ശബരിമല കേസില്‍ സുപ്രിംകോടതി: ആത്മീയത ആണുങ്ങള്‍ക്കു മാത്രമോ?

ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിക്കാത്തതില്‍ സുപ്രിംകോടതിയുടെ വിമര്‍ശനം. ആത്മീയത ആണുങ്ങള്‍ക്കു മാത്രം അവകാശപ്പെട്ടതാണോ എന്നു കോടതി ചോദിച്ചു. ശബരിമല ദര്‍ശനത്തിനു പോവുന്ന പുരുഷന്‍മാര്‍ അനുഷ്ഠിക്കുന്ന വ്രതവും ബ്രഹ്മചര്യവും ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. വിഷയത്തില്‍ വിശദമായ മറുപടി സമര്‍പ്പിക്കാന്‍ ആറാഴ്ച സമയം വേണമെന്ന ക്ഷേത്ര ബോര്‍ഡിന്റെ അഭ്യര്‍ഥന അംഗീകരിച്ചു.
വേദങ്ങളും ഉപനിഷത്തുക്കളും പ്രമാണങ്ങളുമൊന്നും തന്നെ സ്ത്രീക്കും പുരുഷനുമിടയില്‍ വിവേചനം കാണിക്കുന്നില്ലെന്നു കോടതി പറഞ്ഞു. പരാതിക്കാര്‍ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ് ഉള്‍പ്പെടെയുള്ളവര്‍ ഹാജരായി. ബ്രഹ്മചര്യം പുരുഷന്‍മാര്‍ക്കു മാത്രം അവകാശപ്പെട്ടതല്ലെന്നും സ്ത്രീകള്‍ക്കിടയിലും ബ്രഹ്മചാരികള്‍ ഉണ്ടെന്നും ഇന്ദിര പറഞ്ഞു. ആരാധനാലയങ്ങളില്‍ വിവേചനം കൂടാതെ പ്രവേശനത്തിന് ആഹ്വാനം ചെയ്യുന്ന ഭരണഘടനയിലെ 25ാം വകുപ്പ് ചൂണ്ടിക്കാട്ടിയ അഭിഭാഷക, സ്ത്രീകള്‍ മനുഷ്യരല്ലേയെന്നു ചോദിച്ചു. സ്ത്രീപ്രവേശന വിലക്ക് നൂറ്റാണ്ടുകളായി നിലനില്‍ക്കുന്നതാണെന്നും ഇതു വിശ്വാസികളുടെ മനസ്സില്‍ അടിയുറച്ചതാണെന്നും സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ വി ഗിരി അറിയിച്ചു.
വേദങ്ങളിലും ഉപനിഷത്തുക്കളിലും സ്ത്രീ-പുരുഷ വിവേചനം ഇല്ലെങ്കില്‍ പിന്നെ എന്നുമുതലാണ് വിവേചനമാരംഭിച്ചതെന്ന് കേസ് പരിഗണിക്കുന്ന മൂന്നംഗ ബെഞ്ചിന്റെ അധ്യക്ഷനായ ജസ്റ്റിസ് ദീപക് മിശ്ര ചോദിച്ചു. ക്ഷേത്രം പൊതു മതകേന്ദ്രമാണെന്നും മിശ്ര പറഞ്ഞു. മുതിര്‍ന്ന അഭിഭാഷകന്‍ രാജു രാമചന്ദ്രനെ കോടതി അമിക്കസ്‌ക്യൂറിയായി നിയമിച്ചു.
Next Story

RELATED STORIES

Share it