്‍ക്ക് 12 മണിക്കൂറോളം കാത്തുനില്‍ക്കേണ്ടിവരുന്നുണ്ട്. തിരക്ക് കണക്കിലെടുത്ത് ദര്‍ശനം കഴിഞ്ഞെത്തുന്ന ഭക്തരെ സന്നിധാനത്ത് വിരിവയ്ക്കാന്‍ സമ്മതിക്കാതെ ഉടന്‍ തന്നെ നടപ്പന്തലിലെ ഫ്‌ളൈഓവര്‍ വഴിയും, ബെയ്‌ലി പാലം വഴിയും പമ്പയിലേക്ക് തിരിച്ചയക്കുകയാണ്. പമ്പയിലേക്ക് വരുന്ന ചെറുതും വലുതുമായ വാഹനങ്ങളെ നിലയ്ക്കലില്‍ തടഞ്ഞു നിര്‍ത്തി ആളെയിറക്കി കെഎസ്ആര്‍ടിസി ബസ്സുകളിലാണ് പമ്പയിലേക്ക് എത്തിക്കുന്നത്.
Next Story

RELATED STORIES

Share it