Kollam Local

വ്യാജ നിയമന ഉത്തരവ് നല്‍കി തട്ടിപ്പ് : പ്രതി അറസ്റ്റില്‍

കൊല്ലം: ആശ്രാമം ഇഎസ്‌ഐ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ഓഫിസ് സ്റ്റാഫ് തസ്തികയില്‍ വ്യാജ നിയമന ഉത്തരവ് നല്‍കി ഉദ്യോഗാര്‍ഥികളെ കബളിപ്പിച്ചയാളെ കൊല്ലം ഈസ്റ്റ് പോലിസ് അറസ്റ്റ് ചെയ്തു. ഇളമ്പള്ളൂര്‍ പെരുമ്പുഴ രാഗം സ്റ്റുഡിയോയ്ക്ക് സമീപം രാജു വിലാസം വീട്ടില്‍ ദീപു രാജ് (24) ആണ് അറസ്റ്റിലായത്.
പോരുമ്പുഴ, പഴങ്ങാലം സ്വദേശികള്‍ക്ക് ആശ്രാമം ഇഎസ്‌ഐ ആശുപത്രിയിലെ ഓഫിസ് അസിസ്റ്റന്റ് തസ്തികകളില്‍ ജോലി വാങ്ങിതരാമെന്ന് വാഗ്ദാനം നല്‍കി വന്‍തുക കൈപ്പറ്റുകയും തുടര്‍ന്ന് ഇഎസ്‌ഐ ആശുപത്രിയുടെ ലെറ്റര്‍ പാഡ് നെറ്റില്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്ത് സാങ്കേതിക മാര്‍ഗ്ഗങ്ങള്‍ അവലംബിച്ച് പുതിയ നിയമന ഉത്തരവ് വ്യാജമായി നിര്‍മിച്ച് അസ്സലാണെന്ന വ്യാജേന നല്‍കുകയുമായിരുന്നു.
തുടര്‍ന്ന് നിയമന ഉത്തരവുമായി ഉദ്യോഗാര്‍ഥികള്‍ ഇഎസ്‌ഐ ആശുപത്രിയില്‍ എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. തട്ടിപ്പിനിരയായവരും ഇഎസ്‌ഐ അധികൃതരും ഈസ്റ്റ് പോലിസില്‍ പരാതി നല്‍കുകയും ചെയ്തു.
അന്വേഷണം നടത്തിയ പോലിസ് ദീപുരാജിനെ പെരുമ്പുഴയില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. വ്യാജനിയമന ഉത്തരവ് നിര്‍മിക്കാന്‍ ഉപയോഗിച്ച കംപ്യൂട്ടറും മറ്റ് ഉപകരണങ്ങളും പോലിസ് കണ്ടെടുത്തു. അന്വേഷണത്തില്‍ നിരവധി ആള്‍ക്കാര്‍ തട്ടിപ്പിനിരയായിട്ടുള്ളതായി പോലിസിന് ബോധ്യമായിട്ടുണ്ട്.
കുറച്ച്കാലം കരാറടിസ്ഥാനത്തില്‍ ദീപുരാജ് ആശ്രാമം ഇഎസ്‌ഐ ആശുപത്രിയില്‍ ജോലി ചെയ്തിട്ടുണ്ട്. തട്ടിപ്പ് നടത്തിയതില്‍ കൂടുതല്‍ ആളുകളുടെ പങ്കാളിത്തത്തെ സംബന്ധിച്ച് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തുമെന്ന് കൊല്ലം ഈസ്റ്റ് എസ് ഐ ആര്‍ രാജേഷ്‌കുമാര്‍ അറിയിച്ചു.
കൊല്ലം അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ കെ ലാല്‍ജിയുടെ നേതൃത്വത്തില്‍ ഈസ്റ്റ് സി ഐ വി എസ് പ്രദീപ്കുമാര്‍, ഈസ്റ്റ് സബ്ബ് ഇന്‍സ്‌പെക്ടര്‍. ആര്‍ രാജേഷ്‌കുമാര്‍, അഡീഷനല്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ മുഹമ്മദ് ബഷീര്‍, സി സുരേഷ്‌കുമാര്‍, ജിഎഎസ്‌ഐ ആനന്ദന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് അന്വേഷണം നടത്തുന്നത്.
Next Story

RELATED STORIES

Share it