വ്യാജ പീഡന പരാതി; പുരുഷ സംരക്ഷണം ആലോചിക്കേണ്ട സമയമായെന്നു കോടതി

ന്യൂഡല്‍ഹി: വ്യാജ പീഡന പരാതികളില്‍ ഉള്‍പ്പെടുന്ന പുരുഷന്‍മാര്‍ക്ക് സംരക്ഷണമേര്‍പ്പെടുത്താന്‍ നിയമനിര്‍മാണത്തെക്കുറിച്ച് ആലോചിക്കേണ്ട സമയമായെന്നു കോടതി.
ഡല്‍ഹിയിലെ അഭിഭാഷകന്‍ തന്റെ ക്ലാര്‍ക്കിനെ ഓഫിസില്‍ വച്ച് രണ്ടുവര്‍ഷം നിരന്തരമായി പീഡിപ്പിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്‌തെന്ന കേസ് പരിഗണിക്കവെയാണ് സെഷന്‍സ് കോടതിയുടെ നിരീക്ഷണം. അതിനിടെ, അഭിഭാഷകനോടുള്ള വിദ്വേഷത്തിനാലാണ് താന്‍ പരാതി നല്‍കിയതെന്നും ഇയാള്‍ നിരപരാധിയാണെന്നും സ്ത്രീ കോടതിയില്‍ പറഞ്ഞിരുന്നു. ഇതിനോടു പ്രതികരിക്കുകയായിരുന്നു ഡല്‍ഹി അഡീഷനല്‍ സെഷന്‍സ് ജഡ്ജി നിവേദിത അനില്‍ശര്‍മ.
സ്ത്രീകളുടെ അഭിമാനത്തിനും യശസ്സിനും വേണ്ടി ശബ്ദമുയര്‍ത്താന്‍ നിരവധി പേരുണ്ട്. എന്നാല്‍, പുരുഷനും ഇതിന് അര്‍ഹനാണ്. അഭിഭാഷകന്‍ എന്ന നിലയില്‍ കേസുമൂലം അപമാനവും അവഗണനയും ഇയാള്‍ക്കു നേരിടേണ്ടി വന്നിട്ടുണ്ട്. ഇതു നീതീകരിക്കാനാവില്ലെന്നും ഇത്തരം വ്യാജ പരാതികള്‍ക്കെതിരേ കോടതിയെ സമീപിക്കാനുള്ള അവസരം പുരുഷന്‍മാര്‍ക്കും കൈവരുംവിധം മാറി ചിന്തിക്കേണ്ടതുണ്ടെന്നുമായിരുന്നു കോടതി പറഞ്ഞത്. ബലാല്‍സംഗം, കുറ്റകരമായി ഭയപ്പെടുത്തല്‍ എന്നിവയടക്കമാണ് അഭിഭാഷകനുമേല്‍ ചുമത്തിയിരുന്നത്.
സ്ത്രീയുടെ മൊഴിപ്രകാരം അഭിഭാഷകനുമേലുള്ള കുറ്റങ്ങള്‍ തള്ളുന്നതായും കോടതി അറിയിച്ചു.
Next Story

RELATED STORIES

Share it