Alappuzha local

വ്യാജ സ്വര്‍ണ കുഴവി കാട്ടി ലക്ഷങ്ങളുടെ തട്ടിപ്പ്; നാലു പേര്‍ പിടിയില്‍

കായംകുളം: വ്യാജ സ്വര്‍ണ കുഴവി കാട്ടി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ നലു പേരെ കായംകുളം പോലിസ് അറസ്റ്റ് ചെയ്തു. മലപ്പുറം കരുവാരക്കുണ്ട് സ്വദേശികളായ ഒറേങ്ങല്‍ വീട്ടില്‍ അഷ്‌റഫ് (37), പൂവില്‍ വീട്ടില്‍ യാക്കൂബ് (37), വടക്കിനിയേത്ത് വീട്ടില്‍ അബ്ദുര്‍റഹ്മാന്‍ (54), പൊന്‍കുളത്തില്‍ വീട്ടില്‍ നിയാസ്(23) എന്നിവരെയാണ് ഇന്നലെ രവിലെ ഡിവൈഎസ്പി ഷിഹാബുദ്ദീന്‍, സിഐ ഉദയഭാനു, എസ്‌ഐ ഡി രജീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്.
കൃഷ്ണപുരം ഞക്കനാല്‍ ശങ്കരവിലാസത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ നിന്നു ഒരു കിലോഗ്രാം വരുന്ന സ്വര്‍ണ കുഴവിക്ക് പത്തുലക്ഷം രൂപാ വില സമ്മതിച്ച് രണ്ടര ലക്ഷം രൂപ മുന്‍കൂര്‍ വാങ്ങി തട്ടിപ്പു നടത്തിയതായി പോലിസിനു പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലിസ് പ്രതികളെ തന്ത്രപൂര്‍വം കായംകുളത്തേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്.
സംഭവത്തെപ്പറ്റി പോലിസ് പറയുന്നതിങ്ങനെ: കോയമ്പത്തൂരില്‍ നിന്നു സ്വര്‍ണമെന്ന് തോന്നിക്കുന്ന തരത്തില്‍ പ്രത്യേക ലോഹക്കൂട്ട് കൊണ്ടുണ്ടാക്കിയ കുഴവി രൂപത്തിലുള്ള 500 ഗ്രാം മുതല്‍ ഒന്നര കിലോ വരെ തൂക്കമുള്ള കട്ടിയുമായാണ് ഇവര്‍ തട്ടിപ്പിനിറങ്ങുന്നത്. പരസ്യങ്ങളിലൂടെ കാണുന്ന ക്ഷേത്ര സപ്താഹ വേദികളില്‍ എത്തി തിരുമേനിമാരെയും യജ്ഞാചാര്യന്മാരെയും പരിചയപ്പെടും. ശേഷം ഇവര്‍ പട്ടാമ്പിയിലും പാലക്കാട്ടുമുള്ള പഴയ മനകളും തറവാടുകളും വാങ്ങി പൊളിച്ചു വില്‍ക്കുന്നവരാണെന്നും ഒരു മനയുടെ കുളം വറ്റിച്ചപ്പോള്‍ അതില്‍നിന്നു കിട്ടിയ നിധിയാണ് ഈ കട്ടികള്‍ എന്നും പറഞ്ഞു വിശ്വസിപ്പിക്കും.
എന്നാല്‍ കട്ടികള്‍ വീതം വയ്ക്കാനായി മുറിക്കാന്‍ ശ്രമിച്ചപ്പോള്‍ അസുഖങ്ങള്‍ ഉണ്ടായി എന്നും അതിനാല്‍ ക്ഷേത്ര തിരുമേനിമാര്‍ക്കു മാത്രമേ ഇതു മുറിക്കാ ന്‍ പറ്റുകയുള്ളു എന്നും പത്തു ലക്ഷം രൂപാ തരാമെങ്കില്‍ ഇതു തിരുമേനിക്കു തന്നെ തരാമെന്നും പറയും. പിന്നീട് സ്വര്‍ണമാണെന്ന് ബോധ്യപ്പെടുത്താനായി കട്ടിയില്‍നിന്നു മുറിച്ചതാണെന്ന വ്യാജേന ഒരു ചെറുകഷണം നല്ല സ്വര്‍ണ്ണം പരിശോധനക്കായി കൊടുക്കും.
സ്വര്‍ണം നല്ലതാണെന്ന് ബോധ്യം വരുന്നതോടെ കച്ചവടം ഉറപ്പിക്കും. പിന്നീട് അഡ്വാന്‍സ് തുക വാങ്ങി അവിടെനിന്നു മുങ്ങുകയാണ് ഇവര്‍ ചെയ്യുന്നത്. പിടിയിലാകാതിരിക്കാന്‍ ഓരോ ഇടപാടുകള്‍ കഴിയുമ്പോഴും ഇവര്‍ മൊബൈല്‍ നമ്പറുകള്‍ മാറുകയാണ് പതിവ്. ഇവരുടെ പേരില്‍ മണ്ണാര്‍കാട്, മലപ്പുറം സ്റ്റേഷനുകളില്‍ സമാനമായ രീതിയില്‍ തട്ടിപ്പു നടത്തിയതിന് കേസുകള്‍ നിലവിലുണ്ട്. തട്ടിപ്പു പുറത്താവാതിരിക്കാന്‍ പല കേസുകളും ഇവര്‍ ഒത്തുതീര്‍പ്പാക്കിയിട്ടുണ്ട്.
നാല് വര്‍ഷത്തിലേറെയായി തട്ടിപ്പു നടത്തിവരികയാണെന്നും പ്രാഥമിക അന്വേഷണത്തി ല്‍ കൂടുതല്‍ പേര്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി സംശയിക്കുന്നതായും പോലിസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹജരാക്കി റിമാന്റ് ചെയ്തു. അന്വേഷണ സംഘത്തില്‍ കനകക്കുന്ന് എസ്‌ഐ അനൂപ്, കരീലകുളങ്ങര എസ്‌ഐ സുധിലാല്‍, സിപിഒമാരായ സന്തോഷ്, ഇല്യാസ്, സിയാദ്, സുരേഷ്, ഷാഫി, കൃഷ്ണന്‍, രജീന്ദ്രദാസ്, മുഹമ്മദ് ആരിഫ്, അലക്‌സ്, ജിത്ത് എന്നിവരും ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it