Pathanamthitta local

വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം; വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

പത്തനംതിട്ട: നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം നടത്തിയ കേസില്‍ മൂന്ന് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ നാലുപേര്‍ അറസ്റ്റില്‍. സംഘത്തലവന്‍ കോന്നി കുമ്മണ്ണൂര്‍ തൈക്കാവില്‍ വീട്ടില്‍ നിസാം (25), സഹായികളായ വെട്ടിപ്രം സ്വദേശികളായ 14, 16, 17 വയസ്സുകള്‍ വീതം പ്രായമുള്ള മൂന്ന് വിദ്യാര്‍ഥികളുമാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് അഞ്ച് മൊബൈല്‍ ഫോണ്‍, ഒരു ലാബ്, ഒരു പെന്‍െ്രെഡവ്, രണ്ട് മെമ്മറി കാര്‍ഡുകള്‍ എന്നിവ കണ്ടെടുത്തു.
പത്തനംതിട്ട സിഐ അനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസമാണ് ഇവരെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
സംഭവത്തെപ്പറ്റി പോലിസ് പറയുന്നത് ഇങ്ങനെ: നിസാമിന്റെ നേതൃത്വത്തിലാണ് മോഷണങ്ങള്‍ നടത്തിയിരുന്നത്. കഞ്ചാവ് വിതരണക്കാരന്‍കൂടിയായ നിസാം ലഹരി വിതരണത്തിലൂടെയാണ് കുട്ടികളെ സ്വാധീനിച്ചത്. ലഹരിക്ക് അടിമകളായ കുട്ടികള്‍ നിസാമിന്റെ ഒപ്പം ചേര്‍ന്നു. പത്തനംതിട്ട കെഎസ്ആര്‍ടിസിക്ക് എതിര്‍വശത്തെ ഒരു കടമുറിയില്‍ താമസിക്കുന്ന നിസാം രാത്രികാലങ്ങളില്‍ കുട്ടികളെ ബൈക്കില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് സമീപം ഇറക്കിവിടുകയാണ് പതിവ്.
പത്തനംതിട്ടയില്‍ താമസിക്കുന്നതിനാല്‍ ഇവിടുത്തെ വ്യാപാര സ്ഥാപനങ്ങള്‍ സംബന്ധിച്ച് ഇവര്‍ക്ക് വ്യക്തമായ അറിവുണ്ട്. കുട്ടികളെ കടകളുടെ സമീപം ഇറക്കിവിട്ട ശേഷം നിസാം ബൈക്കില്‍ കറങ്ങി പരിസരങ്ങള്‍ നിരീക്ഷിച്ച് ആരുമില്ലെന്ന് ഉറപ്പുവരുത്തി നിര്‍ദേശം നല്‍കും. കുട്ടികളാണ് മോഷണം നടത്തുന്നത്. മോഷണം നടത്തിയ ശേഷം എവിടെ എത്തണമെന്നും നിസാം നിര്‍ദേശം നല്‍കും. ഇത്തരത്തില്‍ സുരക്ഷിതരായി എത്തുന്ന കുട്ടികളുമായി നിസാം ബൈക്കില്‍ രക്ഷപ്പെടും. സുരക്ഷിത താവളത്തില്‍ എത്തിയ ശേഷം മോഷണമുതലുകള്‍ കുട്ടികള്‍ നിസാമിന് കൈമാറും.
മോഷണ മുതലുകള്‍ വില്‍പ്പന നടത്തിയ ശേഷം പണത്തിന്റെ പങ്ക് കുട്ടികള്‍ക്ക് നല്‍കുകയായിരുന്നു പതിവ്. സംശയെത്ത തുടര്‍ന്ന് നിസാമിനെ നിരീക്ഷിച്ചുവരികയായിരുന്നു. കഴിഞ്ഞ ദിവസം പണം വാങ്ങാന്‍ നിസാം താമസിക്കുന്നിടത്ത് കുട്ടികള്‍ എത്തിയതോടെ ഇവരെ കൈയ്യോടെ പിടികൂടുകായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവര്‍ കുറ്റം സമ്മതിച്ചത്. മോഷണ മുതലുകള്‍ കണ്ടെടുക്കുകയും ചെയ്തു.
നിരവധി സാധനങ്ങള്‍ ഇത്തരത്തില്‍ ഇവര്‍ വില്‍പ്പന നടത്തിയിട്ടുണ്ടെന്നും ഇവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പോലിസ് പറഞ്ഞു. ജില്ലാ ആസ്ഥാനത്തെ ഡിവൈഎസ്പി ഓഫിസിനും പോലീസ് സ്‌റ്റേഷനും മൂക്കിന് താഴെ സെന്‍ട്രല്‍ ജങ്ഷനില്‍ പഴയ പ്രൈവറ്റ് ബസ് സ്റ്റാഡ് റോഡില്‍ കുരിശടിക്ക് പിന്നിലായി പ്രവര്‍ത്തിക്കുന്ന മൊബൈല്‍ പഌസ, നിസാ ട്രേഡേഴ്‌സ്, ഖലീല്‍ മെഡിക്കല്‍സ്, ടൗണ്‍ ബേക്കറി, മെട്രോ ഗ്യാലക്‌സി, ഗ്രീന്‍ കോഫ് വര്‍ക്ക് എന്നീ സ്ഥാപനങ്ങളിലായിരുന്നു മോഷണം. ഒക്ടോബര്‍ 17, 24 തിയ്യതികളില്‍ രാത്രിയിലായിരുന്നു മോഷണം. സ്ഥാപനങ്ങളുടെ ഓടികളക്കിയാണ് ഇവര്‍ അകത്ത് പ്രവേശിച്ചത്.
ചക്കുളത്തുകാവ്
Next Story

RELATED STORIES

Share it