വ്യോമാക്രമണം: 11 മരണം ഹലബില്‍; ഒരാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടത് 200ലധികം പേര്‍

ദമസ്‌കസ്: സിറിയയില്‍ വിമതരുടെ നിയന്ത്രണത്തിലുള്ള ഹലബ് പ്രവിശ്യയില്‍ വ്യോമാക്രമണം തുടരുന്നു. മജ്‌റ, ഫര്‍ദേസ്, മഷ്ഹാദ്, സൊക്കാരി ജില്ലകളില്‍ റഷ്യന്‍-സിറിയന്‍ സേനകള്‍ നടത്തിയ 20ഓളം വ്യോമാക്രമണങ്ങളിലായി 11 പേര്‍ ഇന്നലെ കൊല്ലപ്പെട്ടു. മജ്‌റയിലെ ഒരു ക്ലിനിക്കിനു നേരെയുണ്ടായ സിറിയന്‍ സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. രോഗികളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ആക്രമണത്തില്‍ പൂര്‍ണമായും ക്ലിനിക്കിന്റെ കെട്ടിടം തകര്‍ന്നു. ഫര്‍ദോസില്‍ മുസ്‌ലിം പള്ളിക്കു നേര്‍ക്കാണ് ആക്രമണമുണ്ടായത്.

കഴിഞ്ഞ ദിവസം ഹലബിലെ സൊക്കാരിയില്‍ പ്രവര്‍ത്തിക്കുന്ന മെഡിസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്‌സിന്റെ (എംഎസ്എഫ്) നിയന്ത്രണത്തിലുള്ള അല്‍ഖുദ് ആശുപത്രിക്കു നേരെയുണ്ടായ വ്യോമാക്രമണത്തില്‍ 34 പേര്‍ മരിക്കുകയും 62 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 200ലധികം സിവിലിയന്‍മാരാണ് ഹലബില്‍ റഷ്യന്‍, സിറിയന്‍ വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ടതെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു.
അതേസമയം സിറിയയിലെ നിലവിലെ അവസ്ഥയെ ശക്തമായി അപലപിക്കുന്നതായി യുഎന്‍ എയ്ഡ് അധ്യക്ഷന്‍ സ്റ്റീഫന്‍ ഒബ്രിയന്‍ അറിയിച്ചു. നിരവധി പേര്‍ രാജ്യത്തു കൊല്ലപ്പെടുകയും കുടിയൊഴിയാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്നു. അവസ്ഥ ആശങ്കാജനകമാണെന്നും ആഗോള സമൂഹത്തിന്റെ ഇടപെടല്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ തുടരുകയാണെങ്കില്‍ രാജ്യത്തെ സംഘര്‍ഷബാധിത മേഖലകളില്‍ സഹായം എത്തിക്കാനുള്ള ശ്രമം നടപ്പാക്കാനാവില്ലെന്ന് യുഎന്‍ മുന്നറിയിപ്പു നല്‍കി. ഹലബിലെ സ്ഥിതിഗതികള്‍ വലിയ നാശത്തിലേക്കു നയിക്കുന്നതാണെന്നും യുദ്ധബാധിത മേഖലകളില്‍ വൈദ്യ സഹായം എത്തിക്കുന്നതിന് സിറിയന്‍ സര്‍ക്കാര്‍ അനുമതി നല്‍കണമെന്നും യുഎന്‍ പ്രതിനിധി ജാന്‍ ഇംഗ്ലണ്ട് അറിയിച്ചു. ജനീവയില്‍ ഇന്റര്‍നാഷനല്‍ സിറിയ സപ്പോര്‍ട്ട് ഗ്രൂപ്പുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
Next Story

RELATED STORIES

Share it