Pathanamthitta local

ശബരിമലയിലും പരിസരത്തും ചവറിട്ടാല്‍ തടവുശിക്ഷ

പത്തനംതിട്ട:  പമ്പ, സന്നിധാനം, നിലയ്ക്കല്‍, തീര്‍ഥാടന പാതകള്‍, സമീപ വനമേഖലകള്‍ എന്നിവിടങ്ങളിലുള്‍പ്പെടെ ശബരിമലയില്‍ ചവര്‍ വലിച്ചെറിഞ്ഞാല്‍ ഇനി മുതല്‍ കടുത്തശിക്ഷ. 133 സി.ആര്‍.പി.സി, കേരള പോലിസ് ആക്ടിലെ സെക് ഷന്‍ 80 എന്നിവയനുസരിച്ച് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കലക്ടര്‍ എസ്ഹരികിഷോറാണ് ഉത്തരവിട്ടത്. സി.ആര്‍.പി.സി 133 ാം വകുപ്പു പ്രകാരമുള്ള ഉത്തരവ് ലംഘിച്ച് ചവറിടുകയോ പരിസരം മലിയമാക്കുകയോ ചെയ്താല്‍ ഐ.പി.സി 188ാം വകുപ്പനുസരിച്ച് തടവോ, പിഴയോ, രണ്ടും കൂടിയോ ലഭിക്കും. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ജില്ലാ കലക്ടര്‍ പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ നേരിട്ട് നടത്തിയ പരിശോധയില്‍ പലയിടത്തും ചവര്‍ നിക്ഷേപിക്കുന്നതായി കണ്ടെത്തിയിരുന്നു. ചവര്‍ നിക്ഷേപിക്കുന്നത് തീര്‍ഥാടകരുടെ ആരോഗ്യത്തിന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നതിനാലും പൊതുശല്യമാണെന്നതും കണക്കിലെടുത്ത് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്.     പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള ചവര്‍ വലിച്ചെറിയുന്നതിനെതിരേ നിലവില്‍ ജില്ലാ ഭരണകൂടം വിവിധ വകുപ്പുകളുമായി സഹകരിച്ച് ബോധവല്‍ക്കരണ പ്രവര്‍ത്തനം നടത്തുന്നുണ്ട്. മിഷന്‍ഗ്രീന്‍ ശബരിമലയുടെ ഭാഗമായും വിപുലമായ ബോധവല്‍ക്കരണമാണ് നടക്കുന്നത്. എന്നാല്‍ ബോധവല്‍ക്കരണത്തിനൊപ്പം കര്‍ശന നടപടി കൂടിയുണ്ടെങ്കിലേ ശബരിമലയെ മാലിന്യത്തില്‍ നിന്ന് പൂര്‍ണമായി മോചിപ്പിക്കാനാവുയെന്ന് കണ്ടതിനെ തുടര്‍ന്നാണ് ഉത്തരവിറക്കിയത്. പമ്പയില്‍ തുണി ഉപേക്ഷിക്കുന്നത്, പ്ലാസ്റ്റിക് മാലിന്യം, ഭക്ഷണാവശിഷ്ടം, പച്ചക്കറി-പഴവര്‍ഗങ്ങളുടെ അവശിഷ്ടം, പ്ലാസ്റ്റിക് കുപ്പികളുടെ കൂമ്പാരം എന്നിവയാണ് കലക്ടറുടെ സന്ദര്‍ശനത്തില്‍ പലയിടത്തും കണ്ടെത്തിയത്. ഗുരുതരമായ പരിസ്ഥിതി-ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇതുവഴിവയ്ക്കുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍. പമ്പയെ സംരക്ഷിക്കുന്നതിനും തീര്‍ഥാടകരുടെ ആരോഗ്യ സംരക്ഷണത്തിനും വന സംരക്ഷണത്തിനും നടപടി അത്യന്താപേക്ഷിതമാണെന്ന് ഉത്തരവ് വ്യക്തമാക്കുന്നു. ജില്ലാ പോലിസ് മേധാവി, ആര്‍ഡിഒ, സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരെ ഉത്തരവ് നടപ്പാക്കാന്‍ ചുമതലപ്പെടുത്തി.
Next Story

RELATED STORIES

Share it