വ്യാജ സത്യവാങ്മൂലം സമര്‍പ്പിക്കുന്ന സ്ഥാനാര്‍ഥികളെ ശിക്ഷിക്കാന്‍ നിയമം വരുന്നു

ഹൈദരാബാദ്: സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുന്നുവെങ്കില്‍ അവരെ രണ്ട് വര്‍ഷം തടവിന് ശിക്ഷിക്കാനുള്ള നിര്‍ദേശം കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ (സിഇസി) നസീം സെയ്ദി. പ്രസക്തമായ വിവരങ്ങള്‍ മൂടിവയ്ക്കുന്നത് ക്രിമിനല്‍ കുറ്റമാക്കണം. ഇത്തരക്കാര്‍ക്ക് രണ്ടു വര്‍ഷത്തെ തടവു ശിക്ഷയും നല്‍കണം-സെയ്ദി പറഞ്ഞു.
തിരഞ്ഞെടുപ്പ് രാഷ്ട്രീയ പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച 12ാം വാര്‍ഷിക ദേശീയ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്ഥാനാര്‍ഥികള്‍ പൂര്‍ണ വിവരങ്ങള്‍ ഹാജരാക്കുന്നത് ഉറപ്പ് വരുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സ്ഥാനാര്‍ഥികള്‍ അവരുടെ ക്രിമിനല്‍ പശ്ചാത്തലം പൂര്‍ണമായി വെളിപ്പെടുത്താതിരിക്കുകയും ചിലത് മൂടിവയ്ക്കുകയും ചെയ്യുന്നുവെങ്കില്‍ അര്‍ധ സത്യങ്ങളാവും വോട്ടര്‍മാര്‍ക്ക് ലഭിക്കുക.
യഥാര്‍ഥത്തില്‍ അത് കൂടുതല്‍ ഹാനികരമാണ്. സ്ഥാനാര്‍ഥികള്‍ക്ക് ശിക്ഷ നല്‍കണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം നിയമ മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്. നിയമ മന്ത്രാലയം നിര്‍ദേശത്തില്‍ നടപടി സ്വീകരിച്ചുവരുകയാണ് -സെയ്ദി പറഞ്ഞു.
വിദേശ ഫണ്ടുകള്‍ സ്വീകരിക്കുന്നതിന് ഇലക്ട്രല്‍ ട്രസ്റ്റുകള്‍ക്ക് ഇപ്പോള്‍ വിലക്കില്ല. ഇതുവഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പണം ലഭിക്കുന്നുണ്ട്. ഈ പഴുത് അടയ്ക്കാന്‍ വിദേശപണം സ്വീകരിക്കുന്നതില്‍ നിന്ന് ഇലക്ട്രല്‍ ട്രസ്റ്റുകളെ തടയുന്നതിന് നിയമ-ധനകാര്യ മന്ത്രാലയങ്ങള്‍ പ്രവര്‍ത്തിച്ചുവരുകയാണ്. ഇതു സംബന്ധിച്ച നിര്‍ദേശം തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ടുവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it