Alappuzha local

വ്യാപാരിയുടെ ആത്മഹത്യ; പോലിസ് സമഗ്ര അന്വേഷണം ആരംഭിച്ചു: വ്യാപാരി ഹര്‍ത്താല്‍ പൂര്‍ണം

ആലപ്പുഴ: വാണിജ്യ നികുതി ഉദ്യോഗസ്ഥരുടെ പീഡനത്തെ തുടര്‍ന്നു വ്യാപാരി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ നടന്ന വ്യാപാരി ഹര്‍ത്താല്‍ പൂര്‍ണം.
സംസ്ഥാന വ്യാപകമായി വ്യാപാരി വ്യവസായി ഏകോപനസമിതിയും വ്യാപാരി വ്യവസായി സമിതിയും ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ ഭാഗമായാണ് കടയടപ്പ് സമരം നടന്നത്. ഹോട്ടല്‍ ആന്റ് റസ്റ്റന്റ് ഓണേഴ്‌സ് അസോസിയേഷന്റെയും ബേക്കേഴ്‌സ് അസോസിയേഷന്റെയും പിന്തുണയും ഹര്‍ത്താലിനുണ്ടായിരുന്നു.
നഗരത്തിലെ കടകമ്പോളങ്ങളെല്ലാം അടഞ്ഞുകിടന്നതിനാല്‍ വ്യാപാര മേഖല സ്തംഭിച്ചു. റോഡുകളെല്ലാം ഏറെക്കുറെ വിചനമായിരുന്നു. ഹര്‍ത്താലിന് പിന്തുണയുമായി രാവിലെ മുതല്‍ വ്യാപാരികള്‍ കടയടച്ചിടുകയായിരുന്നു.
രാവിലെ വ്യാപാരികള്‍ പ്രതിഷേധ പ്രകടനം നടത്തി. ആലപ്പുഴ വാണിജ്യ വകുപ്പ് ഡപ്യൂട്ടി കമ്മീഷണറുടെ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ഓഫിസിന് സമീപം പോലിസ് തടഞ്ഞു. പോലിസും പ്രതിഷേധക്കാരും തമ്മില്‍ നേരിയ തോതില്‍ ഉന്തും തള്ളുമുണ്ടായി.തുടര്‍ന്ന് നടന്ന ധര്‍ണ ജില്ലാ പ്രസിഡന്റ് രാജു അപ്‌സര ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സബില്‍ രാജ്, വൈസ് പ്രസിഡന്റ് സുനീര്‍ ഇസ്മയില്‍ നേതൃത്വം നല്‍കി. ഹോട്ടലുകള്‍ ഉള്‍പ്പെടെ കടകള്‍ അടച്ചിട്ടതോടെ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ ഭക്ഷണം കിട്ടാതെ വലഞ്ഞു. കുടിവെള്ളം പോലുമില്ലാതെ നഗരജീവിതം ദുസ്സഹമായി.
അമ്പലപ്പുഴ പടിഞ്ഞാറെ നടയ്ക്കു സമീപം ചിത്രാസ്‌റ്റോഴ്‌സ് എന്ന മിനി സൂപര്‍ മാര്‍ക്കറ്റ് ഉടമ ശ്രീകുമാറാണ് കഴിഞ്ഞ ദിവസം സ്വന്തം കടയ്ക്കുള്ളില്‍ ആത്മഹത്യ ചെയ്തത്. അതേസമയം സംഭവത്തില്‍ പോലിസ് സമഗ്ര അന്വേഷണം ആരംഭിച്ചു. അമ്പലപ്പുഴ എസ്‌ഐ പ്രതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പോലിസാണ് അന്വേഷണം നടത്തുന്നത്. 174-ാം വകുപ്പ് ചുമത്തി അസ്വാഭാവിക മരണത്തിനാണ് പോലിസ് കേസെടുത്തിരിക്കുന്നത്.
Next Story

RELATED STORIES

Share it