വ്യോമമേഖല സംരക്ഷിക്കാന്‍ തുര്‍ക്കിക്ക് അവകാശമുണ്ട്: ഒബാമ

വാഷിങ്ടണ്‍: തുര്‍ക്കിയുടെ വ്യോമമേഖല സംരക്ഷിക്കാനുള്ള അവകാശം അവര്‍ക്കുണ്ടെന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ. സിറിയയോടു ചേര്‍ന്നു കിടക്കുന്ന തങ്ങളുടെ അതിര്‍ത്തിയില്‍ റഷ്യന്‍ യുദ്ധവിമാനം വെടിവച്ചിടാനുണ്ടായ സാഹചര്യം തുര്‍ക്കി നാറ്റോ സഖ്യത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ രാജ്യങ്ങളെയും പോലെ തുര്‍ക്കിക്കും അവരുടെ മണ്ണും വ്യോമമേഖലയും സംരക്ഷിക്കാനുള്ള അവകാശമുണ്ടെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഹൊളാന്‍ദിനൊപ്പം വാഷിങ്ടണില്‍ നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ ഒബാമ പറഞ്ഞത്. സംഭവിച്ചതെന്താണെന്നതില്‍ കൃത്യത വരുത്തുന്നതിന് റഷ്യയും തുര്‍ക്കിയും സംഭാഷണം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

റഷ്യയുടെ പ്രവര്‍ത്തനത്തിലുള്ള പ്രശ്‌നത്തിലേക്കാണ് വിമാനം വെടിവച്ചു വീഴ്ത്തപ്പെട്ട സംഭവം സൂചന നല്‍കുന്നതെന്നും തുര്‍ക്കി അതിര്‍ത്തിയോടു ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളില്‍ നിന്നും മിതവാദികളായ പ്രതിപക്ഷത്തെ ആട്ടിയോടിക്കുകയാണവര്‍ ചെയ്യുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഐഎസിനെതിരേയുള്ള പോരാട്ടത്തിന് പകരം റഷ്യ സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതാണ് വെല്ലുവിളിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഷ്യന്‍ വിമാനം വെടിവച്ചു വീഴ്ത്തപ്പെട്ട സംഭവത്തില്‍ തനിക്ക് ഉല്‍ക്കണ്ഠയുണ്ടെന്നും രാഷ്ട്രങ്ങള്‍ സംയമനം പാലിക്കണമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു.അതിനിടെ വിമാനം വെടിവെച്ചിട്ടതിനെ തുടര്‍ന്ന് പ്രതിസന്ധി രൂക്ഷമായ മേഖലയില്‍ തുര്‍ക്കിയ്ക്ക് പിന്തുണയുമായി നാറ്റോ രംഗത്തെത്തി.

തുര്‍ക്കിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി നാറ്റോ സെക്രട്ടറി ജനറല്‍ പറഞ്ഞു.
Next Story

RELATED STORIES

Share it