ശത്രുസ്വത്ത് ബില്ല്: മുതിര്‍ന്ന ഉദ്യോഗസ്ഥരെ അയക്കാത്തതില്‍ പാര്‍ലമെന്ററി സമിതിക്ക് അതൃപ്തി

ന്യൂഡല്‍ഹി: ശത്രുസ്വത്ത് ബില്ല് പരിശോധിക്കുന്ന പാര്‍ലമെന്ററി സമിതി വിളിച്ചുചേര്‍ത്ത യോഗത്തിലേക്ക് മുതിര്‍ന്ന ഉദ്യോഗസ്ഥരെ അയക്കാതിരുന്ന സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടില്‍ സമിതി അസന്തുഷ്ടി പ്രകടിപ്പിച്ചു. ബിജെപി എംപി ഭൂപേന്ദ്ര യാദവിന്റെ നേതൃത്വത്തിലുള്ളതാണ് സമിതി. ഉത്തര്‍പ്രദേശ്, ബിഹാര്‍, ആന്ധ്രപ്രദേശ്, തെലങ്കാന, ഉത്തരാഖണ്ഡ്, ഡല്‍ഹി സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുടെ യോഗമായിരുന്നു ഇതു സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ ഇന്നലെ വിളിച്ചുചേര്‍ത്തത്. എന്നാല്‍, മിക്ക സംസ്ഥാനങ്ങളും താഴേക്കിടയിലുള്ള ഉദ്യോഗസ്ഥരെയാണ് അയച്ചത്. ചില സംസ്ഥാനങ്ങള്‍ക്കു വേണ്ടി ഡല്‍ഹിയിലുള്ള റസിഡന്റ് കമ്മീഷണര്‍മാരാണു പങ്കെടുത്തത്.
പങ്കെടുത്തവരാവട്ടെ വിഷയത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാത്തവരുമായിരുന്നു. ഇതാണ് സമിതിയെ ചൊടിപ്പിച്ചത്. ഈ മാസം 19നു നടക്കുന്ന യോഗത്തില്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാരോ റവന്യൂ സെക്രട്ടറിയോ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് സമിതി നിര്‍ദേശിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it