വ്യാജ ഏറ്റുമുട്ടലുകളും പുതിയ രാഷ്ട്രീയ ഭാവനകളും

വ്യാജ ഏറ്റുമുട്ടലുകളും പുതിയ രാഷ്ട്രീയ ഭാവനകളും
X
കെ.ടി ഹാഫിസ്











ന്ത്യയില്‍ ജനാധിപത്യം ഒരു ഭരണവ്യവസ്ഥ എന്ന അര്‍ഥത്തില്‍ പരാജയവും മതേതരത്വം ഒരു സാമൂഹിക വ്യവസ്ഥ എന്ന നിലയില്‍ അത്യധികം പിന്തിരിപ്പനുമാണെന്ന് ആവര്‍ത്തിച്ചുറപ്പിക്കുന്നതാണ് സ്വതന്ത്ര ഇന്ത്യയിലെ മുസ്‌ലിം-ദലിത്-ആദിവാസി കീഴാള വിഭാഗങ്ങളുടെ ഇത്രയും കാലത്തെ അനുഭവങ്ങള്‍. ഇന്ത്യന്‍ ദേശീയതയും ദേശീയബോധവും ഒരര്‍ഥത്തിലും ഈ രാജ്യത്തെ സമുദായങ്ങളെ ഏകീകരിക്കുന്നില്ല എന്നു മാത്രമല്ല, മറിച്ച്, വലിയ വിഭജനങ്ങള്‍ തീര്‍ത്ത് ഇവിടത്തെ സവര്‍ണ ഹൈന്ദവ സമുദായങ്ങളുടെ അധികാരങ്ങളെ കൂടുതല്‍ ആഴത്തില്‍ വേരുപിടിപ്പിക്കുകയാണ്.

ഭരണത്തില്‍ ഇരിക്കുന്ന പാര്‍ട്ടി ഏതായിരുന്നാലും ഈ നയം മാറ്റമില്ലാതെ തുടരുന്നു. ഇതു ഭരിക്കുന്ന പാര്‍ട്ടിയുടെ മാത്രം പ്രശ്‌നമല്ല, ഇന്ത്യയെന്ന സങ്കല്‍പ്പത്തിന്റെ തന്നെ പ്രശ്‌നമാണ് എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഏറ്റവും അവസാനത്തെ ഹൈദരാബാദിലെയും ചിറ്റൂരിലെയും പോലിസ് കൊലപാതകങ്ങളും അതിന്റെ തുടര്‍ച്ച മാത്രമാണ്.

ഇന്ത്യ ഇനിയും ഒരു ദേശരാഷ്ടം ആയിട്ടില്ല എന്നും, പരസ്പരം സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന സമുദായങ്ങളുടെ ഒരു ഭരണവ്യവസ്ഥ മാത്രമാണെന്നും ജി. അലോഷ്യസ് തന്റെ നാഷനലിസം വിത്തൗട്ട് എ നാഷന്‍ ഇന്‍ ഇന്ത്യ എന്ന പുസ്തകത്തില്‍ നിരീക്ഷിക്കുന്നുണ്ട്. ജനാധിപത്യം, ദേശീയത, മതേതരത്വം തുടങ്ങിയ വിഭാവനകളിലല്ല, വ്യത്യസ്തങ്ങളായ സമുദായങ്ങളും സമുദായതാല്‍പ്പര്യങ്ങളുമെന്ന യാഥാര്‍ഥ്യങ്ങളിലാണ് ഇന്ത്യന്‍ ഭരണവ്യവസ്ഥയെയും നിയമങ്ങളെയും പോലിസിനെയും മനസ്സിലാക്കേണ്ടത്. ഇന്ത്യയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന ഭരണകൂട കൊലപാതകങ്ങളെ അവയുടെ ജാതിയുടെയും മതത്തിന്റെയും സമുദായങ്ങളുടെയും പശ്ചാത്തലത്തില്‍ തന്നെയാണ് മനസ്സിലാക്കേണ്ടത്.

ഇന്ത്യയിലെ ഭരണകൂട കൊലപാതകങ്ങളുടെ ഇരകള്‍ എപ്പോഴും മുസ്‌ലിംകളും ദലിത്-ആദിവാസി-ഗോത്രവര്‍ഗ വിഭാഗങ്ങളും മാത്രമാണ് എന്നത് അധികം വിശദീകരണങ്ങള്‍ ആവശ്യമില്ലാത്ത ഒരു യാഥാര്‍ഥ്യമാണ്. കശ്മീരിലും ഉത്തേരേന്ത്യന്‍ ഗ്രാമങ്ങളിലും റെഡ് കോറിഡോറിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പോലിസ് ഏറ്റുമുട്ടലുകളിലും വെടിവയ്പുകളിലും കലാപങ്ങളിലും ഭരണകൂട തൂക്കുകയറില്‍ വരെ കൊല്ലപ്പെട്ടത് ഈ സമുദായങ്ങളില്‍ നിന്നുള്ളവരാണ്.

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ റിപോര്‍ട്ട് അനുസരിച്ച് 2002 മുതല്‍ 2008 വരെ 440 വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. 2009 മുതല്‍ 2013 ഫെബ്രുവരി വരെ ഇത് 555 കേസുകളാണ്. രജിസ്റ്റര്‍ ചെയ്യപ്പെടാത്തതും പുറത്തറിയാത്തതും ഈ കണക്കുകളുടെ അത്രതന്നെ വരും.
കശ്മീരും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും കൂടാതെ ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി, മഹാരാഷ്ട്ര, അസം, ഉത്തരാഞ്ചല്‍, വെസ്റ്റ് ബംഗാള്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഈ ഭരണകൂട വെടിവയ്പുകളില്‍ മുഴുവന്‍ ഇരകള്‍ പിന്നാക്ക സമുദായാംഗങ്ങള്‍ മാത്രമാകുന്നു എന്നത് ഈ രാജ്യത്തിന്റെ സ്വഭാവസവിശേഷതകളെ കുറിച്ച് തീക്ഷ്ണമായ ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.




ഏറ്റവും അവസാനം ഹൈദരാബാദിലും ചിറ്റൂരിലും നടന്ന പോലിസ് വെടിവയ്പ് കൊലപാതകങ്ങള്‍ ഈ രാജ്യത്തെ സമുദായ-അധികാരബന്ധങ്ങളെക്കുറിച്ച് ചില പുനരാലോചനകള്‍ ഉയര്‍ത്തേണ്ടതുണ്ട്.






ഏറ്റവും അവസാനം ഹൈദരാബാദിലും ചിറ്റൂരിലും നടന്ന പോലിസ് വെടിവയ്പ് കൊലപാതകങ്ങള്‍ ഈ രാജ്യത്തെ സമുദായ-അധികാരബന്ധങ്ങളെക്കുറിച്ച് ചില പുനരാലോചനകള്‍ ഉയര്‍ത്തേണ്ടതുണ്ട്. ഏപ്രില്‍ ആദ്യവാരം വിശാഖപട്ടണത്തില്‍ നിന്നു ഹൈദരാബാദിലേക്കു കോടതി വിചാരണയ്ക്കായി കൊണ്ടുവരുകയായിരുന്ന അഞ്ചു സിമി പ്രവര്‍ത്തകര്‍ വഴിമധ്യേ പോലിസ് വാഹനത്തില്‍ വച്ചും അതിന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് സിമി പ്രവര്‍ത്തകരെന്നു സംശയിക്കപ്പെടുന്നു എന്ന കാരണം പറഞ്ഞ് രണ്ടു പേര്‍ തെലങ്കാനയിലെ നലഗൊണ്ട ജില്ലയില്‍ വച്ചും തെലങ്കാന പോലിസിന്റെ വെടിയേറ്റു കൊല്ലപ്പെടുകയുണ്ടായി.

ഹൈദരാബാദ് സംഭവത്തിനു തൊട്ടടുത്ത ദിവസം ആന്ധ്രപ്രദേശ് തമിഴ്‌നാട് അതിര്‍ത്തിക്കടുത്ത ചിറ്റൂര്‍ ഗ്രാമത്തില്‍ തമിഴ് ആദിവാസി ഗോത്രവിഭാഗത്തില്‍ പെടുന്ന 20 മരംവെട്ട് തൊഴിലാളികളെ രക്തചന്ദനം മോഷ്ടിക്കുന്നവരെന്ന് ആരോപിച്ചുകൊണ്ട് ആന്ധ്രാ പോലിസ് വെടിവച്ചുകൊന്നു.
ഹൈദരാബാദ് സംഭവത്തില്‍ അഞ്ചു പേരുടെയും കേസില്‍ വിധി അടുത്ത ദിവസങ്ങളില്‍ വരേണ്ടിയിരുന്നതും പോലിസ് കെട്ടിച്ചമച്ച മറ്റു ചില കേസുകളില്‍ കോടതി കുറ്റവിമുക്തരാക്കിയതുപോലെത്തന്നെ ഇതിലും കുറ്റവിമുക്തരാക്കപ്പെടും എന്നു പ്രതീക്ഷിക്കപ്പെട്ടവരുമായിരുന്നു.

അതിലുപരി, തങ്ങളുടെ ജീവനു ഭീഷണിയുണെ്ടന്നും അതിനാല്‍ വാറങ്കല്‍ ജയിലില്‍ നിന്നു തെലങ്കാനയിലെ മറ്റേതെങ്കിലും ജയിലിലേക്കു മാറ്റണമെന്നും ഈ അഞ്ചു പേരും കോടതിയോട് അപേക്ഷിച്ചിരുന്നു. എന്തായിരുന്നാലും മൂന്നു സംഭവങ്ങളിലും തുടക്കത്തില്‍ത്തന്നെ പോലിസ് ഭാഷ്യത്തോട് ആക്റ്റിവിസ്റ്റുകളും നിയമവിദഗ്ധരും എല്ലാം വിയോജിക്കുകയും ഏറ്റുമുട്ടല്‍കഥ പോലിസ് നിര്‍മിതിയാണന്ന നിലയില്‍ തള്ളിക്കളഞ്ഞിട്ടുമുണ്ട്.

ഈ മൂന്നു സംഭവങ്ങളിലും കൊല്ലപ്പെട്ടത് ഭൂരിഭാഗവും ആദിവാസികളും മുസ്‌ലിംകളുമാണ്. രാജ്യത്തിന്റെ രാഷ്ട്രീയ-സാമുദായിക മണ്ഡലത്തില്‍ ശാരീരികമായിത്തന്നെ ചില പ്രത്യേകതകളുള്ള സമുദായങ്ങളാണ് ഇവ രണ്ടും. മറ്റു പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുതന്നെ വ്യത്യസ്തമായി ഇന്ത്യന്‍ ദേശീയ സങ്കല്‍പ്പങ്ങളോട് നേരിട്ട് ഇടയുന്ന, അതിന്റെ ഉള്‍ച്ചേര്‍ക്കല്‍ (ഇന്‍ക്ലൂഷന്‍) അജണ്ടയോട് ഒരിക്കലും പൂര്‍ണമായും ചേര്‍ത്തുനിര്‍ത്താന്‍ കഴിയാതെ ഇടഞ്ഞുനില്‍ക്കുന്ന സമുദായങ്ങളാണ് മുസല്‍മാനും ആദിവാസിയും. ഇന്ത്യന്‍ ഭരണ-രാഷ്ട്രീയവ്യവസ്ഥയില്‍ തങ്ങളുടെ സാന്നിധ്യം തന്നെ ഒരു രാഷ്ട്രീയായുധമാക്കിയാണ് ഈ വിഭാഗങ്ങള്‍ നിലനില്‍ക്കുന്നത്.

ഇത്തരം പിന്നാക്കവിഭാഗങ്ങള്‍ക്ക് ഭരണനിര്‍വഹണധാരയില്‍ അര്‍ഹമായ സ്ഥാനം നല്‍കണമെന്ന ആവശ്യത്തെ ബ്രിട്ടിഷുകാര്‍ അംഗീകരിക്കാന്‍ തയ്യാറായപ്പോള്‍ അതിനെതിരേയുള്ള ബ്രാഹ്മണ ഹൈന്ദവ ജാതികളുടെ പ്രതിരോധമായാണ് ഇന്ത്യന്‍ ദേശീയത (കൊളോണിയല്‍ വിരുദ്ധത) തന്നെ ഉണ്ടായിവന്നത് എന്ന് ജി. അലോഷ്യസ് തന്റെ ദ ബ്രാഹ്മണിക്കല്‍ ഇന്‍സ്‌ക്രൈബ്ഡ് ഇന്‍ബോഡി പൊളിറ്റിക് എന്ന കൃതിയില്‍ സ്ഥാപിക്കുന്നുണ്ട്.

ഇന്ത്യയിലെ ഓരോ സമുദായത്തിനും അവരുടേതായ സവിശേഷതകള്‍ ഉണെ്ടങ്കിലും മുസ്‌ലിം-ആദിവാസിവിഭാഗങ്ങളെ വ്യത്യസ്തരാക്കുന്നത് ഭരണകൂടത്തോട് അവര്‍ തീര്‍ക്കുന്ന സമീപനങ്ങളും ഭരണകൂടം അവരെ കാണുന്ന രീതികളുമാണ്. അധികാര പങ്കാളിത്തത്തിനും അധികാരരൂപീകരണത്തിനുമുള്ള ഈ രണ്ടു സമുദായങ്ങളുടെയും ശ്രമങ്ങള്‍ മറ്റു സമുദായങ്ങളില്‍ നിന്നു വ്യത്യസ്തമാണ്. ഉദാഹരണത്തിന്, ദലിത് വിഭാഗങ്ങള്‍ക്ക് അധികാര പങ്കാളിത്തം സാധ്യമായ ഒരു രീതിയിലാണ് ആധുനിക ഇന്ത്യന്‍ ഭരണവ്യവസ്ഥ വിഭാവന ചെയ്യപ്പെട്ടിട്ടുള്ളത്. അല്ലെങ്കില്‍ മണ്ഡല്‍ പ്രക്ഷോഭങ്ങള്‍ക്കു ശേഷം ആ അര്‍ഥത്തില്‍ ഇന്ത്യ മാറ്റപ്പെട്ടിട്ടുണ്ട്.

അതിനാല്‍ത്തന്നെ ആ അധികാര പങ്കാളിത്തത്തിനായി ദലിത് രാഷ്ട്രീയം നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴൊന്നും ഭരണകൂടം അതിനെ നേരിട്ട് അടിച്ചമര്‍ത്തുന്നില്ല. ഭരണവ്യവസ്ഥയേക്കാളുപരി സാമൂഹിക വ്യവസ്ഥയിലാണ് ദലിത് സാന്നിധ്യം കൂടുതല്‍ അടിച്ചമര്‍ത്തപ്പെടുന്നത്. സാമൂഹികമായ അതിക്രമങ്ങളാണ് ദലിത് സമുദായങ്ങള്‍ കൂടുതല്‍ അനുഭവിക്കേണ്ടിവരുന്നത്. എന്നാല്‍, മുസ്‌ലിം-ആദിവാസി വിഭാഗങ്ങളെ സംബന്ധിച്ച് സാമൂഹിക വ്യവസ്ഥയിലും രാഷ്ട്രീയവ്യവസ്ഥയിലും ഒരുപോലെ അതിക്രമങ്ങളെ അതിജീവിക്കേണ്ടിയിരിക്കുന്നു.

ഇന്ത്യന്‍ ഭരണ-സാമൂഹിക വ്യവസ്ഥകളുടെ നേര്‍അപരമായി മുസ്‌ലിംകളെ കണക്കാക്കുമ്പോള്‍ സ്വയംഭരണാവകാശങ്ങള്‍ക്കായുള്ള സമരങ്ങളിലൂടെയും (വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേതുപോലുള്ള) സ്വയം പടുത്തുയര്‍ത്തുന്ന സാമൂഹിക വിഭാവനകളിലൂടെയും ആദിവാസി രാഷ്ട്രീയം ഒരേസമയം ഭരണവ്യവസ്ഥയെയും സാമൂഹിക ഘടനയെയും നേരിട്ട് വെല്ലുവിളിക്കുന്നു.
ഭരണകൂടം ഈ സമുദായങ്ങളോട് സ്വീകരിക്കുന്ന സമീപനങ്ങളിലും ഈ വ്യത്യാസം കാണാന്‍ സാധിക്കും. ഇവരുടെ ശരീരത്തില്‍ത്തന്നെ നേരിട്ട് ഭരണകൂടം അധികാരം പ്രയോഗിക്കുന്നുണ്ട്. പരസ്യമായി ശിക്ഷിക്കുക, ശരീരത്തിനു മേല്‍ ശിക്ഷാരീതികള്‍ നടപ്പാക്കുക, ജനമധ്യത്തില്‍ വധശിക്ഷ നടപ്പാക്കുക തുടങ്ങിയവ പൂര്‍വാധുനിക അധികാരരീതികളായാണ് മനസ്സിലാക്കപ്പെടാറുള്ളത്. ഈ പൂര്‍വാധുനിക ശിക്ഷാരീതികള്‍ തന്നെയാണ് ആധുനിക ഇന്ത്യന്‍ ഭരണകൂടം മുസ്‌ലിംകളോടും ആദിവാസി ഗോത്രവിഭാഗങ്ങളോടും അനുവര്‍ത്തിക്കുന്നത്.

സാമൂഹികബോധത്തില്‍ ഉള്‍ച്ചേര്‍ന്നതും സൂക്ഷ്മവും അദൃശ്യവുമായ ആധുനിക അധികാരപ്രയോഗങ്ങള്‍ മാത്രമാണ് ദലിത് സമുദായങ്ങള്‍ പോലുള്ള പിന്നാക്കവിഭാഗങ്ങള്‍ക്ക് ജാതി എന്ന പൂര്‍വാധുനികമായ ഒരു അധികാരവ്യവസ്ഥയുടെ പുതിയ രൂപങ്ങളില്‍ നിന്ന് അനുഭവിക്കേണ്ടിവരുന്നത്. എന്നാല്‍ ഒരേസമയം ആധുനികവും പൂര്‍വാധുനികവുമായ അധികാരപ്രയോഗങ്ങളെ ആധുനിക ഭരണ-സാമൂഹിക വ്യവസ്ഥകളില്‍ നിന്ന് അനുഭവിക്കേണ്ടിവരുന്നു എന്നതാണ് മുസ്‌ലിം-ആദിവാസി ഗോത്രവിഭാഗങ്ങളുടെ നിസ്സഹായാവസ്ഥ.
കശ്മീരില്‍ മാത്രം കൊല്ലപ്പെട്ട മുസ്‌ലിംകളുടെ എണ്ണം

എഴുപതിനായിരത്തിലധികമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൊല്ലപ്പെടുന്ന ആദിവാസി ഗോത്രവിഭാഗങ്ങളുടെ എണ്ണം കണക്കുകള്‍ക്കെല്ലാം അതീതമാണ്. അഫ്‌സ്പ, യു.എ.പി.എ. തുടങ്ങിയ കിരാതനിയമങ്ങളുടെ നേര്‍ ടാര്‍ഗറ്റും ഈ വിഭാഗങ്ങള്‍ തന്നെ. മാവോയിസത്തിന്റെയും ഭീകരവിരുദ്ധതയുടെയും പേരില്‍ വ്യാപകമായി കൊല്ലപ്പെടുന്നവരും ആദിവാസി ഗോത്രവര്‍ഗക്കാരും മുസ്‌ലിംകളും തന്നെ. മുസ്‌ലിംകളുടെയും ആദിവാസികളുടെയും ജീവനുതന്നെ യാതൊരു മൂല്യവും കല്‍പ്പിക്കപ്പെടാത്ത ഒരു ഭരണ-സാമൂഹിക വ്യവസ്ഥ വിഭാവന ചെയ്യപ്പെടുന്നതിന്റെ പശ്ചാത്തലത്തില്‍ കൂടി വേണം ഹൈദരാബാദ് പോലിസ് കൊലപാതകങ്ങളെ മനസ്സിലാക്കാന്‍.

ഭാഷാടിസ്ഥാനത്തില്‍ വികേന്ദ്രീകരിക്കപ്പെട്ട ഇന്ത്യന്‍ അധികാരവ്യവസ്ഥയെ ചോദ്യം ചെയ്തുകൊണ്ട് പുതിയൊരു സാമൂഹിക വിഭാവനയുമായി രൂപപ്പെട്ട ആദ്യ സംസ്ഥാനമായ തെലങ്കാനയിലാണ് തുടര്‍ച്ചയായി രണ്ടു പോലിസ് കൊലപാതകങ്ങള്‍ ഉണ്ടായതെന്നതും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്. ഇന്ത്യ എന്ന ബോധത്തിനും ആശയത്തിനും അകത്ത് രൂപപ്പെടുന്ന ഏതൊരു പുതിയ ശ്രമങ്ങളും ആത്യന്തികമായി ഇന്ത്യ അനുഭവിക്കുന്ന മുഴുവന്‍ പ്രശ്‌നങ്ങളും ഉള്‍ക്കൊള്ളുന്നുണെ്ടന്നു തെലങ്കാന അതിന്റെ ഒന്നാം തിയ്യതി മുതല്‍ കാണിച്ചുതരുന്നുണ്ട്. വ്യത്യസ്ത സാമൂഹിക വിഭാഗങ്ങള്‍ക്കുള്ള തുല്യനീതിയും അധികാര പങ്കാളിത്തവും എന്ന ആശയമാണ് തെലങ്കാനസമരത്തെ രൂപപ്പെടുത്തിയത്. എന്നാല്‍, അതു പ്രായോഗികവല്‍ക്കരിക്കപ്പെട്ടപ്പോള്‍ ദുര്‍ബല വിഭാഗങ്ങള്‍ക്ക് യാതൊരു സുരക്ഷിതത്വവും പ്രദാനം ചെയ്യാന്‍ കഴിയാത്ത മറ്റേതൊരു സംസ്ഥാനം പോലെയും തന്നെയാണ് തെലങ്കാനയും എന്നാണ് നമ്മെ ബോധ്യപ്പെടുത്തുന്നത്.

പോലിസ് കൊലപാതകങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോഴും, അസ്ഥിരമായ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോവുന്ന ഈ സമുദായങ്ങള്‍ തങ്ങളുടേതായ പ്രതിരോധ ലോകങ്ങള്‍ രൂപപ്പെടുത്തുന്നുണ്ട്. മുസ്‌ലിം സമുദായത്തെ സംബന്ധിച്ച്, തുടര്‍ച്ചയായ വേട്ടയാടലുകള്‍ സമുദായത്തെ ഒന്നടങ്കം അസ്ഥിരപ്പെടുത്തുന്നതിലുപരി മതേതര-ജനാധിപത്യ വ്യവസ്ഥയ്ക്കകത്തെ നീതി, തുല്യത, അവകാശങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് സമുദായത്തിനകത്തു പുതിയ ബോധങ്ങളും അതിലൂന്നിയ രാഷ്ട്രീയവുമാണ് രൂപപ്പെടുത്തിയത്.

ബാബരി മസ്ജിദ് ധ്വംസനാനന്തരം മുസ്‌ലിം ന്യൂനപക്ഷ സ്വത്വം ആഭ്യന്തര ഭിന്നതകള്‍ക്കതീതമായി ഒരു തലത്തില്‍ ഏകീകരിക്കപ്പെട്ടപ്പോള്‍ ഗുജറാത്ത് വംശഹത്യ ജനാധിപത്യത്തിനകത്തെ അസ്ഥിരതകളെക്കുറിച്ച രാഷ്ട്രീയബോധങ്ങള്‍ രൂപീകരിക്കുകയായിരുന്നു. ഗുജറാത്ത് വംശഹത്യയില്‍ നിന്ന് മുസഫര്‍ നഗര്‍ കൂട്ടക്കൊലപാതകങ്ങളിലേക്ക് എത്തുന്നതിനിടയിലെ ഒരു പതിറ്റാണ്ട് മുസ്‌ലിം സമുദായം വ്യത്യസ്ത തലത്തില്‍ രാഷ്ട്രീയ മൂലധനം ആര്‍ജിച്ച സമയമായിരുന്നു. പോലിസ് കൊലപാതകങ്ങള്‍, അന്യായമായ അറസ്റ്റ്, നിഷേധിക്കപ്പെടുന്ന നീതി എന്നിവ ഈ സമുദായത്തെ പുനര്‍നിര്‍വചിക്കുന്നുണ്ട്.

2008 സപ്തംബറിലാണ് ഡല്‍ഹിയിലെ ബട്‌ലാഹൗസില്‍ ആതിഫ് അമീന്‍, മുഹമ്മദ് സാജിദ് എന്നീ വിദ്യാര്‍ഥികള്‍ കൊല്ലപ്പെടുന്നത്. ബട്‌ലാഹൗസ് സംഭവത്തിനു ശേഷം ഏതാനും മണിക്കൂറുകള്‍ക്കകംതന്നെ പോലിസ് ഭാഷ്യങ്ങളുടെ വിശ്വാസ്യതയെക്കുറിച്ച് സംശയങ്ങള്‍ ഉയരുകയും അത് പ്രക്ഷോഭങ്ങളിലേക്കും പ്രതിഷേധങ്ങളിലേക്കും രൂപം മാറുകയും ചെയ്തു. വ്യാജ ഏറ്റുമുട്ടലുകളെന്നു വിളിക്കുന്ന പോലിസ് കൊലപാതകങ്ങള്‍ക്കെതിരേ ഉയര്‍ന്നുവന്ന ആദ്യത്തെ ഏറ്റവും വലിയ സമരങ്ങളിലൊന്നായിരുന്നു ബട്‌ലാഹൗസ്.

പിന്നെ 2004ല്‍ ഗുജറാത്ത് പോലിസ് കൊലപ്പെടുത്തിയ ഇശ്‌റത് ജഹാന്‍ കേസ്, തൊട്ടടുത്ത വര്‍ഷം നടന്ന സുഹ്‌റബുദ്ദീന്‍ ശെയ്ഖ് വധം തുടങ്ങി ബീമാപ്പള്ളി വെടിവയ്പും നിലമ്പൂരിലെ മുജീബിന്റെയും ഭാര്യയുടെയും കൊലപാതകമടക്കം രാജ്യത്തുടനീളം നടന്ന വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ മുഴുവന്‍ ചോദ്യം ചെയ്യപ്പെട്ടുതുടങ്ങി. അതിനു ശേഷം ഇന്നുവരെ മുസ്‌ലിം സമുദായത്തെ സംബന്ധിക്കുന്ന ഒരു ഭരണകൂട അജണ്ടയും ചോദ്യം ചെയ്യപ്പെടാതിരുന്നിട്ടില്ല.
ഒന്നുകില്‍ വ്യാജ ഏറ്റുമുട്ടലുകളില്‍ കൊല ചെയ്യപ്പെടുക, അല്ലെങ്കില്‍ തീര്‍ത്തും വ്യാജമായ ഒരു നീതിന്യായവ്യവസ്ഥയുടെ കോടതിയെന്ന പ്രഹേളികയില്‍ കാലം കഴിക്കുക എന്നീ വഴികള്‍ മാത്രം മുന്നിലുണ്ടായിരുന്ന ഒരു സമുദായം അവിടെ നിന്നു വളര്‍ന്നു പുതിയ സാമൂഹിക-രാഷ്ട്രീയഭാവനകള്‍ നെയ്യുന്നുവെന്നതാണ് നമ്മുടെ കാലത്തെ കാഴ്ച. അത് ഇന്ത്യയെന്ന ഈ പ്രദേശത്തിന്റെ രാഷ്ട്രീയഭാവിയെ പുനര്‍നിര്‍മിക്കുക തന്നെ ചെയ്യും.

Next Story

RELATED STORIES

Share it