kozhikode local

വ്യാപാരി ഹര്‍ത്താല്‍ വടകരയിലും പേരാമ്പ്രയിലും പൂര്‍ണം

വടകര: വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തില്‍ ഇന്നലെ സംസ്ഥാന വ്യാപകമായി നടന്ന കടമുടക്ക് സമരം വടകരയില്‍ പൂര്‍ണം.
വടകരയിലെ പ്രധാന കച്ചവട കേന്ദ്രങ്ങളായ മാര്‍ക്കറ്റ് റോഡ്, അടക്കാത്തെരു, എടോടി, ചന്തപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളെല്ലാം വിജനമായി. മറ്റു വ്യാപാര സ്ഥാപനങ്ങള്‍ എല്ലാം തന്നെ അടഞ്ഞു കിടന്നു. ഹോട്ടലുകളും തുറന്നു പ്രവര്‍ത്തിച്ചില്ല. ആലപ്പുഴയില്‍ വാണിജ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പിഴയടക്കാന്‍ നോട്ടീസ് നല്‍കിയതിനെുടര്‍ന്ന് വ്യാപാരി തൂങ്ങി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് സമരം. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. വ്യാപാരികള്‍ വടകരയില്‍ പ്രകടനം നടത്തി. 16 ലക്ഷം രൂപ പിഴയടക്കണമെന്ന് ആവശ്യപ്പെട്ട് വാണിജ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കിയതിനു പിന്നാലെ അമ്പലപ്പുഴ ചിത്ര സ്റ്റോഴ്‌സ് ഉടമ ആര്‍.ശ്രീകുമാര്‍ തൂങ്ങി മരിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് വ്യാപാരികള്‍ കടകളടച്ച് പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്. വടകരയില്‍ നടന്ന പ്രകടനത്തിന് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഒ.കെ.ചന്ദ്രന്‍, എം.അബ്ദുള്‍സലാം, ഒ.വി.ശ്രീധരന്‍, പൂത്തോളി റഷീദ്, കുനിയില്‍ സതീശന്‍, ജലീല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പേരാമ്പ്ര: വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ച ഹര്‍ത്താല്‍ പേരാമ്പ്ര മേഖലയില്‍ പൂര്‍ണം. പേരാമ്പ്ര ടൗണില്‍ കടകളെല്ലാം അടഞ്ഞു കിടന്നു. മെഡിക്കല്‍ ഷോപ്പുകള്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്.
ദീര്‍ഘദൂര യാത്രക്കാരും വിദ്യാര്‍ഥികളും ഹര്‍ത്താലിനെ തുടര്‍ന്ന് ഏറെ പ്രയാസപ്പെട്ടു. ഇതര സംസ്ഥാന തൊഴിലാളികളും ടൗണിലെ അന്തേവാസികളും ഭക്ഷണം ലഭിക്കാതെ ബുദ്ധിമുട്ടി. ആശുപത്രിയില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ചെറിയ ആശ്വാസമായി ഒരു തട്ടുകട തുറന്നത്. മുന്‍കൂട്ടിയല്ലാത്ത ഹര്‍ത്താലില്‍ ദൂര സ്ഥലത്ത് ജോലിക്കു പോകുന്നവരും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാരും ഭക്ഷണം ലഭിക്കാതെ പ്രയാസപ്പെട്ടു. പെട്രോള്‍ പമ്പുകള്‍ അടച്ചിട്ടതോടെ ചെറു വാഹനങ്ങളും പ്രയാസം നേരിട്ടു.
Next Story

RELATED STORIES

Share it