kozhikode local

വ്യാജ എടിഎം കാര്‍ഡുപയോഗിച്ച് 3.28 ലക്ഷം അപഹരിച്ചു

കോഴിക്കോട്: വ്യാജ എടിഎം കാര്‍ഡ് ഉപയോഗിച്ച് വിദേശത്ത് താമസിക്കുന്ന എരഞ്ഞിപ്പാലം സ്വദേശിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും മൂന്നേകാല്‍ ലക്ഷത്തോളം രൂപ കവര്‍ന്നതായി പരാതി.
ഖത്തറില്‍ ജോലി ചെയ്യുന്ന എരഞ്ഞിപ്പാലം അല്‍ഹിന്ദിലെ താമസക്കാരനായ അബ്ദുള്‍ സത്താറി(66)ന്റെ കനറാ ബാങ്ക് മാവൂര്‍ റോഡ് ശാഖയിലെ അക്കൗണ്ടില്‍ നിന്നാണ് 3,28,970 രൂപ അപഹരിക്കപ്പെട്ടത്. വെള്ളയില്‍ സ്വദേശിനിയായ വീട്ടമ്മയ്ക്കും ഇത്തരത്തില്‍ പണം നഷ്ടമായി. വെള്ളയില്‍ നല്ലാടത്ത് ടി പി ലളിതയുടെ അക്കൗണ്ടില്‍ നിന്ന് 31,424 രൂപയാണ് അപഹരിച്ചത്.
മാര്‍ച്ച് 18 മുതല്‍ 28 വരെ തിയ്യതികളിലായി ഓണ്‍ലൈന്‍ ഷോപ്പിങ് വഴിയും സംസ്ഥാനത്തിന് പുറത്തെ എടിഎം കൗണ്ടറുകളില്‍ നിന്നുമാണ് അബ്ദുള്‍ സത്താറിന്റെ പണം പിന്‍വലിക്കപ്പെട്ടത്.
ആഗ്ര, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലെ എടിഎം കൗണ്ടറിലൂടെയുമാണ് പണം പിന്‍വലിച്ചതെന്നാണ് നിഗമനം. ബാങ്കില്‍ നിന്നും വെരിഫിക്കേഷന്‍ എന്ന പേരില്‍ എടിഎം പിന്‍ നമ്പറും ഒടിപിയും കരസ്ഥമാക്കി തട്ടിപ്പ് നടത്തുന്ന സംഭവങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും അബ്ദുള്‍ സത്താറിന് അത്തരത്തിലുള്ള ഫോണ്‍ വിളിയൊന്നും വന്നിട്ടില്ല. മറ്റേതെങ്കിലും വിധത്തില്‍ എടിഎം കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ന്നതായാണ് സംശയിക്കുന്നത്. പരാതിയിന്മേല്‍ നടക്കാവ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് സൈബര്‍സെല്ലിന്റെ സഹായത്തോടെ അന്വേഷണം തുടങ്ങി.
അതേസമയം ഫോണില്‍ ബന്ധപ്പെട്ട് എടിഎം കാര്‍ഡിന്റെ വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷമാണ് ലളിതയുടെ പണം അപഹരിച്ചത്. അക്കൗണ്ടിന്റെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനുണ്ടെന്ന് പറഞ്ഞ് ഫോണ്‍ ചെയ്ത സ്ത്രീയ്ക്കു വീട്ടമ്മ വിവരങ്ങള്‍ നല്‍കുകയായിരുന്നു. പിന്നീട് ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് മാര്‍ച്ച് 29നും ഏപ്രില്‍ 2നുമിടയില്‍ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ചതായി വ്യക്തമായത്. ലളിതയുടെ പരാതിയില്‍ വെള്ളയില്‍ പോലിസ് കേസെടുത്തു.
Next Story

RELATED STORIES

Share it