ശബരിമല: കെഎസ്ആര്‍ടിസി വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കുന്നു

തിരുവനന്തപുരം: ശബരിമല മഹോല്‍സവം പ്രമാണിച്ച് തീര്‍ത്ഥാടകര്‍ക്കു യാത്രാസൗകര്യം ഒരുക്കുന്നതിനു പമ്പയില്‍ എല്ലാ സൗകര്യങ്ങളോടുംകൂടിയ ഒരു ബസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുമെന്ന് കെഎസ്ആര്‍ടിസി. പമ്പ ബസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ചാണ് കെഎസ്ആര്‍ടിസിയുടെ ശബരിമല പ്രത്യേക സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുള്ളത്.
നിലക്കല്‍-പമ്പ സര്‍വീസിനായി ആദ്യഘട്ടത്തില്‍ 100 ബസ്സുകളും ഇതര ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി 70 ബസ്സുകളും പമ്പ ബസ് സ്റ്റേഷനിലേക്ക് നല്‍കും. ഇവയില്‍ ഭൂരിപക്ഷം ലോഫ്‌ളോര്‍ ബസ്സുകളാണ്. പമ്പ ബസ് സ്റ്റേഷന്റെ സുഗമമായ പ്രവര്‍ത്തനത്തിനു വിവിധ വിഭാഗം ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ തിരുവനന്തപുരം സെന്‍ട്രല്‍, കൊട്ടാരക്കര, പുനലൂര്‍, പത്തനംതിട്ട, ചെങ്ങന്നൂര്‍, അടൂര്‍, കായംകുളം, കോട്ടയം, എറണാകുളം, എരുമേലി കുമളി എന്നീ ഡിപ്പോകളെ പ്രത്യേക സര്‍വീസ് കേന്ദ്രങ്ങളാക്കും. പമ്പയിലേക്കും എരുമേലിയിലേക്കും ബസ് സര്‍വീസ് നടത്തും.
തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും തിരിച്ചും പമ്പയിലേക്കും എരുമേലിയിലേക്കും 64 എണ്ണം വീതം അന്തര്‍സംസ്ഥാന സര്‍വീസുകള്‍ നടത്തും. തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍, പളനി, മധുര, തെങ്കാശി, കന്യാകുമാരി, കമ്പം എന്നിവിടങ്ങളിലേക്കാണു പ്രധാനമായും കെഎസ്ആര്‍ടിസി അന്തര്‍സംസ്ഥാന പ്രത്യേക സര്‍വീസുകള്‍ നടത്തുക. തമിഴ്‌നാട്ടിലെ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനുകള്‍ ചെന്നൈ, മധുര, കോയമ്പത്തൂര്‍, സേലം എന്നിവിടങ്ങളില്‍ നിന്ന് പമ്പയിലേക്കു പ്രത്യേക സര്‍വീസുകള്‍ നടത്തും. ആന്ധ്രപ്രദേശ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ 1200 ബസ്സുകളും കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ 1500 ബസ്സുകളും കോണ്‍ട്രാക്റ്റ് ക്യാരേജ് വ്യവസ്ഥയില്‍ പ്രത്യേക സര്‍വീസ് നടത്തും. കെഎസ്ആര്‍ടിസി നടത്തുന്ന സര്‍വീസുകള്‍ക്ക് ഓ ണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം ലഭിക്കും.
കേരളത്തിലെ പ്രധാനപ്പെട്ട ഡിപ്പോകള്‍ക്ക് പുറമെ ബംഗളൂരുവിലുള്ള കെഎസ്ആര്‍ടിസിയുടെ എല്ലാ റിസര്‍വേഷന്‍ സെന്ററുകളില്‍ നിന്നും റിസര്‍വേഷന്‍ ടിക്കറ്റുകള്‍ ലഭിക്കും. ബംഗളൂരുവിലെ പീനിയ ബസ് സ്റ്റേഷനില്‍ നിന്നും നാളെമുതല്‍ ഒരു സൂപ്പര്‍ ഡീലക്‌സ് സര്‍വീസ് പമ്പയിലേക്കും തിരിച്ചും നടത്തും.
Next Story

RELATED STORIES

Share it