ശംസുല്‍ ഉലമയുടെ പിന്മുറക്കാരന്‍; കണ്ണിയത്തിന്റെ ഇഷ്ട തോഴന്‍

കൊണ്ടോട്ടി: പ്രമുഖരുടെ വിയോഗം സൃഷ്ടിച്ച വിടവ് നികത്താന്‍ എപ്പോഴും സമസ്ത ചുമതലപ്പെടുത്തിയ പണ്ഡിതനായിരുന്നു വിനയത്തിന്റെ പ്രതിരൂപമായ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍. മഹാനായ കണ്ണിയത്ത് അഹ്മദ് മുസ്‌ല്യാരുടെയും ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ്‌ല്യാരുടെയും പ്രിയപ്പെട്ട ശിഷ്യനും തോഴനുമായിരുന്നു അദ്ദേഹം. ചെറുശ്ശേരി അഹ്മദ്കുട്ടി മുസ്‌ല്യാര്‍ വാഴക്കാട്ട് ദര്‍സ് നടത്തുമ്പോള്‍ കണ്ണിയത്തിന്റെ സതീര്‍ഥ്യരായി ചെറുശ്ശേരിയുടെ പിതാവ് മുഹമ്മദ് മുസ്‌ല്യാരുമുണ്ടായിരുന്നു. അവര്‍ തമ്മിലുള്ള ബന്ധം അവരുടെ മകനായ സൈനുദ്ദീന്‍ മുസ്‌ല്യാരുമായും കണ്ണിയത്ത് നിലനിര്‍ത്തിപ്പോന്നു.
ഇരുപത് വര്‍ഷത്തോളം കണ്ണിയത്തിനൊപ്പം കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യവും സൈനുദ്ദീന്‍ മുസ്‌ല്യാര്‍ക്കുണ്ടായിരുന്നു. കണ്ണിയത്ത് സൈനുദ്ദീന്‍ എന്ന് പേരെടുത്ത് വിളിക്കുമ്പോള്‍ മറ്റു ശിഷ്യന്മാരോട് മുസ്‌ല്യാര്‍ എന്ന് വിളിക്കണമെന്നും നിര്‍ബന്ധിച്ചിരുന്നു. ഇ കെ അബൂബക്കര്‍ മുസ്‌ല്യാരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ചെറുശ്ശേരി ഇകെയുടെ പിന്മുറക്കാരനായാണ് അറിയപ്പെട്ടിരുന്നത്. സമസ്ത മുശാവറ അംഗമായ കാലത്താണ് ഇരുവരും കൂടുതല്‍ അടുത്തത്. അക്കാലത്ത് ഇകെ എത്തേണ്ട പല സ്ഥലങ്ങളിലും പകരക്കാരനായി എത്തിയിരുന്നത് ചെറുശ്ശേരിയായിരുന്നു. ജുമുഅ സ്ഥാപിക്കാനും പ്രശ്‌നങ്ങള്‍ കര്‍മശാസ്ത്രം വിവരിച്ച് പരിഹരിക്കാനും മതപ്രഭാഷണത്തിനും ചെറുശ്ശേരിയുടെ കഴിവ് ഇകെ കണ്ടെത്തിയിരുന്നു. സമസ്തയുടെ ഐതിഹാസികമായ എഴുപതാം വാര്‍ഷിക മഹാ സമ്മേളനത്തില്‍ അധ്യക്ഷ ഭാഷണത്തിനായി താനിരിക്കുന്ന സ്ഥലത്തേക്ക് സൈനു ല്‍ ഉലമയെ ക്ഷണിച്ചാണ് ശംസുല്‍ഉലമ വേദി വിട്ടിറങ്ങിയത്. തൃക്കരിപ്പൂരില്‍ സംയുക്ത ഖാസി സ്ഥാനത്തേക്ക് ചെറുശ്ശേരിയെ ഇകെ തന്നെയായിരുന്നു പ്രഖ്യാപിച്ചത്. ആയതിനാല്‍ തന്നെയാണ് ഇകെയുടെ വിയോഗത്തോടെ ചെറുശ്ശേരിയെ തേടി ജനറല്‍ സെക്രട്ടറി സ്ഥാനമെത്തിയതും.
സി എച്ച് ഹൈദ്രോസ് മുസ്‌ല്യാര്‍ക്കു ശേഷം ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡിന്റെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് എതിര്‍പ്പില്ലാതെ വന്നെത്തിയത് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ് ല്യാരായിരുന്നു. കെ കെ ഹസ്രത്തിന്റെ വിയോഗത്തെ തുടര്‍ന്ന് സുന്നീ മഹല്ല് ഫെഡറേഷന്‍ ജില്ലാപ്രസിഡന്റ് സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടതും ചെറുശ്ശേരിയെയായിരുന്നു.
ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ്‌ല്യാര്‍ വഹിച്ചിരുന്ന ഫത്‌വ കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്തേക്കും പിന്നീട് ഇകെയുടെ വിയോഗത്തിനു ശേഷം സമസ്ത ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും നിയമിതനായതു ചെറുശ്ശേരി തന്നെയാണ്. പാണ്ഡിത്യത്തിന്റെ പ്രൗഢിയിലും വിനയത്തിന്റെ ആള്‍രൂപമായ ചെറുശ്ശേരി സംഘടനാ രംഗത്ത് രണ്ടു പതിറ്റാണ്ടു കാലം സൂക്ഷ്മത കാത്തുസൂക്ഷിച്ചു സംഘടനയെ നയിച്ച നേതാവാണ്. ഇന്ത്യയിലെ പ്രബല മത സംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തിരിക്കുമ്പോഴും വാക്കുകൊണ്ടോ പ്രവൃത്തി കൊണ്ടോ ആരെയും പോറലേല്‍പ്പിച്ചില്ല അദ്ദേഹം. സമസ്തയുടെ മുന്‍കാല നേതാക്കളുടെ പാത പിന്തുടര്‍ന്നാണ് ചെറുശ്ശേരിയും സംഘടനയെ നയിച്ചതും ജീവിച്ചതും. ആശയത്തെ ആശയംകൊണ്ട് നേരിടുക എന്നതായിരുന്നു ചെറുശ്ശേരിയുടെ രീതി.
Next Story

RELATED STORIES

Share it