kannur local

വ്യാജ മണല്‍ പാസ് നിര്‍മാണം: മൂന്നംഗസംഘം പിടിയില്‍

ചെറുപുഴ: മണല്‍ പാസുകള്‍ വ്യാജമായി നിര്‍മിച്ച് മണല്‍ കടത്തുകയായിരുന്ന മൂന്നംഗ സംഘം ചെറുപുഴ പോലിസിന്റെ പിടിയിലായി. ഐടി വിദഗ്ധനായ വിദ്യാര്‍ഥി ഉള്‍പ്പെട്ട സംഘത്തെയാണ് ഒരാഴ്ചത്തെ നിരീക്ഷണത്തിനൊടുവില്‍ ചെറുപുഴ എസ്‌ഐ കെ വി സ്മിതേഷിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. മണല്‍ കടത്താനുപയോഗിച്ച ലോറി ഡ്രൈവര്‍ പ്രാപ്പൊയില്‍ സ്വദേശി സി വി റംഷാദ്(30), ഐടി വിദ്യാര്‍ഥിയായ വങ്ങാട്ടെ മുഹമ്മദ് സമീല്‍(19), കംപ്യൂട്ടര്‍ സ്ഥാപനത്തിലെ ജീവനക്കാരന്‍ വയക്കരയിലെ നിഷാദ്(26) ന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കാസര്‍കോഡ് ജില്ലയിലെ അംഗീകൃത കടവിലെ തൊഴിലാളി സഹകരണ സംഘത്തിന്റെ സീലുകളും രശീതികളും പാസും വ്യാജമായി നിര്‍മിച്ചാണ് നാളുകളായി മണല്‍ കടത്തിയിരുന്നത്. മണല്‍ പാസുകളുടെ വ്യാജപ്രിന്റ് എടുക്കാന്‍ ഉപയോഗിച്ച ലാപ് ടോപ്, പിന്റര്‍, പ്രിന്റിങ് പേപറുകള്‍, സീലുകള്‍ എന്നിവയും മണല്‍ കടത്താനുപയോഗിച്ച ലോറിയും പിടികൂടി.
ഒറിജിനല്‍ മണല്‍പാസിന്റെ ഹോളോഗ്രാം മുദ്ര പറിച്ചെടുത്ത് വ്യാജ പാസില്‍ ഒട്ടിച്ചതിനാല്‍ പെട്ടെന്ന് തിരിച്ചറിയുമായിരുന്നില്ല. തുടര്‍ച്ചയായി മണല്‍ പാസ് പോലിസിനെ കാണിച്ച് മണല്‍ കടത്തിക്കൊണ്ടിരിക്കുന്നതില്‍ സംശയം തോന്നിയതിനെ തുടര്‍ന്നുള്ള നിരീക്ഷത്തിലാണ് പാസ് വ്യാജമാണെന്ന് കണ്ടെത്തിയത്.
ചെറുപുഴ എസ്‌ഐ കെ വി സ്മിതേഷിനു പുറമെ സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ കെ ഡി ഫ്രാന്‍സിസ്, പ്രസേനന്‍, ജയന്‍, ഭാസ്‌കരന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Next Story

RELATED STORIES

Share it