വ്യാവസായിക ഖനനം പൊതുമേഖലയില്‍ നിലനിര്‍ത്തും: മന്ത്രി

തിരുവനന്തപുരം: വ്യാവസായിക ഖനനം പൊതുമേഖലയില്‍തന്നെ നിലനിര്‍ത്തുമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍. എന്നാല്‍, നിലവില്‍ സ്വകാര്യമേഖലയില്‍ നടക്കുന്ന ഖനനങ്ങള്‍ തടസ്സപ്പെടുത്തുകയുമില്ലെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം പ്രസ്‌ക്ലബ്ബ് നടത്തിയ മീറ്റ് ദ പ്രസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിന്റെ ഭാഗമായി വിശദമായ പഠനം നടത്താന്‍ വിദഗ്ധസമിതിയെ നിയോഗിക്കും. വ്യവസായ സംരംഭകര്‍ക്ക് ആവശ്യമായ പശ്ചാത്തല സംവിധാനവും അവരുടെ ലൈസന്‍സ് ഉള്‍പ്പെടെയുള്ളവയ്ക്കായി ഏകീകൃത സംവിധാനവും നടപ്പാക്കും. എന്നാല്‍, പരിസ്ഥിതിക്ക് കോട്ടംതട്ടാതെ മാത്രമേ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കൂ. പരമ്പരാഗത വ്യവസായങ്ങളുടെ നിലനില്‍പ്പിനായി അവരുടെ ഉല്‍പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണി കണ്ടെത്തും. പരമ്പരാഗത വ്യവസായങ്ങള്‍ ഇന്ന് ഏറെ ബുദ്ധിമുട്ട് അനുവദിക്കുകയാണ്. അതിനാല്‍ അവയുടെ നിലനില്‍പ്പിനാണ് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുന്നത്.
റബര്‍ അധിഷ്ഠിത വ്യവസായ സംരംഭത്തിന് പ്രത്യേക പരിഗണന നല്‍കും. സ്‌പോര്‍ട്‌സ് കൗ ണ്‍സിലുകളില്‍ ജനാധിപത്യം കൊണ്ടുവരും. വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും കായികശേഷി വര്‍ധിപ്പിക്കാനുള്ള പുതിയ കായികനയത്തിന് രൂപംനല്‍കും. ദേശീയ ഗെയിംസുമായി ബന്ധപ്പെട്ടുയര്‍ന്ന അഴിമതി അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുല്ലപ്പെരിയാര്‍: മുഖ്യമന്ത്രിയെ പിന്തുണച്ച് വ്യവസായ മന്ത്രി

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അനുകൂലിച്ച് വ്യവസായ മന്ത്രി ഇ പി ജയരാജനും. മുഖ്യമന്ത്രി പറഞ്ഞതില്‍ തെറ്റില്ല. പ്രശ്‌നം പരിഹരിക്കാനാണ് നോക്കുന്നത്. അല്ലാതെ, തൊട്ടടുത്ത സംസ്ഥാനവുമായി പ്രശ്‌നം സൃഷ്ടിക്കുകയല്ല. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തീരുമാനമെടുത്തത് സുപ്രിംകോടതിയാണ്. അണക്കെട്ടിന് ബലക്ഷയമില്ലെന്നു കണ്ടെത്തിയത് സുപ്രിംകോടതി നിയോഗിച്ച വിദഗ്ധ കമ്മിറ്റിയാണ്. മുഖ്യമന്ത്രിയുടെ പ്രസ്താവന യാഥാര്‍ഥ്യങ്ങളിലൂന്നിയാണ്.
അതേസമയം, സീതാറാം യെച്ചൂരിക്ക് വിഎസ് കത്ത് കൊടുക്കുന്നതില്‍ എന്താണ് പ്രശ്‌നമെന്നായിരുന്നു ഇതുസംബന്ധിച്ച ചോദ്യത്തോടുള്ള മന്ത്രിയുടെ പ്രതികരണം. വിഎസിന് എന്തെങ്കിലും സ്ഥാനം കൊടുത്താല്‍ അത് എല്ലാവരെയും അറിയിക്കുമെന്നും മൂടിവയ്ക്കില്ലെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it