വ്യോമസേനാ താവളത്തിനു നേരെ ആക്രമണം

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: പഞ്ചാബിലെ പത്താന്‍കോട്ടിലെ വ്യോമസേനാ താവളത്തിനു നേരെ ആക്രമണം. സൈനികരുടെ വേഷത്തിലെത്തി ആക്രമണം നടത്തിയ അഞ്ചു പേരെ സൈന്യം വധിച്ചു. അക്രമികളുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു സൈനികര്‍ കൊല്ലപ്പെട്ടു.
പാക് സംഘടനയായ ജയ്‌ശെ മുഹമ്മദാണ് ആക്രമണത്തിനു പിന്നിലെന്നാണ് സംശയിക്കുന്നതെന്നും ആസൂത്രണം നടന്നത് പാകിസ്താനിലാണെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ പക്കല്‍ ഇതു സംബന്ധിച്ച വിശ്വസനീയമായ തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ വെളുപ്പിന് 3.30ഓടെയാണ് മിഗ് 21 പോര്‍വിമാനങ്ങള്‍ ഉള്‍പ്പെടെയുള്ളവ സൂക്ഷിച്ചിട്ടുള്ള പത്താന്‍കോട്ടിലെ വ്യോമസേനാ കേന്ദ്രത്തിലേക്കു നുഴഞ്ഞുകയറി ആക്രമണം നടത്തിയത്.
പോര്‍വിമാനങ്ങളും ഹെലികോപ്റ്ററുകളും തകര്‍ക്കുകയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നാണ് റിപോര്‍ട്ട്. വിമാനങ്ങളുള്ള ടെക്‌നിക്കല്‍ മേഖലയിലേക്ക് അക്രമികള്‍ക്ക് കടക്കാന്‍ സാധിച്ചിട്ടില്ല.
ആക്രമണം നടന്ന വ്യോമസേനാ താവളത്തില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയാണ് ഇന്ത്യ-പാക് അന്താരാഷ്ട്ര അതിര്‍ത്തി. അഞ്ചു മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് അക്രമികളെ കൊന്നതെന്നാണ് സൂചന. വ്യോമസേനാ താവളത്തിനു പിന്‍വശത്തുള്ള വനത്തിലൂടെയാണ് അക്രമികള്‍ ബേസിലേക്കു പ്രവേശിച്ചതെന്നാണ് റിപോര്‍ട്ടുകള്‍. വ്യോമസേനാ ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ താമസിക്കുന്ന സമുച്ചയത്തിനു സമീപമുള്ള ഭക്ഷണശാലയുടെ അടുത്തുവച്ചാണ് അക്രമികളും സൈന്യവും തമ്മില്‍ പോരാട്ടം നടന്നത്.
അഞ്ചു മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ രാവിലെ 9 മണിയോടെയാണ് നാലു പേരെ വധിച്ചത്. എന്നാല്‍, 11.30ഓടെ വ്യോമസേനാ കേന്ദ്രത്തില്‍ നിന്നു വീണ്ടും വെടിവയ്പുണ്ടായി.
ഗ്രനേഡ് പ്രയോഗിച്ചതിന്റെ ശബ്ദവും കേട്ടിരുന്നു. ഒരു അക്രമി കൂടി ഉണ്ടെന്ന സംശയത്തെത്തുടര്‍ന്ന് സൈന്യവും പോലിസും തിരച്ചില്‍ ഊര്‍ജിതമാക്കി. തുടര്‍ന്നാണ് ഒരാളെ കൂടി സൈന്യം വധിച്ചത്.
വ്യാഴാഴ്ച രാത്രി ഗുരുദാസ്പൂര്‍ പോലിസ് സൂപ്രണ്ട് ഉള്‍പ്പെടെ മൂന്നു പേര്‍ സഞ്ചരിച്ചിരുന്ന വാഹനം തട്ടിക്കൊണ്ടുപോയിരുന്നു. എസ്പി സല്‍വീന്ദര്‍ സിങും രണ്ടു സഹപ്രവര്‍ത്തകരും സഞ്ചരിച്ചിരുന്ന വാഹനമാണ് തടഞ്ഞത്. എസ്പിയെ തട്ടിക്കൊണ്ടുപോയതിനു പിന്നാലെ വ്യോമസേനാ കേന്ദ്രത്തിലെ അടക്കം സുരക്ഷ വര്‍ധിപ്പിക്കുകയും 160 എന്‍എസ്ജി കമാന്‍ഡോകളെ രംഗത്തിറക്കുകയും ചെയ്തിരുന്നു.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ഉന്നതതല യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കര-നാവിക-വ്യോമസേനാ മേധാവിമാരും യോഗത്തില്‍ പങ്കെടുത്തു. ദേശീയ സുരക്ഷാ ഏജന്‍സി (എന്‍ഐഎ) അന്വേഷണം ഏറ്റെടുത്തു.
പുതുവര്‍ഷത്തില്‍ ഭീകരാക്രമണസാധ്യത ഉണ്ടാകുമെന്ന് നേരത്തേ ഇന്റലിജന്‍സ് റിപോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെ, ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പത്താന്‍കോട്ടില്‍ ജനങ്ങള്‍ പാക് പതാക കത്തിച്ച് പ്രതിഷേധിച്ചു.
Next Story

RELATED STORIES

Share it