Kollam Local

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്: മോഡേണ്‍ ഗ്രൂപ്പ് മുന്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

കൊല്ലം: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ മോഡേണ്‍ ഗ്രൂപ്പ് മുന്‍ പ്രിന്‍സിപ്പല്‍ അറസ്റ്റിലായി.കൊല്ലം കടപ്പാക്കടയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന മോഡേണ്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മുന്‍ പ്രിന്‍സിപ്പലായിരുന്ന പവിത്രേശ്വരം വില്ലേജില്‍ കാരുവേലില്‍ കോഴിക്കോടന്‍ മുക്കിന് സമീപം ആലുവിള പുത്തന്‍വീട്ടില്‍ സഖറിയ ജോണ്‍ (65) ആണ് അറസ്റ്റ്ിലായത്.
വിവിധ യൂനിവേഴ്‌സിറ്റികളുടേയും സാങ്കേതിക സര്‍വ്വകലാശാലകളുടെ വ്യാജബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ചമച്ച് നിരവധി ഉദ്യോഗാര്‍ത്ഥികളെ കബളിപ്പിച്ചതിന് കടപ്പാക്കട മോഡേണ്‍ ഗ്രൂപ്പ് ഇന്‍സ്റ്റിറ്റിയൂഷന്‍ നടത്തിവന്നിരുന്ന ബസേലിയോസ് മാര്‍ത്തോമ യാക്കോബ പ്രഥമന്‍ എന്ന് അറിയപ്പെട്ടിരുന്ന ജയിംസ് ജോര്‍ജിനെ കഴിഞ്ഞ ജൂലൈ 24ന് അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തിവരുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി അന്വേഷണസംഘം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ യൂനിവേഴ്‌സിറ്റികളിലും മറ്റു സാങ്കേതിക സര്‍വ്വകലാശാലകളിലും അന്വേഷണം നടത്തുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. മോഡേണ്‍ ഗ്രൂപ്പ് നല്‍കിയ വിവിധ യൂനിവേഴ്‌സിറ്റികളുടേതെന്ന് പറഞ്ഞ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. മുന്‍ പ്രിന്‍സിപ്പളായിരുന്ന പ്രതി കോഴ്‌സ് പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് വാഗ്ദാനം നല്‍കി കുണ്ടറ, പടപ്പക്കര സ്വദേശി സുനിമോളുടെ കയ്യില്‍ നിന്നും 27000 രൂപ വാങ്ങിയിരുന്നു. മോഡേണ്‍ ഗ്രൂപ്പിന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ മോഡേണ്‍ ഗ്രൂപ്പില്‍ നിന്നും നല്‍കുന്നത് വ്യാജസര്‍ട്ടിഫിക്കറ്റ് ആണെന്ന് മനസ്സിലാക്കി പണം തിരികെ ആവശ്യപ്പെടുകയും പ്രതി പണം തിരികെ കൊടുക്കാത്തതിനെ തുടര്‍ന്ന് അന്വേഷണസംഘത്തിന് സുനിമോള്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ പ്രതിയില്‍ നിന്നും കണ്ടെടുക്കുകയും കൊല്ലം സിറ്റി കണ്‍ട്രോള്‍ റൂം ഇന്‍സ്‌പെക്ടര്‍ ബി പങ്കജാക്ഷന്‍ അറസ്റ്റു ചെയ്യുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു. സിറ്റി കണ്‍ട്രോള്‍ റൂം ഇന്‍്‌പെക്ടര്‍ ബി. പങ്കജാക്ഷന്‍, സബ് ഇന്‍സ്‌പെക്ടര്‍ അലക്‌സാണ്ടര്‍ തങ്കച്ചന്‍, കൊല്ലം ഈസ്റ്റ് പോലിസ് സ്റ്റേഷന്‍ എസ്‌ഐ സി സുരേഷ് കുമാര്‍ അസിസ്റ്റന്റ് എസ്‌ഐ സി ആനന്ദന്‍, വനിത സിപിഒ അജിമോള്‍ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷണം നടത്തി വരുന്നത്.
Next Story

RELATED STORIES

Share it