kannur local

വ്യാജരേഖ ചമച്ച് മണല്‍ക്കടത്ത്: വന്‍ ലോബി പ്രവര്‍ത്തിക്കുന്നതായി പോലിസ്

വളപട്ടണം: വ്യാജരേഖ സമര്‍പ്പിച്ച് അഴീക്കല്‍ തുറമുഖത്തുനിന്ന് മണല്‍പാസ് തരപ്പെടുത്തുന്ന വന്‍ ലോബി തന്നെ പ്രവര്‍ത്തിക്കുന്നതായി പോലിസ്. ഇതേക്കുറിച്ച് സമഗ്രാന്വേഷണം തുടങ്ങി.
വ്യാജ കെട്ടിടനിര്‍മാണ അനുമതിയും തിരിച്ചറിയല്‍ കാര്‍ഡുമുണ്ടാക്കി പോര്‍ട്ടില്‍നിന്ന് മണല്‍ കടത്തിയ സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചാല്‍ ബീച്ച് സ്വദേശിയായ മണല്‍ ഏജന്റിനെ വളപട്ടണം പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇതുസംബന്ധിച്ച് അഴീക്കല്‍ സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം നടക്കുന്നത്. ഇത്തരത്തില്‍ പോര്‍ട്ടില്‍നിന്നു മാത്രം കോടിക്കണക്കിന് രൂപയുടെ മണല്‍ തട്ടിയെന്നാണ് സൂചന.
തട്ടിപ്പുസംഘം തയ്യാറാക്കിയ വ്യാജ ബില്‍ഡിങ് പെര്‍മിറ്റടക്കമുള്ള രേഖകള്‍ വെളിച്ചത്തായിട്ടുണ്ട്. ഇത്തരത്തിലുള്ള പെര്‍മിറ്റുകള്‍ വച്ചുള്ള അപേക്ഷ പരിഗണിച്ച് പോര്‍ട്ട് അധികൃതരാണ് മണല്‍പാസ് നല്‍കിയത്. പക്ഷെ അപേക്ഷകരില്‍ ചിലര്‍ക്ക് ഇങ്ങനെ ഒരു ബില്‍ഡിങ് പോലുമില്ലെന്നാണ് പോലിസ് കണ്ടെത്തല്‍. തിരിച്ചറിയല്‍ കാര്‍ഡ് തട്ടിയെടുത്ത് പെര്‍മിറ്റ് തയ്യാറാക്കുന്നവരും തട്ടിപ്പുസംഘത്തിലുണ്ട്. 1500 രൂപയ്ക്ക് മൂന്നുടണ്‍ മണല്‍ ഇത്തരം പാസില്‍ ലഭിക്കുമത്രെ.
ഇത് 10,000 രൂപ ഈടാക്കി മറിച്ചുവില്‍ക്കു കയാണ് സംഘം ചെയ്യുന്നത്. ഓണ്‍ലൈന്‍ വഴിയാണ് അഴീക്കല്‍ പോര്‍ട്ടിലെ മണലിനായി അപേക്ഷ നല്‍കേണ്ടത്. തട്ടിപ്പുസംഘം വ്യാജരേഖ സഹിതം അക്ഷയ കേന്ദ്രങ്ങള്‍ വഴി രജിസ്റ്റര്‍ ചെയ്യുന്നു. ദിനേന നിരവധി അപേക്ഷകള്‍ ഓണലൈന്‍ വഴി വരുന്നതിനാല്‍ ബില്‍ഡിങ് പെര്‍മിറ്റ് സംബന്ധിച്ച് സൂക്ഷ്മപരിശോധന നടത്താറില്ല. ന്യൂമാഹി, ചൊക്ലി ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിമാരുടെ ഒപ്പോടെ കെട്ടിടനിര്‍മാണാനുമതി ഹാജരാക്കി മണല്‍ കടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണു തട്ടിപ്പ് പുറത്തായത്.
ചൊക്ലി സ്വദേശികളായ രണ്ടു യുവതികളുടെ പേരില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കിയാണ് ഓണ്‍ലൈനിലൂടെ മണലിന് അപേക്ഷ നല്‍കിയത്. എന്നാല്‍ ചില സംശയത്തിന്റെ അടിസ്ഥാനത്തില്‍ പോര്‍ട്ട് അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് ഇതു വ്യാജമാണെന്നു ബോധ്യപ്പെട്ടത്.
വില്ലേജ് ഓഫിസിലും പഞ്ചായത്തിലും അന്വേഷിച്ചപ്പോള്‍ ഇങ്ങനെ ഒരു പെര്‍മിറ്റ് അവിടെ നല്‍കിയിട്ടില്ലെന്നും കണ്ടെത്തി. തുടര്‍ന്ന് വളപട്ടണം പോലിസില്‍ പരാതി നല്‍കുകയായിരുന്നു.
Next Story

RELATED STORIES

Share it