ernakulam local

വ്യാജരേഖ ചമച്ച് പതിമൂന്നോളം കാറുകളുമായി മുങ്ങിയ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

കളമശ്ശേരി: വ്യാജരേഖകള്‍ ചമച്ച് വിവിധ ധനകാര്യ സ്ഥാപനങ്ങളെ കബളിപ്പിച്ച് പതിമൂന്നോളം കാറുകളുമായി മുങ്ങിയ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍.
തൃശൂര്‍ തളിക്കുളം സ്വദേശി അബ്ദുല്‍ ലത്തീഫ്(50)നെയാണ് ജില്ലാ ക്രൈംബ്രാഞ്ച് എസ്‌ഐ ഫൈസല്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ ഉണ്ണി, സിവില്‍ പോലിസ് ഓഫിസര്‍ ജോസഫ് ഷാന്റി എന്നിവരാണ് മലപ്പുറത്തുനിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തത്.
തൃശൂരില്‍ ബസ് മുതലാളിയായിരുന്ന ലത്തീഫ് സ്റ്റുഡിയോയില്‍നിന്നും മറ്റു സ്ഥലങ്ങളില്‍നിന്നും മോഷ്ടിച്ചെടുത്ത ഫോട്ടോകള്‍ ഉപയോഗിച്ച് പാന്‍കാര്‍ഡ്, ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ വ്യാജമായി ഉണ്ടാക്കി വാഹന ഡീലേഴ്‌സിനെ സമീപിക്കും. പ്രതി പിന്നീട് തന്ത്രപരമായി പ്രമുഖ ധനകാര്യസ്ഥാപനങ്ങളില്‍ വ്യാജരേഖ ഹാജരാക്കി ലോണ്‍ തരപ്പെടുത്തി വാഹനങ്ങള്‍ സ്വന്തമാക്കും. ശേഷം ഈ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാതെ നമ്പര്‍പതിച്ച് അതിനു പ്രത്യേകം രജിസ്‌ട്രേഷന്‍ രേഖകള്‍ വാഹനങ്ങളില്‍ സൂക്ഷിച്ചതിനുശേഷം ഈ വാഹനങ്ങള്‍ പണയത്തിനും വാടകയ്ക്കും കൊടുത്തുവരികയായിരുന്നു. ഉപയോഗശൂന്യമായ വാഹനങ്ങള്‍ വാങ്ങി അതിന്റെ എന്‍ജിന്‍നമ്പറും ചേസ് നമ്പറും തൃശൂരിലെ ഒരു സ്വകാര്യ ഓട്ടോ മൊബൈല്‍ വര്‍ക്ക് ഷോപ്പിലെ ജീവനക്കാരന്‍വഴി വിദഗ്ധമായി പതിപ്പിച്ചാണ് ലത്തീഫ് വാഹനങ്ങള്‍ കൈകാര്യം ചെയ്തിരുന്നതെന്നു പോലിസ് പറഞ്ഞു.
തൃശൂര്‍ ഈസ്റ്റ് പോലിസ് സ്‌റ്റേഷനിലെ പിടികിട്ടാപ്പുള്ളിയാണ് ഇയാളെന്നും വാഹനങ്ങള്‍ നിയമവിരുദ്ധകാര്യങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും പോലിസ് പറഞ്ഞു.
2014ല്‍ പാലാരിവട്ടത്തെ ഒരു ധനകാര്യ സ്ഥാപനം നല്‍കിയ പരാതിയെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസ് സിറ്റി പോലിസ് കമ്മീഷണര്‍ എം പി ദിനേശിന്റെ ഉത്തരവുപ്രകാരം ക്രൈംബ്രാഞ്ച് അസി. കമ്മീഷണര്‍ സുനില്‍കുമാറിന് കേസ് കൈമാറുകയായിരുന്നു.
പ്രതി മറ്റു ചില ധനകാര്യ സ്ഥാപനങ്ങളേയും വഞ്ചിച്ചു വാഹനങ്ങള്‍ തട്ടിയെടുത്തതായി വെളിപ്പെട്ടിട്ടുണ്ടെന്നും വ്യാജരേഖകള്‍ തയ്യാറാക്കി നല്‍കിയ വ്യക്തിയേയും സ്ഥാപനത്തേയും കുറിച്ച് അന്വേഷിച്ച് വരുന്നുണ്ടെന്നും പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it