Kerala

ശബരിമലയിലെ സ്ത്രീപ്രവേശനം: സംഘപരിവാര സംഘടനകളില്‍ ഭിന്നത

ശബരിമലയിലെ സ്ത്രീപ്രവേശനം:  സംഘപരിവാര സംഘടനകളില്‍ ഭിന്നത
X
sabarimala-finalഎം എം സലാം

പാലക്കാട്: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ ഇതു സംബന്ധിച്ചു സംഘപരിവാര സംഘടനകളിലും ഭിന്നത രൂക്ഷമാവുന്നു. ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിക്കാനാവില്ലെന്നു കേരളത്തിലെ ആര്‍എസ്എസും ബിജെപിയും ശക്തമായ നിലപാടെടുക്കുമ്പോള്‍ തീവ്രഹിന്ദുത്വ സംഘടനയായ വിശ്വഹിന്ദുപരിഷത്ത് മുഖപത്രം ഹിന്ദുവിശ്വ മാസികയില്‍ ശബരിമലയില്‍ സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്ന അഭിമുഖം പ്രസിദ്ധീകരിച്ചതാണ് ഇപ്പോള്‍ വിവാദങ്ങള്‍ക്കു തിരികൊളുത്തുന്നത്.
ശബരിമലയില്‍ ഋതുമതി പ്രായത്തിലുള്ളവര്‍ക്കു പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള സുപ്രിംകോടതിയിലെ കേസില്‍ കക്ഷിയായ സ്വാമി ഭൂമാനന്ദതീര്‍ത്ഥ മഹാരാജുമായി പത്രാധിപര്‍ കെ സുനീഷ് നടത്തിയ ഇ-മെയില്‍ അഭിമുഖത്തിലാണ് മറ്റു സംഘപരിവാര സംഘടനകളില്‍ നിന്നു വ്യത്യസ്ത നിലപാട് സ്വീകരിച്ചിട്ടുള്ളത്. മാസികയുടെ മെയ്-ജൂണ്‍ ലക്കത്തില്‍ ആചാരങ്ങളില്‍ കാലോചിത പരിഷ്‌കാരം ആവശ്യം എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ സ്ത്രീകളെ ഒരു നിലയ്ക്കും നമുക്കു വിവേചനം ചെയ്തു മാറ്റി നിര്‍ത്താന്‍ സാധിക്കില്ലെന്നു സ്വാമി ചൂണ്ടിക്കാട്ടുന്നു. മുന്‍കാലങ്ങളില്‍ ശബരിമലയില്‍ സ്ത്രീകള്‍ക്ക് അയ്യപ്പനെ കാണാനുള്ള സൗകര്യം ഉണ്ടായിരുന്നതായി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി ഭൂമാനന്ദ തീര്‍ത്ഥ പറയുന്നുണ്ട്. ആചാരാനുഷ്ഠാനങ്ങളില്‍ നീതിന്യായ പീഠങ്ങളുടെ ബാഹ്യ ഇടപെടലുകള്‍ ആശാസ്യമായി തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് ദുരാചാരങ്ങള്‍ക്കെതിരേ പ്രതികരിക്കാന്‍ നീതി പീഠമെങ്കിലും ഉണ്ടല്ലോ എന്നതു സമാധാനമാണെന്നാണ് സ്വാമിയുടെ മറുപടി. ക്ഷേത്ര പ്രവേശനം അനുവദിക്കല്‍, ബാലികാ വിവാഹം നിരോധിക്കല്‍, സതി നിര്‍ത്തലാക്കിയത് തുടങ്ങിയവയെല്ലാം നിയമത്തിലൂടെയാണ് നടന്നതെന്നു ചൂണ്ടിക്കാട്ടിയ സ്വാമി നമ്മെ പെറ്റു വളര്‍ത്തിപ്പോരുന്ന അമ്മമാരെ അശുദ്ധി കല്‍പിച്ച് അകറ്റി നിര്‍ത്തി നാം മാത്രം പവിത്രരായി ചമയുന്ന ഈ വികലത ഇപ്പോഴെങ്കിലും ബന്ധപ്പെട്ടവര്‍ തിരിച്ചറിയണമെന്നും ആവശ്യപ്പെടുന്നുണ്ട്. തൃശൂര്‍ ജില്ലയിലെ പാര്‍ളിക്കാട് സ്വദേശിയായ സ്വാമി ഭൂമാനന്ദ രാജ്യത്തെ അറിയപ്പെടുന്ന ആത്മീയ പ്രഭാഷകനും സന്യാസി വര്യനുമാണ്.
ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നിലവില്‍ ഹിന്ദുവിശ്വ മാസിക പത്രാധിപ സമിതിയംഗമാണ്. എന്നാല്‍ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് കുമ്മനവും പാര്‍ട്ടിയും പുലര്‍ത്തിപ്പോരുന്നത്. ശബരിമലയില്‍ സ്ത്രീകളെ തടയുന്നതു ന്യായമല്ലെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനയ്‌ക്കെതിരേ കഴിഞ്ഞ ദിവസം പാലക്കാട്ട് ശക്തമായ ഭാഷയിലാണ് കുമ്മനം പ്രതികരിച്ചത്. ശബരിമല വിഷയത്തില്‍ അഭിപ്രായം പറയുന്ന സര്‍ക്കാര്‍ സ്ത്രീകള്‍ക്കു പ്രവേശനം നല്‍കാത്ത മറ്റു മതസ്ഥരുടെ ആരാധനാലയങ്ങളുടെ കാര്യത്തിലും ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
സ്ത്രീകളുടെ ശബരിമല പ്രവേശനകാര്യത്തില്‍ ഹിന്ദുവിശ്വ മാസികയില്‍ വന്ന അഭിമുഖം സംഘടനയുടെ നിലപാട് തന്നെയാണെന്നു അടിവരയിടുന്നതാണ് വിശ്വഹിന്ദുപരിഷത്ത് നേതാക്കളുടെ പ്രസ്താവന. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് ദേവപ്രശ്‌നത്തിലൂടെയാണെന്നും കോടതിയല്ലെന്നും പരിഷത്ത് സംസ്ഥാന പ്രസിഡന്റ് എസ്‌ജെആര്‍ കുമാര്‍ കഴിഞ്ഞ ദിവസം പ്രസ്താവനയിറക്കിയിരുന്നു. ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരേ ബിജെപിയും ആര്‍എസ്എസും കേരളത്തില്‍ ശക്തമായ നിലപാടെടുക്കുമ്പോള്‍ത്തന്നെ ഈ സംഘടനകളുടെ കേന്ദ്രനേതാക്കള്‍ക്കും ഭിന്നാഭിപ്രായമാണുള്ളത്. ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി, സംഘപരിവാര സഹയാത്രികനായ ശ്രീശ്രീ രവിശങ്കര്‍ എന്നിവര്‍ക്കു ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനോട് അനുകൂല നിലപാടാണുള്ളത്. ജാതിമത ചിന്തകള്‍ക്കപ്പുറം ആര്‍ക്കും ശബരിമലയില്‍ ദര്‍ശനം നടത്താമെന്നിരിക്കേ സ്ത്രീകളെ മാത്രം തടയുന്നത് ന്യായീകരിക്കാനാവില്ലെന്ന് ആര്‍എസ്എസ് മുഖപത്രമായ കേസരിയും നയം വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it