വ്യാപം കേസ്: കേന്ദ്രത്തിനും മധ്യപ്രദേശ് ഗവര്‍ണര്‍ക്കും സുപ്രിംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ വ്യാപം നിയമന അഴിമതിക്കേസില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും സംസ്ഥാന ഗവര്‍ണര്‍ രാം നരേഷ് യാദവിനും സുപ്രിംകോടതി നോട്ടീസ്. കേസില്‍ ഗവര്‍ണര്‍ രാം നരേഷ് യാദവ് പത്താം പ്രതിയാണെന്ന് വ്യക്തമാക്കുന്ന പോലിസ് രേഖകള്‍ നേരത്തേ പുറത്തുവന്നിരുന്നു. ഇതേത്തുടര്‍ന്ന് ഗവര്‍ണറെ സ്ഥാനത്തുനിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് ഗവര്‍ണര്‍ക്കും കേന്ദ്രത്തിനും കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.
സാമൂഹിക പ്രവര്‍ത്തകന്‍ സഞ്ജയ് ശുക്ല നല്‍കിയ ഹരജിയിന്‍മേല്‍ ചീഫ്ജസ്റ്റിസ് എച്ച് എല്‍ ദത്തു, ജസ്റ്റിസുമാരായ ശിവകീര്‍ത്തി സിങ്, അമിതാവ റോയി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. ഹരജിക്കാരനു വേണ്ടി അഭിഭാഷകനായ കപില്‍ സിബല്‍ ഹാജരായി.
ഗവര്‍ണറും അദ്ദേഹത്തിന്റെ മകനും നിയമനത്തിനു കൈക്കൂലി വാങ്ങിയതായി വ്യാപം അഴിമതി അന്വേഷിക്കുന്ന പ്രത്യേക ദൗത്യസംഘം (എസ്ടിഎഫ്) കണ്ടെത്തിയിരുന്നു. എന്നാല്‍, ഗവര്‍ണര്‍ പദവിയിലിരിക്കുന്ന യാദവിനെ ചോദ്യം ചെയ്യാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നില്ല. അധ്യാപക തസ്തികയില്‍ നിയമനം ലഭിക്കാനായി ഗവര്‍ണറുടെ ഔദ്യോഗിക വസതിയിലെത്തി അദ്ദേഹത്തിന്റെ മകന്‍ ശൈലേഷിനു മൂന്നു ലക്ഷം രൂപ കൈക്കൂലി നല്‍കിയതായി കേസില്‍ അറസ്റ്റിലായ വീര്‍പാല്‍ സിങ് എന്നയാള്‍ അന്വേഷണസംഘത്തിനു മൊഴി നല്‍കിയിരുന്നു.
യാദവിനെ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം അഭിഭാഷകര്‍ നല്‍കിയ ഹരജിയിലും വാദം കേള്‍ക്കുന്നതിന് നേരത്തേ കോടതി അനുമതി നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it