Alappuzha local

വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ്; പ്രതികളെ വെറുതെവിട്ടു

ആലപ്പുഴ: കായംകുളത്തെ ശര്‍ക്കര വ്യാപാരിയായിരുന്ന തമിഴ്‌നാട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കേസിലെ 11 പ്രതികളെയും ആലപ്പുഴ അഡീഷനല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടു. തമിഴ്‌നാട്-തേനി ലക്ഷമിപുരം നേതാജി സ്ട്രീറ്റില്‍ രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ മാവേലിക്കര തെക്കേക്കര എബനേസര്‍ പുത്തന്‍വീട്ടില്‍ ലിജു ഉമ്മന്‍ (36), കായംകുളം വളിയക്കരത്ത് തറയില്‍ സമീന മന്‍സിലില്‍ മുജീബ് (വെറ്റ മുജീബ്-36), പത്തനാപുരം നടുകുന്നം അനീഷ് മന്‍സിലില്‍ അമീര്‍ഷാ (34), പത്തനാപുരം പള്ളിമുക്ക് പുതുപറമ്പ് വീട്ടില്‍ മുഹമ്മദ് ഷാ (32), കാഞ്ഞിരപ്പള്ളി ചിറക്കടവ് പുതുപറമ്പില്‍ ഷാരോണ്‍ (29), കാഞ്ഞിരപ്പള്ളി ചിറക്കടവ് അശ്‌റഫ് മന്‍സിലില്‍ നിഷാദ് (29), കായംകുളം മാളിക വടക്കേതില്‍ ഷാനു (36), കായംകുളം സസ്യമാര്‍ക്കറ്റിനു സമീപം അറസിപറമ്പില്‍ അമീര്‍ (31), തേനി പെരിയകുളം ശരപ്പെട്ടി സെന്തില്‍ കുമാര്‍ (46), തേനി ലക്ഷ്മിപുരം രവി (57), കായംകുളം ചാലില്‍ അബ്ദുള്‍ അസീസ് (58) എന്നിവരെയാണ് ജഡ്ജി ഹരിപാല്‍ വെറുതെ വിട്ടത്.
2007 ആഗസ്ത് 15നു കൊട്ടാരക്കര ആയൂര്‍ പാലത്തിനു സമീപം ഇത്തിക്കര പൊഴിയില്‍ നിന്നാണ് രാജേന്ദ്രന്റെ മൃതദേഹം കണ്ടെത്തിയത്. തേനിയിലെ ശര്‍ക്കര വ്യാപാരികള്‍ക്കിടയിലെ കിടമല്‍സരത്തിന്റെ ഭാഗമായി രാജേന്ദ്രനെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. 2007 ആഗസ്ത് 11 രാത്രി 9.15നു കായംകുളം സസ്യ മാര്‍ക്കറ്റില്‍ നിന്നു രാജേന്ദ്രനെ ടാറ്റാ സുമോയില്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി ആറ്റില്‍ തള്ളുകയായിരുന്നെന്നും തേനിയിലെ ശര്‍ക്കര വ്യാപാരികളായ സെന്തില്‍കുമാറും രവിയും മറ്റും പ്രതികള്‍ക്കു അഞ്ചു ലക്ഷം രൂപ നല്‍കിയാണ് ക്വട്ടേഷന്‍ ഉറപ്പിച്ചതെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു.
എന്നാല്‍ ഇതു തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നായിരുന്നു കോടതി നിരീക്ഷണം. പ്രോസിക്യൂഷന്‍ 55 സാക്ഷികളെയും പ്രതിഭാഗം നാലു സാക്ഷികളെയും വിസ്തരിച്ചു. അഭിഭാഷകരായ ബി രാമന്‍പിള്ള, ബി ശിവദാസ്, എം സുനില്‍കുമാര്‍, ജി പ്രമോദ് കുമാര്‍, ടി ഒ നൗഷാദ്, പി റോയി, വേണുഗോപാല്‍, ഹാരിസ്, ജോസഫ് ജോണ്‍ എന്നിവരാണ് പ്രതികള്‍ക്കു വേണ്ടി ഹാജരായത്.
Next Story

RELATED STORIES

Share it