ശബരിമലയിലെ വെടിമരുന്ന് ഉപയോഗം: സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയെന്ന് റിപോര്‍ട്ട്

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തില്‍ വെടിമരുന്ന് ഉപയോഗിക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയെന്ന് പോലിസ് റിപോര്‍ട്ട്. പരവൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലാ പോലിസ് മേധാവിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തല്‍. ശബരിമലയില്‍ 420 കിലോ വെടിമരുന്ന് സൂക്ഷിച്ചിരിക്കുന്നത് നിയമപ്രകാരമല്ലെന്നും പോലിസ് അന്വേഷണത്തില്‍ വ്യക്തമായി.
ശബരിമലയില്‍ വെടിമരുന്ന് സൂക്ഷിക്കുന്നതിനുള്ള ലൈസന്‍സ് കാലാവധി കഴിഞ്ഞതായും പരിശോധനയില്‍ കണ്ടെത്തി. മാര്‍ച്ച് 31വരെയേ ഇതിനുള്ള ലൈസന്‍സ് ഉണ്ടായിരുന്നുള്ളൂവെന്നും പോലിസ് റിപോര്‍ട്ടില്‍ പറയുന്നു. ശബരിമലയിലെ വെടിമരുന്ന് ഉപയോഗത്തിലെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി അടിയന്തര റിപോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരുന്നു. ഇതേത്തുടര്‍ന്ന് ഫയര്‍ഫോഴ്‌സും പോലിസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ശബരിമലയില്‍ സുരക്ഷാനിയമങ്ങള്‍ പാലിക്കാതെയാണ് വെടിമരുന്ന് ഉപയോഗിക്കുന്നതെന്ന വാര്‍ത്തകള്‍ ശരിയാണെന്ന് ബോധ്യമായത്.
നിലവില്‍ ശബരിമലയില്‍ സന്നിധാനത്തും ശബരി പീഠത്തിലുമാണ് വെടി വഴിപാട് ഉള്ളത്. തീ അണയ്ക്കുന്നതിനുള്ള കുറച്ച് സിലിണ്ടറുകളും മണല്‍ നിറച്ച തൊട്ടികളും മാത്രമാണ് ശബരിമലയിലെ സുരക്ഷാ ഒരുക്കങ്ങളെന്ന് പൊലിസ് അന്വേഷണത്തില്‍ വ്യക്തമായി.
മലനട വെടിക്കെട്ട് അപകടത്തെത്തുടര്‍ന്ന് ശബരിമലയിലും വെടിവഴിപാട് നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍, പിന്നീട് പുനരാരംഭിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it