ശബരിമലയിലെ സ്ത്രീപ്രവേശനം വിലക്കാനാവില്ലെന്ന് അമിക്കസ്‌ക്യൂറി

ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീപ്രവേശനത്തെ ശക്തമായി അനുകൂലിച്ച് വീണ്ടും സുപ്രിംകോടതി. ലിംഗസമത്വമെന്നത് ഭരണഘടനയിലെ അടിസ്ഥാന തത്ത്വമാണെന്ന് അഭിപ്രായപ്പെട്ട ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച്, സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കുന്നതില്‍ ഭരണഘടനാപരമായി തെറ്റുണ്ടോയെന്നു മാത്രമാണ് പരിശോധിക്കുന്നതെന്ന് ഇന്നലെയും ആവര്‍ത്തിച്ചു.
പത്തിനും 50 വയസ്സിനും ഇടയിലുള്ള സ്ത്രീകളെ ശബരിമല ദര്‍ശനത്തില്‍നിന്നു വിലക്കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യഹരജിയില്‍ വാദംകേള്‍ക്കുകയായിരുന്നു കോടതി. ശബരിമലയില്‍ സ്ത്രീകളെ തടയാന്‍ ഭരണഘടനാപരമായി സാധിക്കില്ലെന്ന് അമിക്കസ്‌ക്യൂറി രാജു രാമചന്ദ്രന്‍ അറിയിച്ചു. ഭരണഘടനയുടെ 25, 26 വകുപ്പുകള്‍ അനുസരിച്ച് സ്ത്രീകള്‍ക്ക് പുരുഷന് തുല്യമായി ആരാധന നടത്താനുള്ള അവകാശമുണ്ട്. ഇതു ലംഘിക്കുന്നത് ഭരണഘടനാവിരുദ്ധമാണ്. എല്ലാവരുടെയും ക്ഷേത്രമായതിനാല്‍ സ്ത്രീകള്‍ ശബരിമലയില്‍ വരുന്നത് തടയാന്‍ കഴിയില്ലെന്നും അമിക്കസ്‌ക്യൂറി പറഞ്ഞു.
ശാരീരികമായ അവസ്ഥ പരിഗണിച്ചാണ് 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതെന്ന വാദം രാജു രാമചന്ദ്രന്‍ ചോദ്യംചെയ്തു. ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ അകറ്റിനിര്‍ത്തുന്നത് അപമാനകരമാണ്. ഭരണഘടനയുടെ 25ാം അനുച്ഛേദം അനുസരിച്ച് എല്ലാ ഭക്തരെയും ഒരുപോലെ കാണണം.
ഇത്തരം വിവേചനങ്ങള്‍ അവസാനിപ്പിക്കേണ്ടത് സര്‍ക്കാരിന്റെയും പൊതുസമൂഹത്തിന്റെയും കൂടി ബാധ്യതയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ലിംഗവിവേചനമല്ല, പ്രായപരിധി വച്ചതാണെന്ന എതിര്‍കക്ഷിയുടെ വാദവും അമിക്കസ്‌ക്യൂറി അംഗീകരിച്ചില്ല. ഹരജിക്കാര്‍ക്കു വേണ്ടി അഡ്വ. കാമിനി ജയ്‌സ്വാളിന്റെ വാദം പൂര്‍ത്തിയായി. വാദംകേള്‍ക്കല്‍ വെള്ളിയാഴ്ച തുടരും.
Next Story

RELATED STORIES

Share it