ശബരിമല ക്ഷേത്രം: ആനകളെ എഴുന്നള്ളിക്കേണ്ടത് ആവശ്യമാണോയെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല ക്ഷേത്രത്തിലെ വിളക്കെഴുന്നള്ളിപ്പിനും ആറാട്ടിനും ആനകളെ എഴുന്നള്ളിക്കേണ്ടതുണ്ടോയെന്ന് ഹൈക്കോടതി. മണ്ഡലകാലത്തിന്റെ ഭാഗമായി നടന്ന വിളക്കെഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞ് 68കാരിയെ കുത്തിക്കൊലപ്പെടുത്തുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപോര്‍ട്ട് പരിഗണിച്ചാണ് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വിശദീകരണം തേടിയത്.
തന്ത്രി, മേല്‍ശാന്തി എന്നിവരോട് ഇക്കാര്യത്തില്‍ അഭിപ്രായം ആരാഞ്ഞ് നാലാഴ്ചയ്ക്കകം അറിയിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കോടതി നിര്‍ദേശം നല്‍കി. നാട്ടില്‍ നിന്ന് മല കയറ്റി ആനകളെ ക്ഷേത്രത്തിലെത്തിച്ച് ചടങ്ങുകള്‍ നടത്തുന്ന കാര്യത്തില്‍ പുനര്‍ചിന്തനം നടത്താന്‍ സമയമായെന്നും കോടതി നിരീക്ഷിച്ചു. അമ്പലങ്ങളിലും മറ്റ് ആരാധനാലയങ്ങളിലുമുള്‍പ്പെടെ ആള്‍ക്കൂട്ടമുള്ളിടത്ത് ആനകളെ എഴുന്നള്ളിക്കുന്നത് സംബന്ധിച്ച് പല തവണ കോടതി ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുള്ളതാണെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഇനിയെങ്കിലും ഇക്കാര്യത്തില്‍ തീരുമാനം അനിവാര്യമാണ്. ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ടാണോ ശബരിമല ക്ഷേത്രം പോലുള്ള സ്ഥലങ്ങളില്‍ നാട്ടാനയെ എത്തിച്ച് ചടങ്ങ് നടത്തുന്നതെന്ന് കോടതി ആരാഞ്ഞു.
അതേസമയം, പമ്പാ നദിയില്‍ കെട്ടിക്കിടക്കുന്ന മലിനജലം ഒഴുക്കിക്കളയാന്‍ കൊച്ചുപമ്പ, കക്കി ഡാമുകള്‍ ഉടന്‍ തുറന്നുവിടണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
മണ്ഡലകാലം പൂര്‍ത്തിയായ സാഹചര്യത്തില്‍ പമ്പ ശുദ്ധീകരണവുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ കമ്മീഷണര്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് ഉത്തരവ്. ജലം ദുരുപയോഗവും വിനിയോഗവും ജലസേചന വകുപ്പ് നിരീക്ഷിച്ച് ജില്ലാ ഭരണകൂടത്തെ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ഇക്കാര്യം വകുപ്പിലെ എന്‍ജിനീയര്‍മാര്‍ കൈകാര്യം ചെയ്യണം. വെള്ളം തുറന്നുവിടുന്നത് സംബന്ധിച്ച് വൈദ്യുതി വകുപ്പും ദേവസ്വം ബോര്‍ഡും സംസ്ഥാന ഭരണകൂടവും ഭക്തര്‍ക്ക് മാത്രമല്ല, മറ്റുള്ളവര്‍ക്ക് കൂടി മുന്നറിയിപ്പും ജാഗ്രതാ നിര്‍ദേശവും നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ശബരിമലയിലെ മാലിന്യ പ്രശ്‌നം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വനം വന്യജീവി വകുപ്പ് അധികൃതര്‍ നിലപാട് വ്യക്തമാക്കി സമഗ്രമായ റിപോര്‍ട്ട് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ശബരിമലയിലെ മാലിന്യ പ്രശ്‌നത്തില്‍ ഉന്നതാധികാര സമിതി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് തുടങ്ങിയവര്‍ നിലപാട് അറിയിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
Next Story

RELATED STORIES

Share it